കൊളസ്ട്രോൾ അല്പമൊന്ന് കൂടിയാൽ അതൊന്നും പ്രശ്നമില്ലെന്ന് വിചാരിക്കുന്നവരുണ്ട്. ടോട്ടൽ കൊളസ്ട്രോൾ സ്വന്തം താല്പര്യമനുസരിച്ച് ഇടയ്ക്കിടെ ലാബിൽ പരിശോധിച്ച് തൃപ്തിപ്പെടുന്നവരുമുണ്ട്. വർദ്ധിച്ച കൊളസ്ട്രോൾ ഒരു പ്രശ്നമേയല്ലെന്ന് വിചാരിക്കുന്നവർപോലും പല കാരണങ്ങളാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റ് മരുന്നുകൾക്കൊപ്പം കൊളസ്ട്രോളിനുള്ള മരുന്നും തുടർച്ചയായി വർഷങ്ങളോളം കഴിച്ചുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. കൊളസ്ട്രോൾ കുറയ്ക്കുവാനുള്ള ഗുളിക എന്നതിലുപരിയായി ഹൃദയസ്തംഭനവും പക്ഷാഘാതവും ഉണ്ടാകാതിരിക്കുവാൻ അതും കൂടി കഴിച്ചേ മതിയാകൂ എന്ന ഡോക്ടർമാരുടെ ഉത്തരവ് ശിരസ്സാവഹിക്കുവാൻ രോഗമൊന്നുമില്ലാത്തവരും നിർബന്ധിതരാകുന്നു എന്നതാണ് കാരണം.
"പ്രായം കൂടുന്നതിനനുസരിച്ച് കൊളസ്ട്രോൾ കൂടിയാലും കുഴപ്പമില്ല."
"കൊളസ്ട്രോൾ കൂടുന്നതിന് ഒരു പ്രത്യേക പ്രായമൊക്കെയുണ്ടല്ലോ? അത് കഴിഞ്ഞ് ശ്രദ്ധിച്ചാൽ മതിയാകും."
"കൊളസ്ട്രോൾ കൂടിയാൽ അപ്പോൾതന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി അറിയുവാൻ സാധിക്കും. പ്രത്യേകിച്ചും എനിക്ക്. മുമ്പ് ഇതുപോലെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. "
"ടോട്ടൽ കൊളസ്ട്രോൾ നോർമൽ ആണെങ്കിൽ പിന്നെ കുഴപ്പമില്ല."
"വണ്ണം കൂടുതലുള്ളവർക്കാണ് കൊളസ്ട്രോൾ കാണുന്നത്. മെലിഞ്ഞിരിക്കുന്നവർക്ക് കൊളസ്ട്രോൾ കുറവായിരിക്കും "
"ഇറച്ചിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നവർക്കാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത്." എന്നിങ്ങനെ പലവിധ തെറ്റിദ്ധാരണകൾ കൊളസ്ട്രോളിനെ കുറിച്ച് നിലനിൽക്കുന്നുണ്ട്.
ഇവയൊക്കെ അതിൽ ചിലത് മാത്രമാണ്.
രക്തത്തിലെ കൊളസ്ട്രോൾ നോർമലായിരിക്കുന്നത് സംബന്ധിച്ച അളവുകൾ പല തവണ പുതുക്കി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വ്യക്തികളുടെ പ്രത്യേകതകൾ, ജീവിതസാഹചര്യങ്ങൾ, ബാധിച്ചിട്ടുള്ളതും ചികിത്സയിലുള്ളതുമായ മറ്റ് ജീവിതശൈലീ രോഗങ്ങൾ, പലവിധ രോഗങ്ങൾ ഒരുമിച്ചുണ്ടാകുന്നതു കാരണം സംഭവിക്കാനിടയുള്ള അപകടകരമായ അവസ്ഥകൾ എന്നിവയൊക്കെയാണ് അതിനുള്ള കാരണങ്ങൾ.
കൊളസ്‌ട്രോൾ നിയന്ത്രിക്കുവാൻ പല മാർഗ്ഗങ്ങളും നിർദ്ദേശിക്കുമെങ്കിലും
അവയൊന്നും പാലിക്കപ്പെടാത്തതിനാൽ അവസാനം മരുന്നിൽ മാത്രം ശരണം പ്രാപിക്കുകയാണ് പലരും ചെയ്യുന്നത്. മരുന്ന് കഴിച്ച് സമാധാനമുണ്ടാക്കാനാണ് അധികമാൾക്കാർക്കും താല്പര്യമുള്ളതും.
