article_മൂത്രാശയ_രോഗങ്ങൾ_1694630587_8010.jpg
Health

മൂത്രാശയ രോഗങ്ങൾ

വൃക്കകൾ, മൂത്രവാഹിനി കുഴലുകൾ, അവ ചെന്നുചേരുന്ന മൂത്രസഞ്ചി, മൂത്രനാളി എന്നിവയാണ് മൂത്രാശയ പഥത്തിലെ അവയവങ്ങൾ. രക്തത്തിലെ മാലിന്യങ്ങളും അധികമായ ജലാംശവും ആഗിരണം ചെയ്ത് ദ്രാവകരൂപത്തിലാക്കി മൂത്രമായി ശരീരത്തിൽ നിന്നും  പുറന്തള്ളുക എന്നതാണ് ഇവയുടെ ജോലി. ഈ ഭാഗങ്ങളിലോ, അഡ്രിനൽ ഗ്ലാൻഡ്, ടെസ്റ്റിസ് എന്നിവയ്ക്കോ ഉണ്ടാകുന്ന എല്ലാ അണുബാധകളും മൂത്രാശയ രോഗങ്ങളിൽ ഉൾപ്പെടുന്നു.  മൂത്രാശയ പഥത്തിലെ ഘടനാപരമായ വൈകല്യങ്ങളും രോഗത്തിന് കാരണമാകും.

മൂത്രസഞ്ചിയിൽ ഏകദേശം 200 മുതൽ 400 മില്ലി വരെ മൂത്രം എത്തുമ്പോൾ സംവേദനങ്ങൾ തലച്ചോറിലെത്തുകയും തൽഫലമായി മൂത്രത്തെ  പുറന്തള്ളുവാനുള്ള സന്ദേശം നൽകുകയും ചെയ്യും. ഏകദേശം 500 മില്ലി വരെ മൂത്രം ഒന്നു മുതൽ അഞ്ച് മണിക്കൂർ വരെ പിടിച്ചു നിർത്തുവാൻ  മൂത്രസഞ്ചിക്ക് കഴിവുണ്ട്. രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കുന്ന ഒരാളിന് 800 മില്ലി മുതൽ രണ്ട് ലിറ്റർ വരെ ദിവസവും മൂത്രമായി പോകാം. എന്നാൽ രക്താതിമർദ്ദം (ഹൈപ്പർ ടെൻഷൻ) കുറയ്ക്കുവാനുള്ള മരുന്നുകൾ, മദ്യം, ചായ, കാപ്പി,  മാനസികപിരിമുറുക്കം തുടങ്ങിയവ മൂത്രത്തിന്റെ അളവിനെ വർദ്ധിപ്പിക്കുന്നു.


മൂത്രത്തിലെ പഴുപ്പ്, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമോ അണുബാധയോ, മൂത്രസഞ്ചിയിലെ അണുബാധ, വൃക്കയിലുണ്ടാകുന്ന കല്ല്, അത് കാരണമുള്ള അണുബാധ, വൃക്കകളിലെ ഘടനാപരമായ വ്യത്യാസങ്ങൾ, മൂത്രം തടഞ്ഞുനിർത്താൻ കഴിയാതെ വരിക, മൂത്രം തടസ്സപ്പെടുന്നതിലൂടെ വൃക്കയിലേക്ക് മൂത്രം അല്പാല്പമായി തിരിച്ചു കയറുക, മൂത്രത്തിലൂടെ രക്തം പോവുക എന്നിങ്ങനെയുള്ള രോഗങ്ങളായാണ് മൂത്രാശയരോഗങ്ങൾ സാധാരണ കാണുന്നത്.

