/uploads/news/556-IMG_20190518_220641.jpg
Local

കഴക്കൂട്ടം മേൽപ്പാല നിർമ്മാണം. മരം മുറിക്കൽ യാതൊരു മുൻകരുതലുമില്ലാതെ


കഴക്കൂട്ടം: കഴക്കൂട്ടത്തെ ടെക്നോപാർക്ക് മുതൽ വിജയബാങ്ക് വരെയുള്ള മേൽപാല നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലുള്ള മരം മുറിച്ച് മാറ്റുന്നത് യാതൊരു സുരക്ഷിതത്വമോ മുൻകരുതലോ ഇല്ലാതെ. ഇത് മണിക്കൂറുകളോളം വാഹനങ്ങൾക്ക് ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതിനു കാരണമാവുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി നൂറ് കണക്കിന് വാഹനങ്ങളും യാത്രക്കാരും ഇതിന്റെ യാതന അനുഭവിച്ച് വരുകയാണ്. ടെക്നോപാർക്ക് കൂടി സ്ഥിതി ചെയ്യുന്ന കഴക്കൂട്ടത്ത് ദേശീയ പാതയിൽ കൂടി യാത്ര ചെയ്യുന്നത് തലസ്ഥാനത്തിനകത്തും പുറത്തുമുള്ള എണ്ണാൻ കഴിയാത്തത്ര വാഹനങ്ങളും യാത്രക്കാരുമാണ്. കൂറ്റൻ മരങ്ങൾ മുറിച്ചിടുന്നത് യാതൊരു മുൻകരുതലും വിവേകമില്ലാതെയുമാണെന്ന് നാട്ടുകാർ ആരോപിച്ചു.ഇന്ന് വർഷങ്ങൾ പഴക്കമുള്ള വൻ മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാതെ മരത്തിന്റെ ചുവട്ടിൽ നിന്നു മുറിച്ചിട്ട മരം ദേശീയ പാതയുടെ മദ്ധ്യത്തിലാണ് വന്നു വീണത്. ഇത് മുക്കാൽ മണിക്കൂറോളം ഗതാഗതം പൂർണമായും താറുമാറാക്കി. അടുത്ത് എത്തിയ വാഹനങ്ങൾക്ക് പിന്നോട്ടും മുന്നോട്ടും പോകാൻ കഴിയാത്ത അവസ്ഥയിലാണ് എത്തിയത്. പിന്നീടാണ് നടുറോഡിൽ വീണ മരത്തിൽ നിന്നും ധൃതിയിൽ ശിഖരങ്ങൾ വെട്ടി മാറ്റിയത്. കൃത്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് ഇപ്പോഴും മരങ്ങൾ മുറിച്ച് മാറ്റി കൊണ്ടിരിക്കുന്നത്. അധികൃതർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ വൻ അപകടത്തിനാണ് വഴി വയ്ക്കുന്നത്.

കഴക്കൂട്ടം മേൽപ്പാല നിർമ്മാണം. മരം മുറിക്കൽ യാതൊരു മുൻകരുതലുമില്ലാതെ

0 Comments

Leave a comment