കൊളസ്ട്രോൾ വർദ്ധിച്ചാൽ അത് തിരിച്ചറിയാൻ സാധിക്കുമെന്ന് വീമ്പിളക്കുന്നവർ കുറവല്ല. അത്തരമാൾക്കാരോട് പറയുവാനുള്ളത് പ്രത്യേകിച്ചും മരുന്ന് കൃത്യമായി കഴിക്കാത്തവർ ശരിയായ ഇടവേളകളിൽ അല്ലെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുമ്പോഴൊക്കെയും നിർബന്ധമായും രക്ത പരിശോധനക്ക് വിധേയമാകണമെന്നാണ്. കൊളസ്ട്രോൾ പരിശോധിക്കുവാൻ പറയുമ്പോൾ രണ്ടു വർഷം മുമ്പ് പരിശോധിച്ച റിസൾട്ട് നോക്കി തൃപ്തിപ്പെടരുതെന്ന് സാരം. എന്നാൽ മുമ്പ് എത്രയുണ്ടായിരുന്നുവെന്ന് മനസ്സിലാക്കുവാൻ പഴയ റിസൾട്ട് കൂടി ഉപയോഗപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. എല്ലായ്പോഴും ടോട്ടൽ കൊളസ്ട്രോൾ മാത്രം നോക്കി സമാധാനിക്കാതെ ഇടയ്ക്കൊക്കെ ലിപിഡ് പ്രൊഫൈൽ തന്നെ പരിശോധിക്കേണ്ടിവരും. കുഴപ്പക്കാരായ കൊളസ്ട്രോൾ എത്ര അളവിലുണ്ടെന്ന് മനസ്സിലാക്കുവാൻ അത് ആവശ്യമാണ്.
ഒരു പ്രത്യേക പ്രായത്തിൽ മാത്രം കൂടുന്നതല്ല കൊളസ്ട്രോളെന്ന് തിരിച്ചറിയുക. 16 വയസ്സുള്ളവരിൽപോലും ട്രൈ ഗ്ലിസറൈഡ്, എൽ.ഡി.എൽ എന്നിങ്ങനെയുള്ള ചീത്ത കൊളസ്ട്രോളുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമുണ്ട്. കൊളസ്ട്രോൾ കൂടുന്നതിന് പ്രായമോ വണ്ണക്കൂടുതലോ ഒന്നും ഒരു ഘടകമേയല്ല. വളരെ മെലിഞ്ഞിരിക്കുന്നവർക്കും വർദ്ധിച്ച കൊളസ്ട്രോൾ ഉണ്ടെന്നാണ് നിരീക്ഷണങ്ങൾ തെളിയിക്കുന്നത്.
മാംസവും കൊഴുപ്പും കൂടുതൽ കഴിക്കുന്നവർക്കും വ്യായാമമില്ലാത്തവർക്കുമാണ് കൊളസ്ട്രോൾ ഉണ്ടാകുന്നതെന്ന ധാരണ അത്ര ശരിയല്ല. ഇത്തരം ആൾക്കാരിൽ കൊളസ്ട്രോൾ കൂടാനുള്ള സാധ്യതയുണ്ടെന്നത് ശരിതന്നെ.എന്നാൽ ശീലിച്ച സമയത്ത് ആഹാരം കഴിക്കാത്തവരിലും, അരി, ഗോതമ്പ്, കിഴങ്ങു വർഗ്ഗങ്ങൾ തുടങ്ങിയ അന്നജം കൂടുതലടങ്ങിയ ഭക്ഷണം പ്രധാനമായി കഴിക്കുന്നവരിലും തീരെ വ്യായാമം ഇല്ലാത്തവരിലുമാണ് കൊളസ്ട്രോൾ അധികമായി കാണുന്നത്.
കൊളസ്ട്രോൾ നിയന്ത്രിക്കണമെങ്കിൽ ഇവയെല്ലാം ശ്രദ്ധിച്ച്, ശീലിച്ച സമയത്ത്, അദ്ധ്വാനത്തിന്റെ സ്വഭാവമനുസരിച്ച്, പലവിധത്തിലുള്ള ഭക്ഷണം ദഹനത്തിന് തടസ്സമൊന്നും വരാത്ത രീതിയിൽ ആവശ്യത്തിനു മാത്രവും മിതമായും കഴിക്കുകയാണ് വേണ്ടത്.
ചുരുക്കിപ്പറഞ്ഞാൽ കഴിക്കുന്ന ആഹാരം ഹിതമായതും മിതമായതും എളുപ്പം ദഹിക്കുന്നതും ശരിയായി ആഗിരണം ചെയ്യുന്നതും ശിഷ്ടഭാഗം യഥാസമയം പുറംതള്ളുന്നതുമായതാണെങ്കിൽ കൊളസ്ട്രോൾ എപ്പോഴും നിയന്ത്രണവിധേയമായിരിക്കുമെന്ന് സാരം.