ഇവയിൽ തന്നെ സർവ്വസാധാരണമായി കാണുന്നതാണ് മൂത്രത്തിലെ പഴുപ്പ്. താരതമ്യേന മൂത്രസഞ്ചിയുടെ അധോഭാഗത്തെ മാത്രം ആശ്രയിച്ചുണ്ടാകുന്ന അണുബാധയിൽ മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, പുകച്ചിൽ, ചുടിച്ചിൽ, അടിവയർ വേദന, ശക്തമല്ലാത്ത ഇടവിട്ടുള്ള പനി എന്നിവയായിരിക്കും ലക്ഷണങ്ങൾ. അണുബാധ കൂടുതൽ ഗൗരവമുള്ളതാകുമ്പോൾ  അതിയായ വിറയലോടും കുളിരോടും കൂടിയ ശക്തമായ പനി, ഛർദ്ദി, വയറുവേദന,  മൂത്രത്തിൽ രക്തം കലർന്ന് പോവുക, നട്ടെല്ലിന് ഇരുവശത്തും വേദന, ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക എന്നിവ കാണാം. ഈ അവസ്ഥയിൽ വൃക്കകളിലും മൂത്ര വാഹിനി കുഴലുകളിലും അണുബാധ ഉണ്ടായിരിക്കാം.

സ്ത്രീകളിൽ സാധാരണ കാണുന്ന അണുബാധ ഗൗരവം കുറഞ്ഞതും, പുരുഷന്മാരിൽ  ഗൗരവമേറിയതുമായിരിക്കും. മൂത്രാശയ അവയവങ്ങളുടെ ഘടനാപരമായ വ്യത്യാസം കാരണമാണിത്. ഏതായാലും  മൂത്രാശയ പഥത്തെ ബാധിക്കുന്ന രോഗങ്ങളുടെ  യഥാർത്ഥ കാരണം  എന്തെന്ന് മനസ്സിലാക്കേണ്ടത് വളരെ അനിവാര്യമാണ്. കുടലിൽ സ്ഥിതിചെയ്യുന്ന ഇ-കോളി എന്ന ബാക്ടീരിയയുടെ എണ്ണത്തിലുള്ള വർദ്ധനവ്, മൂത്രത്തിലെ പ്രോട്ടീൻ,  ഗ്ലൂക്കോസിന്റെ വർദ്ധനവ്, ലൈംഗികബന്ധത്തിലൂടെ സംക്രമിക്കുന്ന രോഗങ്ങൾ, ഉയർന്ന തോതിൽ അധികനാൾ നിലനിൽക്കുന്ന പ്രമേഹം, ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക,  മൂത്രമൊഴിക്കാതിരിക്കുക, തുടരെത്തുടരെ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ, മൂത്രം പോകുന്നതിനായി അധികനാൾ ഉപയോഗിക്കേണ്ടിവരുന്ന യൂറിനറി കത്തീറ്റർ, ഗർഭാശയം താഴേക്ക് ഇറങ്ങി വരുന്ന അവസ്ഥ, മൂത്രാശയവുമായി  ബന്ധപ്പെട്ട മാംസപേശികളുടെ തകരാറുകൾ, മൂത്രം പിടിച്ചു നിർത്തൽ, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇല്ലാതിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് മൂത്രാശയ രോഗങ്ങളുണ്ടാക്കുന്നത്.

കുട്ടികളിൽ കാണുന്ന മൂത്രത്തിലെ പഴുപ്പ് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. അവ മൂത്രാശയ അവയവങ്ങളിലെ ഘടനാപരമായ വൈകല്യങ്ങളോ മൂത്ര പഥത്തിലെ തടസ്സങ്ങളോ കാരണമുണ്ടായ ബുദ്ധിമുട്ടല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചെറിയ കുട്ടികളിൽ അമിതമായി ഡയാപ്പറുകൾ ഉപയോഗിക്കുന്നതും മൂത്രത്തിൽ പഴുപ്പിന് കാരണമാകാറുണ്ട്. ആൺകുട്ടികളിൽ മൂത്രനാളിയുടെ വൃത്തിയില്ലായ്മയും മൂത്രത്തിലെ പഴുപ്പിനു കാരണമാകും.

