തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി, ഇലന്തൂർ നരബലിക്കേസിലെ പ്രതി ലൈല, പാറശാല ഷാരോൺ വധക്കേസിലെ ഗ്രീഷ്മ... കേരളം ഭീതിയോടെ കേൾക്കുന്ന പേരുകൾ. കൊലപാതക കേസുകളിൽ ഉൾപ്പടെ കേരളത്തിൽ നിരവധി സ്ത്രീകൾ അറസ്റ്റിലായിട്ടുണ്ടെങ്കിലും കൊലപാതകങ്ങൾക്ക് തിരഞ്ഞെടുത്ത വ്യത്യസ്ത രീതികൊണ്ടാണ് ഇവർ കുപ്രസിദ്ധരായത്. ഇതിൽ കൂടത്തായി കേസിലെ പ്രതി ജോളി പ്രശസ്ത അമേരിക്കൻ ദിനപത്രം ദ ന്യൂയോർക്ക് ടൈംസിൽ പോലും ഇടം പിടിച്ചു. പ്ലസ്ടു യോഗ്യത മാത്രമുള്ള ജോളി എന്ന വീട്ടമ്മ എൻ ഐ ടി പ്രൊഫസറായി വർഷങ്ങളോളം വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ച് ഉറ്റബന്ധുക്കളെ കൊന്നതും കേരളം ഞെട്ടലോടെയാണ് കേട്ടത്.
കുടുംബത്തിലെ ആറുപേരെ ആർക്കും ഒരു സംശയത്തിനും ഇടനൽകാതെയാണ് ജോളി കാലപുരിക്കയച്ചത്. പതിനാല് വർഷങ്ങൾ കൊണ്ടായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. ആർക്കും ഒരു സംശയത്തിനും ഇടനൽകിയില്ലെങ്കിലും ഇടയ്ക്കൊന്ന് പാളി. അതോടെ പിടിവീണു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാന്ന് കൊല്ലപ്പെട്ടത്. സ്വത്തുക്കൾ കൈക്കലാക്കുന്നതിനുവേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019 ജൂലായിലാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്. എന്നാൽ പലകാരണങ്ങൾ കൊണ്ടും അന്വേഷണം വേണ്ടത്ര മുന്നോട്ടുപോയില്ല. ഇതിനിടെയാണ് കെ ജി സൈമൺ എന്ന പ്രഗത്ഭനായ പൊലീസ് ഉദ്യോഗസ്ഥൻ റൂറൽ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നത്. പരാതി ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളം ഞെട്ടിയ കൊലപാതക പരമ്പരയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. പരിശോധനയിൽ കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.
പിശാചിനേക്കാൾ ക്രൂരം ലൈല
ഒരു സ്ത്രീയ്ക്ക് ഇത്രത്തോളം ക്രൂരയാകാൻ കഴിയുമോ എന്നാണ് ഇലന്തൂർ നരബലിക്കേസിൽ അറസ്റ്റിലായ ലൈലയുടെ ചെയ്തികൾ ഒന്നൊന്നായി പുറത്തുവന്നപ്പോൾ കേരളം ചാേദിച്ചത്. സ്വത്ത് കിട്ടാനുള്ള അതിമാേഹത്തിൽ രണ്ട് സ്ത്രീകളെയാണ് സ്വന്തം ഭർത്താവിനും മറ്റൊരാൾക്കുമൊപ്പം ചേർന്ന് കൊന്നത്. കൈകാലുകൾ ബന്ധിക്കപ്പെട്ട ഇരകളുടെ രഹസ്യ ഭാഗങ്ങളിലുൾപ്പടെ മൂർച്ചയേറിയ കത്തി കുത്തിയിറക്കുകയും ചീറ്റിത്തെറിച്ച ചുടുചോര ആഭിചാര കർമ്മത്തിനായി ശേഖരിച്ചതും ലൈലയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്കുശേഷം മൃതദേഹങ്ങളിൽ നിന്ന് മാറിടങ്ങൾ ഉൾപ്പടെ അറുത്തുമാറ്റുകയും അവ പാകംചെയ്ത് ഭക്ഷിക്കുകയും ചെയ്തു.