മംഗലപുരം: ദേശീയ പാതയിൽ പള്ളിപ്പുറം ടെക്നോ സിറ്റിയ്ക്ക് മുന്നിൽ വച്ച് സ്വർണ്ണ വ്യാപാരിയെ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണം കവർച്ച ചെയ്ത കേസിലെ 2 പ്രതികളെക്കൂടി പോലീസ് പിടികൂടി. കഴക്കൂട്ടത്ത് ലോഡ്ജിൽ മുറിയെടുത്ത് കവർച്ച ആസൂത്രണം ചെയ്യുന്നതിനും സ്വർണ്ണവുമായി വന്ന വാഹനത്തിൻ്റെ ലൊക്കേഷൻ എത്തിച്ചു കൊടുക്കുകയും മോഷണ മുതൽ കൈമാറ്റം ചെയ്യുകയും ചെയ്ത 14-ാം പ്രതി കഴക്കൂട്ടം മേൽപ്പാലത്തിന് സമീപം കരിയിൽ മണക്കാട്ടു വിളാകം വീട്ടിൽ സജാദ് (25), 15-ാം പ്രതി പള്ളിപ്പുറം, കണിയാപുരം, മുസ്ലിം ഹൈസ്കൂളിന് സമീപം, ഷാഹിൻ മൻസിലിൽ, ഷഹിൻ (20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 9ന് രാത്രി 8 മണിയോട് കൂടിയാണ് സംഭവം. നെയ്യാറ്റിൻകരയിൽ ജൂവലറി നടത്തുന്ന മഹാരാഷ്ട്രക്കാരനായ സ്വർണ്ണ വ്യാപാരിയാണ് സമ്പത്ത്. ഒരു വെള്ള എർട്ടിഗ കാറിലും ഒരു ചുവന്ന സ്വിഫ്റ്റ് കാറിലുമായി വന്ന പ്രതികളാണ് സമ്പത്തിനെ ആക്രമിച്ച് 100 പവനോളം സ്വർണ്ണം കവർച്ച ചെയ്തത്. സമ്പത്തിൻ്റെ കാറിനെ പിന്തുടർന്ന് രണ്ടു കാറുകളിലായി എത്തിയ എട്ടംഗ സംഘം കാർ തടഞ്ഞ് സമ്പത്തിന്റെ മുഖത്ത് മുളക് പൊടി വിതറി കൈയിൽ വെട്ടിയ ശേഷമാണ് സ്വർണം തട്ടിയെടുത്തത്. തുടർന്ന് അക്രമികൾ ഒപ്പമുണ്ടായിരുന്ന സമ്പത്തിൻ്റെ ബന്ധുവിനെയും ഡ്രൈവറായ അരുണിനെയും ബലമായി ഇരു കാറുകളിലുമായി പിടിച്ചു കയറ്റി കൊണ്ടു പോയി ദേഹപരിശോധന നടത്തിയ ശേഷം വഴിയിൽ തള്ളിയിട്ട് സ്വർണ്ണാഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു. കേസിലെ 13 പ്രതികളെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെയാണ് 2 പ്രതികളെക്കൂടി ഇന്നലെ കഴക്കൂട്ടത്തു നിന്നും പിടികൂടിയത്. പ്രതികളുടെ അറസ്റ്റോടു കൂടി സ്വർണ്ണ കവർച്ച സംബന്ധിച്ച് നിർണ്ണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ആറ്റിങ്ങൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേയ്ക്ക് റിമാൻ്റ് ചെയ്തു. കേസിലെ കവർച്ച ചെയ്യപ്പെട്ട പകുതിയോളം സ്വർണ്ണാഭരണങ്ങളും പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച 5 കാറുകളും 4 മോട്ടോർ ബൈക്കുകളും പോലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കഴക്കൂട്ടത്തു നിന്നും മംഗലപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.ടോംസൺ അന്വേഷണ സംഘത്തിലുള്ള ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ക്രൈം എസ്.ഐ ജ്യോതിഷ്കുമാർ, എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ പോലീസ് ഷാഡോ അംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൻ്റെ അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഹരിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയാണ്.