/uploads/news/2026-IMG_20210626_124804.jpg
Local

അണ്ടൂർക്കോണം ആനതാഴ്ച്ചിറ: 20 കോടിയുടെ പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാനും, സോളാർ ബോട്ട് സർവ്വീസിനായി ചർച്ച നടത്താനും തീരുമാനം


കഴക്കൂട്ടം: തിരുവനന്തപുരം ജില്ലയിലെ പ്രധാന ജലസ്രോതസുകളിൽ ഒന്നായ ആനതാഴ്ച്ചിറ മന്ത്രി ജി.ആർ.അനിൽ സന്ദർശിച്ചു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ വെള്ളൂരിൽ സ്ഥിതി ചെയ്യുന്ന നാശത്തിൻ്റെ വക്കിലെത്തിയ ആനതാഴ്ച്ചിറയുടെ ദയനീയത ചൂണ്ടിക്കാണിച്ചു കൊണ്ട് നിരന്തരം മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നായിരുന്നു മന്ത്രിയുടെ സന്ദർശനം. ബന്ധപ്പെട്ട വിഭാഗവുമായി ചർച്ച ചെയ്ത് എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും നിലവിലുള്ള എല്ലാ കുരുക്കുകളുമഴിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ശുദ്ധജല, ടൂറിസം പദ്ധതികൾ കൊണ്ട് വരുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. കഴിഞ്ഞ സർക്കാർ ബജറ്റിൽ ഒരു കോടി രൂപ ആനതാഴ്ച്ചിറയുടെ വികസനത്തിന് അനുവദിച്ചിരുന്നു. ഈ തുക ചിലവഴിച്ച് കൊണ്ട് മുന്തിയ മോട്ടറും, പ്യൂരിഫിക്കേഷൻ പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തന പദ്ധതി റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കാൻ വാട്ടർ അതോറ്റി എഞ്ചിനീയറെ മന്ത്രി ചുമതലപ്പെടുത്തി. കൂടാതെ 20 കോടിയുടെ പുതിയ പ്രോജക്റ്റ് സർക്കാറിന് സമർപ്പിക്കുന്നതിനുള്ള റിപ്പോർട്ട് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കാനും, ടൂറിസവുമായി ബന്ധപ്പെട്ട് ആനതാഴ്ച്ചിറയിൽ സോളാർ ബോട്ട് സർവ്വീസ് നടത്തുന്നതിനായി, ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുമായി ചർച്ച നടത്താനും ചർച്ചയിൽ തീരുമാനമായി. മന്ത്രിയുടെ സന്ദർശനത്തോടെ ആനതാഴ്ച്ചിറയുടെ അനന്തമായ സാദ്ധ്യതകൾ പൂവണിയുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികൾ. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി, വൈസ് പ്രസിഡന്റ് കെ.മാജിദ, വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ.സോമൻ, വാർഡ് അംഗങ്ങളായ മണി മധു, സിത്താര, മുരളീധരൻ, വൈഷ്മ, അർച്ചന എന്നിവരും സന്നിഹിതരായിരുന്നു.

അണ്ടൂർക്കോണം ആനതാഴ്ച്ചിറ: 20 കോടിയുടെ പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാനും, സോളാർ ബോട്ട് സർവ്വീസിനായി ചർച്ച നടത്താനും തീരുമാനം

0 Comments

Leave a comment