ഗൗരവം കുറഞ്ഞ രീതിയിലുള്ള  മൂത്രാശയ പഴുപ്പിൽ ആവശ്യത്തിന് വെള്ളം കുടിക്കുകയോ, ശരിയായി മൂത്രമൊഴിക്കുകയോ,വ്യക്തിപരമായ ശുചിത്വം വർദ്ധിപ്പിക്കുകയോ ചെയ്താൽ ശമനമുണ്ടാകാറുണ്ട്. എന്നാൽ ഇടയ്ക്കിടെയുണ്ടാകുന്ന മൂത്രാശയ പഴുപ്പിൽ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിലോ, കാരണമറിയാതെയുള്ള ചികിത്സ കൊണ്ടോ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് മാറാം. വെള്ളം അധികം കുടിക്കുവാൻ പാടില്ലാത്ത ചില രോഗങ്ങളിൽ മൂത്രാശയ അണുബാധയാണെന്ന് തെറ്റിദ്ധരിച്ച്  ആവശ്യത്തിലേറെ വെള്ളം കുടിക്കുന്നത് കുഴപ്പത്തെ ഉണ്ടാക്കാം.

മൂത്രാശയ സംബന്ധമായുണ്ടാകുന്ന
രോഗങ്ങൾ മൂത്രാശയത്തെ ആശ്രയിച്ചുണ്ടാകുന്ന ക്യാൻസർ രോഗമല്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. നടുവേദന, ഇടുപ്പെല്ലിലെ വേദന, മൂത്രം പോകുമ്പോൾ വേദന, കൂടെക്കൂടെ മൂത്രം പോക്ക്, മൂത്രത്തിൽ രക്തം കലരുക എന്നിവ ക്യാൻസർ പോലുള്ള രോഗങ്ങളല്ലെന്ന് ഉറപ്പാക്കേണ്ടി വരും.

സാധാരണയായി ഒരാൾ നാലു മുതൽ  ആറ് തവണയെങ്കിലും മൂത്രമൊഴിക്കേണ്ടി വരും. ഇതിൽ കൂടുതൽ മൂത്രമൊഴിക്കേണ്ടി വരുന്നത് മൂത്രാശയ രോഗത്തിന്റെ പൊതുവായ ലക്ഷണമായി മനസ്സിലാക്കണം. ശരിയായ ജീവിതരീതികൾ പാലിക്കുന്നതിനൊപ്പം ഭക്ഷണവും  ആവശ്യത്തിനു മരുന്നും ഉപയോഗിച്ചാൽ  രോഗം ഗുരുതരമായ അവസ്ഥയിലേക്കെത്താതെ ഫലപ്രദമായി തടയാം. അതിനായി സസ്യാഹാരം, എരിവും പുളിയും ചൂടും കുറഞ്ഞ ആഹാരം, മസാലയും ഉപ്പും കുറഞ്ഞവ, പഴവർഗ്ഗങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകണം. കിഡ്നി രോഗികൾ പൊട്ടാസ്യം അടങ്ങിയ പഴവർഗ്ഗങ്ങൾ, ആട്ടിറച്ചി, മുട്ട  തുടങ്ങിയവ ഒഴിവാക്കണം.

തുടരെ തുടരെയുണ്ടാകുന്ന മൂത്രാശയ രോഗങ്ങളെ ചികിത്സിക്കുന്നതിനായി വീര്യമേറിയ മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നവർക്ക് കൂടുതൽ ഗൗരവമായ മറ്റ് രോഗങ്ങളും ഉണ്ടാകാനിടയുണ്ട്. അതിനാൽ കൂടുതൽ സുരക്ഷിതമായ ആയുർവേദ ചികിത്സകൾക്ക് പ്രാധാന്യം നൽകുന്നതാണ് നല്ലത്.

ലേഖകൻ: ഡോ. ഷർമദ് ഖാൻ BAMS, MD, (ആയുർവേദം) സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം)

സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ലേഖകൻ: ഡോ. ഷർമദ് ഖാൻ BAMS, MD, (ആയുർവേദം) സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം) സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

0 Comments

Leave a comment