article_ഇത്_ചൂടുകാലം,_വേനൽ_ചൂടിനെ_എങ്ങനെ_പ്രതിരോ..._1647858025_9625.jpg
Health

ഇത് ചൂടുകാലം, വേനൽ ചൂടിനെ എങ്ങനെ പ്രതിരോധിക്കാം... ഡോ. ഷർമദ് ഖാൻ

കാലാവസ്ഥയ്ക്കനുസരിച്ച് ഓരോ ജീവജാലങ്ങളും ചൂടും തണുപ്പും കൊണ്ടുള്ള സുഖവും ബുദ്ധിമുട്ടുകളും അറിയേണ്ടി വരും. ചൂട് കൂടുതലായാൽ ശരീരത്തിൻ്റെ സന്തുലിതാവസ്ഥയ്ക്ക് വ്യത്യാസം വരികയും, രോഗമായി പരിണമിക്കുകയും ചെയ്യും.

അതുകൊണ്ട് ചൂട് കൂടുന്ന കാലാവസ്ഥയുള്ളപ്പോൾ ചൂട് കുറയ്ക്കാൻ കഴിയുന്ന ജീവിത രീതിയിലേക്ക് നമ്മൾ തന്നെ മാറുക എന്നുള്ളതാണ് ഏറ്റവും അഭികാമ്യമായ മാർഗ്ഗം. 


അതിനായി ഭക്ഷണത്തിലും ശീലങ്ങളിലും കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ തന്നെ പല രോഗങ്ങളേയും അകറ്റുവാൻ സാധിക്കും.  ജീവിതശൈലീ രോഗങ്ങളുള്ളവരും അതിന്റെ ചികിത്സയിലിരിക്കുന്നവരും ചൂടു കൂടുമ്പോൾ അതിനനുസൃതമായ മുൻകരുതലുകൾ എടുക്കേണ്ടതായി വരും .


വേനൽക്കാലത്തെ അമിതമായ ചൂടും വിയർപ്പും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും രോഗപ്രതിരോധ ശേഷിക്കുണ്ടാകുന്ന കുറവും കാരണമുണ്ടാകുന്ന രോഗങ്ങൾ, ശുദ്ധജല ദൗർലഭ്യവും, കിട്ടുന്ന വെള്ളം ഉപയോഗിക്കേണ്ടി വരുന്നതു കൊണ്ടുണ്ടാകുന്ന ജലജന്യ രോഗങ്ങൾ, കൂടാതെ പാകപ്പെടുത്താതെ ഉപയോഗിക്കുന്ന ആഹാര സാധനങ്ങളിലൂടെയും അല്ലാതെയും ശരീരത്തിനുള്ളിലെത്തുന്ന രോഗാണുക്കൾ കാരണമുണ്ടാകുന്ന വയറിളക്കം, ചർദ്ദി, മഞ്ഞപ്പിത്തം ചിക്കൻപോക്സ് എന്നിവ, പ്രമേഹ രോഗികൾക്കും പൊണ്ണത്തടിയുള്ളവർക്കും ദുർമേദസ്സുള്ളവർക്കും സംഭവിക്കാവുന്ന രോഗവർദ്ധനവ് കാരണമുള്ള മറ്റ് അവസ്ഥകളും വേനൽക്കാലത്ത്  നേരിടേണ്ടതായി വരും. 


അന്തരീക്ഷത്തിൽ ചൂടു കൂടുതലുള്ളപ്പോൾ  ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ആഹാരങ്ങൾ ശീലിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. ചൂടാറ്റിയ പാൽ, പ്രത്യേകിച്ചും എരുമപ്പാൽ, പാൽപ്പായസം, നെയ് കൊണ്ടുള്ള പലഹാരങ്ങൾ, പഴങ്ങൾ, ജ്യൂസുകൾ, മധുരം കൂടുതലുള്ള പഴവർഗ്ഗങ്ങൾ തുടങ്ങിയവ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ സഹായിക്കുന്നവയാണ്. 


കൃത്രിമ പാനീയങ്ങളും കൃത്രിമ ഭക്ഷണങ്ങളുമൊഴിവാക്കി കരിക്കിൻ വെള്ളം, ചൂടാക്കി തണുപ്പിച്ച വെള്ളം, പതിമുഖം രാമച്ചം തുടങ്ങിയവ ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉപയോഗിക്കാം. എന്നാൽ ജീരകം, ചുക്ക്, അയമോദകം, കരിംജീരകം തുടങ്ങിയവയിട്ട് തിളപ്പിച്ച വെള്ളം ചൂട് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. 


കൃത്രിമ വസ്തുക്കളടങ്ങിയിട്ടുള്ള ആഹാര പദാർത്ഥങ്ങളും, മസാല കൂടിയതും, വറുത്തതും പൊരിച്ചതുമായ ആഹാരവും, കേടു കൂടാതെയിരിക്കാൻ വേണ്ടി  ഉപയോഗിക്കുന്ന വസ്തുക്കളും ശരീരത്തിലെ താപനില വർദ്ധിപ്പിക്കുക തന്നെ ചെയ്യും. 