40 വയസ്സ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും കൊളസ്ട്രോൾ പരിശോധന നടത്തണം. ടോട്ടൽ കൊളസ്ട്രോൾ നോർമലായിരിക്കുന്ന പലരിലും ചീത്ത കൊളസ്ട്രോൾ വർദ്ധിച്ചിരിക്കുന്നത് കാണാറുണ്ട്. പരിശോധിക്കാത്തതിനാൽ അവരത് അറിയുന്നില്ലെന്ന് മാത്രം. ഒരിക്കലെങ്കിലും ഉയർന്ന കൊളസ്ട്രോൾ കണ്ടിട്ടുള്ളവർ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവരോ അല്ലാത്തവരോ ആകട്ടെ നാല് മുതൽ ആറ് മാസത്തിനുള്ളിൽ രക്ത പരിശോധനയിലൂടെ കൊളസ്ട്രോളിൻ്റെ തോത് മനസ്സിലാക്കേണ്ടതും ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതുമാണ്.
ലിപിഡ് പ്രൊഫൈൽ പരിശോധിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് താഴെ പറയുന്ന അളവുകളെങ്കിലും ശ്രദ്ധിക്കണം. അഭികാമ്യമായ ടോട്ടൽ കൊളസ്ട്രോൾ 200 mg/dl ന് താഴെയായിരിക്കണം. 200 മുതൽ 239 വരെ ചികിത്സ ആവശ്യമില്ലാത്തതും എന്നാൽ ശ്രദ്ധിക്കേണ്ടതും വീണ്ടും പരിശോധിക്കപ്പെടേണ്ടതുമാണ്. 240 ന് മുകളിലുള്ളവർക്ക് മരുന്ന്കൂടി ആവശ്യമായി വരും.
നല്ല കൊളസ്ട്രോൾ ആണ് HDL. 60 mg/dl ന് മുകളിൽ HDL കാണുന്നതാണ് അഭികാമ്യം. 40 മുതൽ 60 വരെ ശ്രദ്ധിക്കേണ്ടതും 40 ന് താഴെ കാണുന്ന HDL ചികിത്സിക്കേണ്ടതുമാണ്. ട്രൈഗ്ലിസറൈഡ്സ്, LDL, VLDL എന്നിവ ചീത്ത കൊളസ്ട്രോളിൻ്റെ ഗണത്തിൽപെടുന്നവയാണ്. ട്രൈഗ്ലിസറൈഡ്സ്
150 mg/dl ന് താഴെ നിൽക്കുന്നതാണ് അഭികാമ്യം. 150 മുതൽ 199 വരെ ബോർഡർ ലൈൻ ആയും 200 മുതൽ 499 വരെ വർദ്ധിച്ച നിലയിലുള്ളതായും 500 ന് മുകളിലാണെങ്കിൽ വളരെ വർദ്ധിച്ച അളവായും കണക്കാക്കുന്നു.
LDL കൊളസ്ട്രോൾ 100 mg/dl വരെ നോർമലായും 100 മുതൽ 129 വരെ ശ്രദ്ധിക്കേണ്ടതായും 130 മുതൽ 159 വരെ ബോർഡർലൈനായും 160 മുതൽ 189 വരെ വർദ്ധിച്ച അളവായും 190 ന് മുകളിൽ അമിതമായി വർദ്ധിച്ച അളവായും കണക്കാക്കുന്നു. 30mg/dl ന് താഴെ ആണെങ്കിൽ VLDL നോർമലാണ്. ധമനികൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്ന ഒന്നാണിത്. ഇത് വർദ്ധിച്ചാൽ രക്തസഞ്ചാരത്തിന് തടസ്സം നേരിടാൻ സാദ്ധ്യതയുണ്ട് .
സാച്ചുറേറ്റഡ് ഫാറ്റുകളാണ് ട്രൈഗ്ലിസറൈഡിനെ വർദ്ധിപ്പിക്കുന്നത്. ഫ്രൈ ചെയ്ത ഫുഡ്, റെഡ് മീറ്റ്, കോഴിയുടെ സ്കിൻ, മുട്ടയുടെ മഞ്ഞ, കൊഴുപ്പ് അധികമുള്ള പാലുൽപ്പന്നങ്ങൾ, വെണ്ണ, പന്നിയുടെ കൊഴുപ്പ്, ഫാസ്റ്റ് ഫുഡ് എന്നിവയിലാണ് സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഉള്ളത്. ഇവ അടങ്ങിയിട്ടുള്ള പായ്ക്കറ്റ് ഫുഡുകളിൽ കവറിനു മേൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ടാകും.
