/uploads/news/news_കേരളം_എടുക്കാൻ_കരുക്കൾ_നീക്കി_ബിജെപി;_രണ..._1707734760_2851.jpg
POLITICS

കേരളം എടുക്കാൻ കരുക്കൾ നീക്കി ബിജെപി; രണ്ട് കേന്ദ്രമന്ത്രിമാരെ സംസ്ഥാനത്ത് മത്സരിപ്പിക്കും


തിരുവനന്തപുരം: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സീറ്റ് നേടിയെടുത്തേ മതിയാകൂ എന്ന ഉറച്ച തീരുമാനത്തിലാണ് ബിജെപിയുടെ ദേശീയ-സംസ്ഥാന ഭാരവാഹികൾ. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്ത‌മായി തിരുവനന്തപുരത്തിന് പുറമെ തൃശ്ശൂരിലും പാർട്ടിക്ക് വലിയ പ്രതീക്ഷയാണുള്ളത്. രണ്ട് മണ്ഡലങ്ങളിലും ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള മേൽനോട്ടവുമുണ്ട്.

 അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി നിർണ്ണയത്തിലും ബിജെപി ഇത്തവണ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. രണ്ട് കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ കേരളത്തിൽ മത്സരിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെ നിർത്തുമെന്ന സൂചനകൾ നേരത്തേ ഉണ്ടായിരുന്നുവെങ്കിലും,  നിർമ്മലയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കില്ലെന്നാണ് ഏറ്റവും
അവസാനമായി പുറത്ത് വരുന്ന വാർത്ത.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനേയും ആറ്റിങ്ങലിൽ വി മുരളീധരനേയും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. രണ്ടുപേരും നിലവിൽ കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമാണ്. ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്ന സാഹചര്യത്തിൽ വി മുരളീധരന് രാജ്യസഭയിലേക്ക് വീണ്ടും അവസരം നൽകിയേക്കില്ല. പാർട്ടി അവസരം നൽകുകയാണെങ്കിൽ ഇത്തവണ കേരളത്തിൽ നിന്നും മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും  രണ്ടാം സ്ഥാനത്ത് എത്താൻ ബിജെപിക്ക് സാധിച്ചിരുന്നു. 2014 ൽ ഒ. രാജഗോപാലിലൂടെ 282336 വോട്ടായിരുന്നു ബി ജെ പി മണ്ഡലത്തിൽ 2019 ൽ കുമ്മനം രാജശേഖരൻ 316142 വോട്ടുകളും നേടി. 

ആറ്റിങ്ങൽ സീറ്റിൽ ശോഭ സുരേന്ദ്രനും കണ്ണുണ്ട്. 2019 ൽ ശോഭ സുരേന്ദ്രനായിരുന്നു മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. മണ്ഡലത്തിൽ നിന്നും രണ്ടര ലക്ഷത്തിലേറെ വോട്ട് നേടാൻ ശോഭയ്ക്ക് സാധിച്ചിരുന്നു. 2014 ൽ മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വിഹിതം ഒരു ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. അതിനാൽ ഇത്തവണയും തനിക്ക് ആറ്റിങ്ങൽ സീറ്റ് വേണമെന്നതാണ് ശോഭയുടെ നിലപാട്.

അതേസമയം, തൃശ്ശൂരിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. മണ്ഡലത്തിൽ അനൗദ്യോഗിക പ്രചരണവും തുടങ്ങി. 2019 ൽ സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാൾ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനേയും ആറ്റിങ്ങലിൽ വി മുരളീധരനേയും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. രണ്ടുപേരും നിലവിൽ കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമാണ്.

0 Comments

Leave a comment