തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനിൽ കേസ് പോലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രഹ്മപുരം പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് 13-ഓടുകൂടി ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാനായി. എന്നാൽ ചെറിയ തീപിടിത്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടർന്നും ജാഗ്രതയും മുൻകരുതലും പുലർത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. തീ അണയ്ക്കാൻ പ്രവർത്തിച്ച അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രത്യേകം അഭിനന്ദിച്ച മുഖ്യമന്ത്രി തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങളും ഇത്തരം അപകടങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ കഴിയുന്ന നിർദ്ദേശങ്ങളും സമർപ്പിക്കാനായി സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും സഭയിൽ പറഞ്ഞു.
തീപിടുത്തമുണ്ടായതുമുതൽ സർക്കാർ, ജില്ലാ ഭരണസംവിധാനം, കൊച്ചി കോർപറേഷൻ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചത്. വേർതിരിക്കാതെ നിരവധി വർഷങ്ങളായി നിക്ഷേപിച്ചിട്ടുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. മാലിന്യം പല അടുക്കുകളായി ഉണ്ടായിരുന്നതും തീ ആറ് മീറ്ററോളം ആഴത്തിൽ കത്തിയതും അഗ്നിശമന പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തി. തീയണക്കുന്നതിന് വിവിധ കോണുകളിൽ നിന്നുള്ള വിദഗ്ദ്ധാഭിപ്രായം സർക്കാർ നിരന്തരം തേടിക്കൊണ്ടിരുന്നു. കൃത്രിമ മഴ, കാർബൺ ഡൈ ഓക്സൈഡിന്റെ പ്രയോഗം എന്നിങ്ങനെ ജനപ്രതിനിധികളിൽ ചിലർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിഗണിക്കുകയുണ്ടായെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം. മാലിന്യം ഇളക്കിമറിച്ച ശേഷം വെള്ളം പമ്പുചെയ്ത് തീയണയ്ക്കുന്ന രീതിയാണ് ബ്രഹ്മപുരത്ത് അവലംബിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഭ്യമായ കണക്കനുസരിച്ച് തീപ്പിടിത്തത്തിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട 1,335 പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം തേടിയത്. 128 പേർ 10 വയസ്സിൽ താഴെയുള്ള കുട്ടികളും 262 പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേർക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. അതേസമയം, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആർക്കുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്ത് 350 കോടി രൂപ ചിലവിൽ വെസ്റ്റ് - റ്റു - എനർജി പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. 2018 -ൽ പ്ലാന്റ് നിർമ്മിക്കാൻ ജി.ജെ ഇക്കോ പവർ എന്ന കമ്പനിക്ക് കരാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ കരാർ നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും പണി ആരംഭിക്കാനോ നടപടികൾ മുന്നോട്ടു കൊണ്ടുപോകാനോ കഴിയാതെവന്നതിനാൽ 2020 -ൽ കരാർ റദ്ദാക്കി. പുതിയ കരാർ നൽകുന്നതിനുള്ള തർക്കങ്ങൾ കൊച്ചി കോർപ്പറേഷനിൽ നിലനിൽക്കുന്നതിനാൽ പദ്ധതി വൈകുകയാണ്. എങ്കിലും അടുത്ത 2 വർഷത്തിൽ പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാക്കാൻ കഴിയും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാർച്ച് 13-ഓടുകൂടി ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാനായി. എന്നാൽ ചെറിയ തീപിടിത്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടർന്നും ജാഗ്രതയും മുൻകരുതലും പുലർത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു
0 Comments