ചായ, കാപ്പി, കോള തുടങ്ങിയവയെക്കാൾ  ശുദ്ധജലത്തിൽ തയ്യാറാക്കിയ മോര്, നാരങ്ങാ വെള്ളം, കൂജയിൽ വെച്ചിരിക്കുന്ന വെള്ളം, മല്ലി ചതച്ചിട്ട് വെച്ചിരുന്ന കഞ്ഞിവെള്ളം തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ലതാണ്. ദാഹം തോന്നിയില്ലെങ്കിലും മൂന്ന് കവിൾ അഥവാ 100 മില്ലി എന്ന അളവിൽ ഒരു ദിവസത്തേക്ക് ഇടയ്ക്കിടയ്ക്ക് 3 ലിറ്ററിലേറെ വെള്ളം  കുടിക്കണം. 


ഉപ്പിന്റെ ഉപയോഗം വേനൽക്കാലത്ത് കുറയ്ക്കേണ്ടതാണ്. എങ്കിലും പെട്ടെന്ന് വെയിൽ കൊണ്ട് ക്ഷീണിച്ച ഒരാളിന് പെട്ടെന്ന് ലവണാംശം ശരീരത്തിൽ ലഭിക്കുന്നതിന് വേണ്ടി കുറഞ്ഞ അളവിൽ ഉപ്പു ചേർത്ത പുളിയുള്ള പാനീയങ്ങൾ നൽകുന്നത് ഫലപ്രദമാണ്. കൂടാതെ മദ്യം ഒഴിവാക്കേണ്ടതാണ്. രാവിലെ 11 മണിക്ക് ശേഷം 3 മണി വരെയുള്ള വെയിൽ കൊള്ളാ തിരിക്കുന്നതാണ് ഉത്തമം. 


വെയിലത്തുള്ള ജോലി ശരീരത്തെ ക്ഷീണിപ്പിക്കുകയും, രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും, രോഗങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ ഈ സമയത്ത് വെയിലത്തു നിന്നുള്ള ജോലി പ്രത്യേക ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ സൂര്യാതാപവും സൂര്യാഘാതവും ഉണ്ടാക്കുന്നതിനും മരണം വരെ സംഭവിക്കുന്നതിനുമിടയാകാം.


വേനൽക്കാലത്ത് ചൂടുവെള്ളത്തിലെ കുളി നല്ലതല്ല. മറ്റാവശ്യങ്ങൾക്കും ചൂടുള്ള വെള്ളം ഉപയോഗിക്കേണ്ടതില്ല. വേനൽകാലത്ത് കണ്ണിനെ പ്രത്യേകം സംരക്ഷിക്കണമെന്നതിനാൽ ഡോക്ടറുടെ നിർദേശമനുസരിച്ച് നേത്ര രോഗങ്ങൾ ഒഴിവാക്കുന്നതിനായുള്ള തുള്ളി മരുന്ന്  ഉപയോഗിക്കാവുന്നതാണ്. ധാരാളം വെയിൽ കൊള്ളുന്ന ആൾക്കാർ, പുറത്തിറങ്ങി നടക്കേണ്ടി വരുമ്പോൾ കണ്ണട, കുട തുടങ്ങിയവ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


വസ്ത്രങ്ങൾ മങ്ങിയ നിറത്തിലുള്ളവയും, അയഞ്ഞതും, പരുത്തി കൊണ്ട് നിർമ്മിച്ചതുമായിരിക്കണം. വിയർപ്പു പുരണ്ട വസ്ത്രങ്ങൾ വീണ്ടും ഉപയോഗിച്ചാൽ ത്വക് രോഗം വർദ്ധിക്കാനിടയുണ്ട്. കാരറ്റ്, ബീറ്റ്റൂട്ട്, മാതളം, കരിക്കിൻ വെള്ളം, ഏലത്തരി ചേർത്ത കരിക്കിൻ വെള്ളം, വാഴപ്പിണ്ടി നീര്, വെള്ളരിക്ക, കുമ്പളങ്ങ, ശുദ്ധജലത്തിൽ ഉണ്ടാക്കിയ മോരിൻ വെള്ളം തുടങ്ങിയവയുടെ ഉപയോഗവും വർദ്ധിപ്പിക്കണം. പാനീയങ്ങളെല്ലാം തന്നെ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് നിർമ്മിക്കുന്നതാണ് നല്ലത്.

(ലേഖകൻ: ഡോ. ഷർമദ് ഖാൻ, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം. ഫോൺ: 94479 63481).

അന്തരീക്ഷത്തിൽ ചൂടു കൂടുതലുള്ളപ്പോൾ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ആഹാരങ്ങൾ ശീലിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.

0 Comments

Leave a comment