കഴക്കൂട്ടം: മൂന്നിടങ്ങളിൽ നിന്നായി മദ്യ കച്ചവടം നടത്തി വന്നിരുന്ന മൂന്ന് പേർ 20 ലിറ്റർ മദ്യവുമായി പിടിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ കഠിനംകുളം പോലീസ് നടത്തിയ വ്യാപക റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്. പെരുമാതുറ ഒറ്റപ്പന മൈതാനി പള്ളിക്ക് സമീപം തെരുവിൽതൈവിളാകം വീട്ടിൽ സുൽഫീക്കർ (42), കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം മുരിക്കാൻ വിളാകം വീട്ടിൽ അശോകൻ (60), വെട്ടുതുറ കോൺവെൻറിന് സമീപം പുതുവൽപുരയിടം വീട്ടിൽ വെളുത്താൻ എന്ന് വിളിക്കുന്ന അൻസലൻ (65) എന്നിവരാണ് പിടിയിലായത്. ആൾ വാസമില്ലാത്ത പുരയിടത്തിലെ മണലിൽ കുഴിച്ചിട്ടും, വാഹനം മുഖേനയും, വീടുകൾ കേന്ദ്രീകരിച്ചുമാണ് പ്രതികൾ മദ്യ കച്ചവടം നടത്തിവന്നത്. പ്രതി സുൽഫിക്കും, അശോകനും കഠിനംകുളം, ചിറയിൻകീഴ്, കഴക്കൂട്ടം സ് റ്റേഷനുകളിലും കഴക്കൂട്ടം എക്സൈസ് ഓഫീസിലുമായി മദ്യ കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ടു നിരവധി കേസുകൾ നിലവിലുണ്ട്. കഠിനംകുളം എസ്.ഐ. ബിനീഷ് ലാൽ, ഗ്രേഡ് എസ്.ഐമാരായ സവാദ് ഖാൻ, അജയകുമാർ, പോലീസ് കാരായ ഷജീർ, ശ്രീനാഥ് പ്രേം കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആറ്റിങ്ങൽ കോടതി റിമാന്റ് ചെയ്തു.