ജ്യോതിനിലയം ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ദിനാചരണം

കഴക്കൂട്ടം : സെന്റ്. ആൻഡ്രൂസ് ജ്യോതിനിലയം ഹയർ സെക്കന്ററി സ്കൂൾ ജൂൺ 5 പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നു. പള്ളിത്തുറ മുതൽ പെരുമാതുറ വരെയുള്ള പന്ത്രണ്ടര കിലോമീറ്റർ കടൽത്തീര പ്രദേശം പ്ലാസ്റ്റിക് വിമുക്തമാക്കുവാനും വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുവാനുമുള്ള തീവ്രയജ്ഞ പ്രവർത്തനത്തിൽ ജ്യോതിനിലയം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടാതെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. കഠിനംകുളം പഞ്ചായത്തിന്റെയും സർക്കാർ ആരോഗ്യവകുപ്പിന്റയും അതാത് പ്രദേശങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളുടെയും ജുമാ മസ്ജിദുകളുടെയും പിന്തുണയോടെയാണ് ജ്യോതിനിലയം ഈ ഉദ്യമം നടപ്പിലാക്കുന്നത്. ഓഖി ദുരന്തത്തെ തുടർന്ന് കടൽത്തീരമാകെ മലിനമായിരിക്കുന്ന സാഹചര്യത്തിൽ കേരള സർക്കാരിന്റെ 'ഹരിത കേരളം' എന്ന ആശയം ഉൾക്കൊണ്ടും കുട്ടികളെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മാഹാത്മ്യം ബോധ്യപ്പെടുത്തുവാനുമാണ് ജ്യോതിനിലയം ഈ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നതെന്ന് കഴക്കൂട്ടം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ ജ്യോതിനിലയം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ അർച്ചന പോൾ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ഒരു വിദ്യാലയം ആദ്യമായാണ് ഇത്ര വിപുലമായ ഒരു കടൽത്തീര മാലിന്യ നിർമ്മാർജ്ജനവും (പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ചു ജൈവ വസ്തുക്കൾ കുഴിച്ചു മൂടുന്ന ) മരം നടലും ഏറ്റെടുത്തിരിക്കുന്നതെന്ന് പി.ടി.എ പ്രസിഡന്റ്‌ സുനിൽ ജോൺ അഭിപ്രാപ്പെട്ടു. 50 വിദ്യാർഥികൾ വീതമുള്ള 40 സംഘങ്ങളായി കുട്ടികളെ തരം തിരിച്ചു 300 മീറ്റർ ഇടവിട്ടാണ് വൃത്തിയാക്കുവാനായി ടീം അംഗങ്ങളെ രംഗത്തിറക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുകയും മറ്റുള്ളവ കുഴിച്ചു മൂടുകയും ചെയ്യും. തുടർന്ന് വനം വകുപ്പിൽ നിന്നും ലഭിച്ച കടൽത്തീരത്തിന് അനുയോജ്യമായ 2000 വൃക്ഷത്തൈകൾ നടും. തുടർന്നും വൃക്ഷതൈകളുടെ പരിപാലനം ഓരോപ്രദേശത്തെയും വിദ്യാർത്ഥികൾ നിർവഹിക്കുമെന്ന് അറിയിച്ചു. ജൂൺ 5 രാവിലെ 9 മണിക്ക് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യും. കഠിനംകുളം പഞ്ചായത്ത്പ്രസിഡന്റ് പി ഫെലിക്സ് ആശംസകൾ അർപ്പിക്കും. കടലോര ശുദ്ധീകരണ പ്രവർത്തനത്തിലും വൃക്ഷത്തൈ നടലിലും പരിസ്ഥിതി സ്നേഹികളുടെ പിന്തുണയും സഹകരണവുംജ്യോതിനിലയം എച്ച് എസ്. എസ്. പ്രിൻസിപ്പൽ റവ. സിസ്റ്റർ അർച്ചന പോളും പി. ടി. എ. പ്രസിഡന്റ് സുനിൽ ജോണും പത്ര സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.