മധുരമുള്ളവ അധികം കഴിക്കുന്നതും വ്യായാമം തീരെ കുറയ്ക്കുന്നതും മദ്യപാനം ശീലമാക്കുന്നതും ട്രൈഗ്ലിസറൈഡിനെ വർദ്ധിപ്പിക്കുന്നു. ഇത്തരം ആഹാര വസ്തുക്കളും ശീലങ്ങളും മറ്റു ചീത്ത കൊളസ്ട്രോളുകൾ വർദ്ധിക്കുന്നതിനും കാരണമാകുന്നു.
LDL ഉൾപ്പെടെയുള്ള ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഓട്സ്, ബാർലി, മുഴു ധാന്യങ്ങൾ, ബീൻസ്, നട്സ്, ആപ്പിൽ, ഗ്രേപ്സ്, സ്ട്രോബെറി, പുളിയുള്ള പഴങ്ങൾ എന്നിവ നല്ലതാണ്.
കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, ദഹനത്തിന് സഹായിക്കുന്ന തരത്തിലുള്ള ഫൈബർ ഉള്ള ആഹാര വസ്തുക്കൾ, തുടർച്ചയായ വ്യായാമം, പുകവലി ഉപേക്ഷിക്കൽ, ശരീരഭാരം നിയന്ത്രിക്കൽ, മദ്യപാനം ഒഴിവാക്കൽ, സുഖകരമായ ഉറക്കം എന്നിവയിലൂടെ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നത് ഒഴിവാക്കുവാനാകും.
പല ഒറ്റമൂലികളും വാട്ട്സ് ആപ്പ് വൈദ്യവും കൊളസ്ട്രോൾ കുറയ്ക്കുവാനെന്ന പേരിൽ ചൂടപ്പം പോലെ പ്രചരിക്കാറുണ്ട്. നിലവിലുള്ള മറ്റു രോഗങ്ങളും ചികിത്സയും അവസ്ഥയും മറ്റ് ബുദ്ധിമുട്ടുകളുണ്ടാകുവാനുള്ള സാദ്ധ്യതകളും പരിഗണിച്ചു മാത്രമേ ഇത്തരം ഇടപെടലുകൾ നടത്താവൂ. ഇവ മനസ്സിലാക്കി ഉപദേശം നൽകുന്ന ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കേണ്ടതാണ്.
പക്ഷാഘാതം ഹൃദ്രോഗം തുടങ്ങി ഗുരുതരമായ പല ഭവിഷ്യത്തുകൾക്കും കാരണമാകാവുന്ന കൊളസ്ട്രോൾ വർദ്ധിച്ച അവസ്ഥയെ നിസ്സാരമായി കാണരുത്. കൊളസ്ട്രോളിന് സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകൾ പോലും ചിലപ്പോൾ അസിഡിറ്റി, അൾസർ, ലിവർ സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ ഭക്ഷണത്തിലും ജീവിത ശൈലിയിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി മരുന്നുപയോഗം കുറയ്ക്കുവാൻ പരമാവധി ശ്രമിക്കേണ്ടതാണ്. കഴിക്കുന്ന മരുന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരവും പുന:പരിശോധനകൾ നടത്തിയും കൃത്യമായ ഇടവേളകളിൽ ക്രമപ്പെടുത്തിയേ മതിയാകൂ.
ലേഖകൻ: ഡോ. ഷർമദ് ഖാൻ എം.ഡി (ആയുർവേദ) സീനിയർ മെഡിക്കൽ ഓഫീസർ, ഗവ.ആയുർവേദ ഡിസ്‌പെൻസറി, നേമം, തിരുവനന്തപുരം
ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റ് മരുന്നുകൾക്കൊപ്പം കൊളസ്ട്രോളിനുള്ള മരുന്നും തുടർച്ചയായി വർഷങ്ങളോളം കഴിച്ചുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഹൃദയസ്തംഭനവും പക്ഷാഘാതവും ഉണ്ടാവാതിരിക്കാൻ അതും കൂടി കഴിച്ചേ മതിയാവൂ എന്ന ഡോക്ടർമാരുടെ ഉത്തരവ് ശിരസ്സാവഹിക്കുവാൻ രോഗമൊന്നുമില്ലാത്തവരും നിർബന്ധിതരാകുന്നു എന്നതാണ് കാരണം.
0 Comments