കഴക്കൂട്ടം: മുപ്പത്തിയഞ്ച് കൊല്ലത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കഴക്കൂട്ടം അമ്പലത്തിൻകര കോളനി നിവാസികൾക്ക് പട്ടയം ലഭ്യമാക്കാൻ മുൻകൈയെടുത്ത മന്തി കടകംപള്ളി സുരേന്ദ്രനും മേയർ വി കെ പ്രശാന്തിനും അമ്പലത്തിൻകര പൗരാവലിയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി. ടെക്നോപാർക്കിനും കാര്യവട്ടം യുണിവേഴ്സിറ്റി കാമ്പസിനും ഇടയിൽ ദേശീയ പാതയോട് ചേർന്ന് കിടക്കുന്ന അമ്പലത്തിൻകര കോളനിയിലെ 39 കുടുംബങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് ജനപ്രതിനിധികളുടെ ശക്തമായ ഇടപെടലിലൂടെ സാധ്യമായത്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ വേളയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 39 കുടുംബങ്ങളും പട്ടയം ഏറ്റുവാങ്ങിയിരുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആവശ്യം അംഗീകരിച്ച് കിട്ടിയതിന്റെ ആവേശത്തിലാണ് കോളനി നിവാസികൾ ഒന്നടങ്കം മന്ത്രിക്കും മേയർക്കും ഗംഭീര വരവേൽപ് നൽകിയത്. ടെക്നോപാർക്കിന്റെ വരവോടെ കഴക്കൂട്ടത്തിന്റേയും പരിസരപ്രദേശങ്ങളുടേയും മുഖഛായ മാറിയെങ്കിലും കഴക്കുട്ടം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി സ്വീവേജ് പ്രശ്നമാണെന്നും ഇതിന് പരിഹാരമുണ്ടാക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും ഇക്കാര്യത്തിൽ ജനങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതോടൊപ്പം  നഗരസഭയുടെ നേതൃത്വത്തിൽ അമ്പലത്തിൻകര കോളനിയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കോളനിയിലുള്ള മുഴുവൻ റോഡും കോൺക്രീറ്റ് ചെയ്യുകയും മണ്ണിടിച്ചിൽ ഭീഷണിയിലായ വീടുകൾക്ക് സംരക്ഷണ ഭിത്തിയും നിർമ്മിച്ചു. ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുകിണർ നവീകരിക്കുകയും ഇതിൽ നിന്ന് എല്ലാ കുടുംബങ്ങൾക്കും പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിച്ചു. 39 ലക്ഷം ചെലവഴിച്ചാണ് കോർപറേഷൻ ഈ പദ്ധതികൾ പൂർത്തീകരിച്ചത്. മേയർ വികെ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാതാരം കഴക്കൂട്ടം പ്രേംകുമാർ, ഡിവൈഎഫ്എെ ബ്ലോക്ക് സെക്രട്ടറി പ്രശാന്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി. ധർമ്മപാലൻ., ബ്രാഞ്ച് സെക്രട്ടറി ബിജു എസ് അമ്പലത്തിൻകര, ലോക്കൽ കമ്മറ്റി അംഗങ്ങളായ എ. സതീശൻ, റ്റി. ആർ. സുരേഷ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് എരുമേലി 'തുടി' നാട്ടറിവ് പാട്ട് കൂട്ടം നാടൻ പാട്ടുകൾ അരങ്ങേറി.