കഴക്കൂട്ടം: അനിശ്ചിതകാല സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്ക് എത്തി നിൽക്കുന്ന കഴക്കൂട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജമാഅത്തിനു പൂമുഖത്ത് സ്ഥിതി ചെയ്യുന്ന 400 വർഷം പഴക്കമുള്ള മഹാന്റെ ഖബറും അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളും സംരക്ഷിക്കണമെന്നു ഗവണ്മെന്റിനോടാവശ്യപ്പെട്ടുകൊണ്ടുള്ള സമര പോരാട്ടങ്ങൾ തുടരുകയാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി 2 മാസം മുൻപ് ശക്തമായ പ്രതിഷേധ സമ്മേളനം നടന്നിരുന്നു. രണ്ടാം ഭാഗമെന്ന നിലയിൽ പ്രതിഷേധ കൂട്ടായ്മയും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജമാഅത്ത് പ്രതിനിധികളുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിഷേധ റാലി നടന്നു. അതിനു ശേഷം കഴിഞ്ഞ 5 ദിവസമായി പ്രതിഷേധസമരത്തിന്റെ ഭാഗമായി പ്രതിഷേധസത്യാഗ്രഹം നടന്നു കൊണ്ടിരിക്കുകയാണ്. സത്യാഗ്രഹത്തിന്റെ ഭാഗമായി ജൂലൈ 13 വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം നൂറു കണക്കിന് വിശ്വാസികൾ ഈ സത്യാഗ്രഹത്തിനു ഐക്യദാർഡ്യm പ്രഖ്യാപിച്ചു കൊണ്ടു പള്ളിയുടെ സമര പന്തലിൽ ഒത്തുകൂടി ഗവണ്മെന്റിനോട് ഈ പരിശുദ്ധമായ ഖബറും അനുബന്ധ സ്ഥാപനങ്ങളും രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 8 വർഷമായി ജമാഅത് ശക്തമായ പോരാട്ടത്തിലാണ് എന്നും, 2017-ലെ അലൈൻമെന്റ് മാറ്റിമറിച്ചു 2018-ൽ പുതിയ അലൈൻമെന്റ് കൊണ്ടു വന്നുവെന്നും അത് ജമാഅത് കാര്യമായി എടുക്കുന്നില്ല എന്നും പരിപാടിയിൽ പങ്കെടുക്കുത്തു കൊണ്ട് ജമാഅത് സെക്രട്ടറി എസ്. അബ്ദുൽ വാഹിദ് അഭിപ്രായപ്പെട്ടു. അതിനേക്കാൾ ഉപരിയായി പരിശുദ്ധമായ ഖബറും പരമാവധി സ്ഥലങ്ങളും വിട്ടുകിട്ടുന്നതു വരെ ജമാഅത് ശക്തമായ സമര പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമര പരിപാടികൾ കണ്ടു ബന്ധപ്പെട്ട ഹൈവേ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്മാരും ഗവണ്മെന്റിന്റെ ഉത്തരവാദപ്പെട്ടവരും കാര്യങ്ങൾക്ക് ഒരു സമാധാന ചിന്താഗതിയിലുള്ള പരിഹാരത്തിനു തുനിഞ്ഞില്ലെങ്കിൽ കേരളത്തിലെ പ്രഗൽഭരായ പണ്ഡിത സംഘടനകളുടെ നേതാക്കന്മാരെ ഒരുമിച്ചു കൂട്ടികൊണ്ട് കഴക്കൂട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമര സന്ദേശവുമായി ജമാഅത് മുന്നോട്ടു പോകുമെന്ന് ജമാഅത് പ്രസിഡന്റ് അബ്ദുൽ ഗഫൂറും സെക്രട്ടറി അബ്ദുൽ വാഹിദും പറഞ്ഞു. ഇന്ന് നടന്ന പ്രതിഷേധ സത്യാഗ്രഹ സമരത്തിൽ ഇമാം ഹാരിസ് മൗലവി സംസാരിച്ചു.