/uploads/news/227-1547825210688_IMG-20190118-WA0018.jpg
Local

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് പ്ലംബിംഗ് തൊഴിലാളി മരിച്ചു


കഴക്കൂട്ടം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് പ്ലംബിംഗ് തൊഴിലാളി മരിച്ചു. ആനയറ ചാത്തൻപാറ പാട്ടത്തിൻകര വീട്ടിൽ സത്യശീലൻ (ശങ്കർ-46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 യോടെ കരിച്ചാറയ്ക്കടുത്തുള്ള ചെറുകായൽകര പാലത്തിനടുത്തു വച്ചാണ് സംഭവം. കുടുംബ വീടായ മുരുക്കുംപുഴയിൽ നിന്ന് ജോലി കഴിഞ്ഞ് ആനറയിലേക്ക് പോകുമ്പോൾ കൊടും വളവും കുത്തനെയുള്ള ഇറക്കവും കഴിഞ്ഞ് വന്ന ബൈക്ക് വീതി കുറഞ്ഞ റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ലോറി രാവിലെ മുതൽ ആക്സിലൊടിഞ്ഞ് കിടക്കുകയായിരുന്നു. മംഗലപുരം പൊലീസും സമീപവാസികളും സ്ഥലത്ത് എത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സത്യശീലനെ കണിയാപുരത്ത് നിന്നെത്തിയ ആമ്പുലൻസിൽ കയറ്റി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് വിട്ടെങ്കിലും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ വിട്ടിട്ട് അവർ കടക്കുകയായിരുന്നു. ഇതിനിടെ അപകടവിവരമറിഞ്ഞ് സത്യശീലനെ തേടി ബന്ധുക്കൾ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. അവിടെ കാണാത്തതിനെ തുടർന്ന് തിരിക്കുന്നതിനിടയിലാണ് സത്യശീലൻ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചതായി അറിഞ്ഞത്. ഉടനെ കഴക്കൂട്ടം പൊലീസ് മരണവിവരം മംഗലപുരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിക്കാത്തതിനെതിരെ ആമ്പുലൻസുകാർക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭാര്യ റാണിയെന്ന് വിളിക്കുന്ന ഷീന. അച്ഛൻ സുകുമാരൻ. നേരത്തെ ഗൾഫിലായിരുന്ന സത്യശീലൻ എട്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. മിക്ക ദിവസങ്ങളിലും മുരുക്കുംപുഴയിൽ ജോലിക്ക് വരാറുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം വൈകിട്ടോടെ ശാന്തികവാടത്തിൽ സംസ്കരിച്ചു.

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് പ്ലംബിംഗ് തൊഴിലാളി മരിച്ചു

0 Comments

Leave a comment