/uploads/news/news_റമളാൻ;_പ്രമേഹരോഗികൾ_അറിയേണ്ടത്_1678988975_5477.jpg
Health

റമളാൻ; പ്രമേഹരോഗികൾ അറിയേണ്ടത്


തിരുവനന്തപുരം: റമളാൻ മാസം ആഗതമാകാൻ ഇനി ദിവസങ്ങൾ മാത്രം. ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾ വിശുദ്ധമാസത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വിശ്വാസികൾ റമളാൻ മാസം മുഴുവനും പകൽനേരങ്ങളിൽ ആഹാരപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും. ആരോഗ്യപ്രശ്നങ്ങളുള്ളവർ വിദഗ്ധ ഡോക്ടർമാരെ കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക എന്നതും നോമ്പിനുള്ള ഒരുക്കമായി കാണേണ്ടതുണ്ട്. വിശിഷ്യാ പ്രമേഹരോഗികൾ.

പ്രമേഹരോഗികൾ അവരുടെ ഭക്ഷണരീതിയും, മരുന്നുകളുടെ ഉപയോഗവും വിദഗ്ധ ഡോക്ടറെ കണ്ട് ക്രമീകരിക്കണം. പ്രമേഹ രോഗികളിൽ അധികവും സ്ഥിരമായി ഗുളിക, ഇൻസുലിൻ ഇൻജക്ഷൻ എന്നിവ രണ്ടും മൂന്നും നേരം ഉപയോഗിക്കുന്നവരാണ്. അവർ നോമ്പിന് ഒരാഴ്ച മുമ്പെങ്കിലും വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധന നടത്തി നിർദേശം സ്വീകരിക്കേണ്ടതാണ്. പ്രമേഹം നിയന്ത്രണവിധേയമായ ടൈപ്-2 പ്രമേഹരോഗികൾ വ്രതമനുഷ്ഠിക്കുന്നതിൽ കുഴപ്പമില്ല. മരുന്നുകളുടെ സമയക്രമത്തിലുള്ള വ്യത്യാസം, അളവ് എന്നിവയിൽ കൃത്യമായ ധാരണ വരുത്തണം. ടൈപ്-1 പ്രമേഹരോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രണത്തിലായശേഷമേ വ്രതമനുഷ്ഠിക്കാവൂ.

ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഇൻസുലിൻ, ഗുളിക എന്നിവ നിർത്തരുത്. ടൈപ്-1 രോഗികളിൽ ഇൻസുലിന്റെ അഭാവം രക്തത്തിലെ പഞ്ചസാരയുടെ നില വർധിച്ച് ഡയബറ്റിക് കീറ്റോ അസിഡോസിസ് (DKA) എന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇത് രോഗിയുടെ ജീവൻതന്നെ ആപത്തിലാക്കും.

ഭക്ഷണരീതി:

പ്രമേഹരോഗികൾ ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നത് സുഗമമായ വ്രതാനുഷ്ഠാനം സാധ്യമാക്കും. സൂര്യോദയത്തിനു മുമ്പുള്ള അത്താഴം (ഇടയത്താഴം) ഒഴിവാക്കരുത്. അത് കുറച്ച് വൈകി കഴിക്കുന്നതാണ് നല്ലത്. അരിയാഹാരം പൂർണ്ണമായും ഒഴിവാക്കി,ഫൈബർ കൂടുതലുള്ള ഭക്ഷണം കഴിക്കലാണ് നല്ലത്. ഇത് രക്തത്തിൽ ഷുഗറിന്റെ അളവ് കുറയുന്നത് ഒരു പരിധിവരെ തടയും.

