നെയ്യാറ്റിൻകര:
തിരുവനന്തപുരം: നെയ്യാറിലെ മണല്‍മാഫിയയ്‌ക്കെതിരെ 20 വര്‍ഷം ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാളിയമ്മ (85) അന്തരിച്ചു. ബുധനാഴ്ച മൂന്ന് മണിയോടുകൂടിയാണ് മരണമടഞ്ഞത്.
ഓലത്താന്നിയില്‍ നെയ്യാറിന്റെ തീരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡാളിയമ്മ മണല്‍മാഫിയകളുടെ ഭീഷണിയെ ഒറ്റയാള്‍ പോരാട്ടം നടത്തി അതിജീവിച്ചാണ് ശ്രദ്ധേയയായത്. ഇതുമായി ബന്ധപ്പെട്ടു നെയ്യാറ്റിന്‍കര കോടതിയില്‍ നിരവധി കേസുകളുണ്ട്. വീടിനു ചുറ്റുമുള്ള സ്ഥലം മണല്‍ മാഫിയ ഇടിച്ചതോടെ 84 വയസ്സു കഴിഞ്ഞ ഡാളിയുടെ വീട് ആറിന്റെ മധ്യത്തിലായി. എന്നിട്ടും വീടുപേക്ഷിക്കാതെ അവിടേക്കു മുള കൊണ്ട് താത്കാലിക പാലം നിര്‍മ്മിച്ച് ഡാളിയമ്മ അവിടെ തന്നെ താമസിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയിലെ തൂപ്പു ജീവനക്കാരിയായി വിരമിച്ച ഡാളിയമ്മ പെന്‍ഷനായി ലഭിച്ചിരുന്ന 8,000 രൂപ കൊണ്ടാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് നെയ്യാര്‍ നിറഞ്ഞൊഴുകിയതോടെ, താല്‍ക്കാലിക പാലവും തകര്‍ന്നതോടെയാണ് ഇവര്‍ വീട് ഉപേക്ഷിച്ചത്. വീട്ടിലേക്കു കയറാനാകാതെയായതോടെ കടത്തിണ്ണയായി ആശ്രയം.
ഒടുവില്‍ ഡാളിയെ പോലീസും റവന്യൂ അധികൃതരും പരണിയത്തെ ബന്ധുവീട്ടിലാക്കി. പിന്നീട് കാട്ടാക്കട പുല്ലുവിളാകത്തെ പരിചയക്കാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചന്ദ്രികയുടെ വീട്ടിലേക്ക് താമസം മാറി.
വയോധികയായ ചന്ദ്രികയ്ക്ക് അടുത്തിടെ അര്‍ബുദം സ്ഥിരീകരിച്ചു. ഇവര്‍ കിടപ്പിലായതോടെ ഡാളിയമ്മയുടെ ഭക്ഷണവും മുടങ്ങി. ഒരാഴ്ചയായി ഭക്ഷണമില്ലാതെ കഴിഞ്ഞ ഡാളിയമ്മയെക്കുറിച്ച് ജില്ലാ പഞ്ചായത്തിന് പരാതി ലഭിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആര്‍.സലൂജ കാട്ടാക്കടയിലെ വീട്ടിലെത്തി ഡാളിയമ്മയെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
ഡാളിയുടെ മൃതദേഹം ഇപ്പോള്‍ ജില്ലാ പഞ്ചായത്തു വയോജന പരിപാലന കേന്ദ്രത്തിലാണ്. മരണം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് തന്നെ അന്ത്യകര്‍മ്മം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
മണല്‍ മാഫിയയോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന് ഇവരുടെ വീട് നില്‍ക്കുന്ന സ്ഥലത്തിന് ഡാളി കടവെന്നാണ് നാട്ടുകാര്‍ പേരിട്ടത്.
നെയ്യാറിന്റെ തീരത്താണു ഡാർളിയുടെ കുടുംബം താമസിച്ചിരുന്നത്. ഈ പ്രദേശം മണൽ മാഫിയ കയ്യേറി.
0 Comments