/uploads/news/2338-IMG_20211011_105917.jpg
Crime

ചന്തവിളയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ


കഴക്കൂട്ടം: ചന്തവിളയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ബൈക്കിലിടിച്ചു കയറി മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം, വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയും എറണാകുളം, കോതമംഗലം, ചെറുരത്തൂർ, ചിറക്കര ഹൗസിൽ ഹരിയുടെ മകൻ നിതിൻ.സി.ഹരി (21) യാണ് അപകടത്തിൽ മരണമടഞ്ഞത്. ഇതേ കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ കൊല്ലം, കൊട്ടാരക്കര സ്വദേശി വിഷ്ണു (21) വാണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. കെ.എൽ 16 H 9595 ഇന്നോവ കാറാണ് വിദ്യാർത്ഥികൾ സഞ്ചരിച്ച യൂണിക്കോൺ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഇന്നോവ കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റ നിലയിൽ ആശുപത്രിയിലാണെന്ന് പോത്തൻകോട് പോലീസ് അറിയിച്ചു. അപകടത്തിൽ പെട്ട കാറിൽ പൊട്ടിച്ച് പകുതി ഉപയോഗിച്ച രീതിയിൽ മദ്യ കുപ്പിയും ഗ്ലാസുകളും മിനറൽ വാട്ടറുമടക്കമുണ്ടായിരുന്നു. ഇന്നലെ വെളുപ്പിന് 4:00 മണിയോടെയാണ് ചന്തവിള - കഴക്കൂട്ടം ബൈപ്പാസ് റോഡിൽ കിൻഫ്രാ പാർക്കിന് സമീപത്തെ വളവിൽ വെച്ച് അപകടമുണ്ടായത്. ഇന്നോവ കാർ വെട്ടുറോഡ് ഭാഗത്ത് നിന്ന് പോത്തൻകോട്ടേക്ക് വരവേ എതിരെ വന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 2 വിദ്യാർത്ഥികളും റോഡിലേയ്ക്ക് തെറിച്ച് വീണു. ഓടിക്കൂടിയ പരിസരവാസികൾ 108 ആംബുലൻസിലും മറ്റ് വാഹനങ്ങളിലുമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ വഴി മദ്ധ്യേ മിഥുൻ ഹരി മരണപ്പെടുകയായിരുന്നു. അപകടത്തിൽ ഇന്നോവ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്. കൂടാതെ അപകടത്തിൽപ്പെട്ട ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്. മിഥുൻ ഹരിയും, വിഷ്ണുവും പോത്തൻകോട് ഭാഗത്ത് നിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. മരിച്ച മിഥുൻ ഞയറാഴ്ച വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ മിഥുന്റെ മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിൽ പൊതു ദർശനത്തിന് വെച്ച ശേഷം കോതമംഗലത്തെ വീട്ടിലേയ്ക്ക് കൊണ്ട് പോയി.

ചന്തവിളയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ

0 Comments

Leave a comment