നോമ്പുതുറ സമയത്ത് ഒന്നോ രണ്ടോ കാരക്കയോ (ഈത്തപ്പഴം) ലഘുഭക്ഷണമോ ആകാം. മധുര പലഹാരങ്ങളും മധുരപാനീയങ്ങളും ജ്യൂസുകളും ഒഴിവാക്കണം. തവിടോടുകൂടിയ അരി, ഗോതമ്പ് എന്നിവയോടൊപ്പം പ്രോട്ടീൻ ധാരാളം അടങ്ങിയ പയർ, കടല, ഗ്രീൻപീസ്, മീൻ, മുട്ട, കോഴിയിറച്ചി എന്നിവ ഉൾപ്പെടുത്തേണ്ടതാണ്. ഇതിന്റെ കൂടെ സലാഡ് കഴിക്കുന്നതും ഉത്തമമാണ്. ബീഫും മട്ടനും ഒഴിവാക്കുന്നതാണ് നല്ലത്. 

ജ്യൂസുകൾക്ക് പകരം മധുരം കുറവുള്ള ആപ്പിൾ, പേരക്ക, മുസമ്പി, ഓറഞ്ച്, പപ്പായ, പ്ലംസ് എന്നിവ ഒരു 100 ഗ്രാം വരെ അളവിൽ കഴിയ്ക്കാം. പൈനാപ്പിളും തണ്ണിമത്തനും ഒഴിവാക്കണം. എണ്ണപലഹാരങ്ങളും മൈദകൊണ്ടുള്ള വിഭവങ്ങളും വർജിക്കണം. ഇടയത്താഴത്തിന്‌ മധുരമില്ലാത്ത തരിക്കഞ്ഞിയോ, ഗോതമ്പുകഞ്ഞിയോ, ഓട്സ് എന്നിവ പാലിനൊപ്പമോ കഴിക്കാം. ഭക്ഷണം ഒറ്റയിരിപ്പിന് കഴിക്കാതെ ഇടവിട്ട് കഴിക്കുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞുപോകാനുള്ള സാധ്യത വ്രതമനുഷ്ഠിക്കുന്നവരിൽ കൂടുതലാണ്. ടൈപ്-1 പ്രമേഹരോഗികളിലാണ് ഇത് കൂടുതൽ കാണുന്നത്. എന്നാൽ, ഇൻസുലിൻ ഉപയോഗിക്കുന്ന ടൈപ്-2 രോഗികളിലും പ്രവർത്തന ദൈർഘ്യം കൂടിയ ഗുളികകൾ കഴിക്കുന്നവരിലും ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്.

ചില രോഗികളിൽ ക്ഷീണം, തലകറക്കം, വിറയൽ, കൂടുതൽ വിയർപ്പ്, തണുപ്പ് എന്നിവ അനുഭവപ്പെടും. രണ്ടു നേരം ഗുളിക/ഇൻസുലിൻ കുത്തിവെക്കുന്ന രോഗികൾ രാവിലത്തെ ഡോസ് നോമ്പ് തുറക്കുമ്പോഴും രാത്രിയിലേത് അത്താഴ സമയത്തും ഉപയോഗിക്കേണ്ടതാണ്. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളവും കുടിക്കണം. കഠിനമായ വ്യായാമ മുറകൾ ഒഴിവാക്കുക. പുത്തൻ തലമുറയിലെ ചില ഗുളികകളും ഇൻസുലിനും രക്തത്തിലെ പഞ്ചസാരനില തീരെ കുറഞ്ഞുപോകാതെയും കൂടിപ്പോകാതെയും സംരക്ഷിക്കുന്നതാണ്. അവ ഉപയോഗിക്കുന്നതിനു മുമ്പും വിദഗ്ധ ഡോക്ടറുടെ നിർദേശം സ്വീകരിക്കണം.

കടപ്പാട്
ഡോ. മുഹമ്മദ് ഹസ്സൻ
കൺസൾട്ടന്റ് ഫിസിഷ്യൻ ആൻഡ് ഡയബറ്റോളജിസ്റ്റ്.
ആസ്റ്റർ മിംസ്, കോട്ടയ്ക്കൽ.

പ്രമേഹരോഗികൾ അവരുടെ ഭക്ഷണരീതിയും, മരുന്നുകളുടെ ഉപയോഗവും വിദഗ്ധ ഡോക്ടറെ കണ്ട് ക്രമീകരിക്കണം.

0 Comments

Leave a comment