രണ്ടു നൂറ്റാണ്ടിലേറെക്കാലം അതി ശക്തരായ സാമ്രാജ്യത്വവുമായി രക്തം ചിന്തിയും ചിന്താതെയും നടത്തിയ ധീരമായ പോരാട്ടത്തിന്റെ ഫലമാണ് 1947-ൽ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം നാം ജനാധിപത്യപരമായി ഉപയോഗിക്കാൻ തീരുമാനിക്കുകയും വിശാലമായ അർത്ഥത്തിൽ ഒരു ഭരണഘടന രൂപീകരിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 71 വർഷമായി നാം സ്വയം ഇന്ത്യ ഭരിക്കുന്നു. പക്ഷെ, പല ഘട്ടത്തിലും സ്വാതന്ത്ര്യം ഭരണ കൂടങ്ങൾക്ക് മാത്രവും ജനങ്ങൾക്ക് ഇല്ലാതാവുകയും ചെയ്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഈ സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങൾ അനുഭവിക്കാൻ കഴിയാത്തവരായി ഇന്നും തുടരുകയാണ്. അഴിമതിയും വർഗീയതയും മറ്റു ഹിംസാത്മക നയങ്ങളും, ജനങ്ങളും ഭരണകൂടങ്ങളും തമ്മിലുള്ള ദൂരം വളരെയധികം വർധിപ്പിച്ചിരിക്കുന്നു. സ്വാതന്ത്ര്യം ഒരു രാജ്യത്തിനു മാത്രമല്ല ഓരോ ജനങ്ങൾക്കും അവകാശപെട്ടതാണ്. എന്ന് തിരിച്ചറിയുന്ന സ്വരാജ് എന്ന തത്വത്തിലേക്ക് ഇനിയും നമുക്ക് ഒട്ടേറെ മുന്നോട്ടു പോകാനുണ്ട്. ഇപ്പോൾ ഇന്ത്യയുടെ അടിസ്ഥാന ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമൊക്കെ നമുക്കിന്നു വേണ്ടാത്ത പദങ്ങളാണ് എന്നു ഭരണകൂടം തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ നൂറ്റാണ്ടുകളായി പോരാടി ജീവനും ജീവിതവും കളഞ്ഞ ജനലക്ഷങ്ങളെ ഓർത്തു കൊണ്ട് നമുക്ക് പ്രതിജ്ഞ ചെയ്യാം. 'നമ്മുടെ സ്വാതന്ത്ര്യവും, പരമാധികാരവും, മതേതരത്വവും, ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വരാജ് എന്ന ലക്ഷ്യം നേടിയെടുക്കാനുള്ള പോരാട്ടത്തിൽ ഉറച്ചു നിൽക്കും' എന്ന്. ജയ് ഹിന്ദ്..