ഷോൾഡർ ജോയിന്റിന് വേദനയും, അനക്കുവാൻ പ്രയാസവുമുണ്ടാക്കുന്ന നിരവധി വാതരോഗങ്ങളുണ്ട്. സ്വതന്ത്ര രോഗമായും മറ്റ് രോഗങ്ങൾക്കൊപ്പവും ചില രോഗങ്ങളുടെ ലക്ഷണമായും തോൾവേദന അനുഭവപ്പെടാം. കൈകളുയർത്തുന്നതിന് തടസ്സവും വർദ്ധിക്കുന്ന വേദനയുമുണ്ടാകുന്ന വിധം കാണുന്ന ബുദ്ധിമുട്ടിനെ ഫ്രോസൺ ഷോൾഡർ അഥവാ അപബാഹുകം എന്ന് പറയുന്നു.
ഷോൾഡറിനുണ്ടാകുന്ന ക്ഷതങ്ങൾ പെയിൻ ആർക് സിൺഡ്രോം എന്ന പ്രത്യേക രീതിയിലുള്ള വേദനകളുമുണ്ടാക്കും. ഒരു പരിധിവരെ കൈകളുയർത്തുന്നതിന് വലിയ പ്രയാസവും നന്നായി ഉയർന്നു കഴിഞ്ഞാൽ അത്രയും ഭാഗത്ത് വേദനയില്ലാതെ കൈകൾ ചലിപ്പിക്കുവാൻ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതകളാണ്.
മാംസപേശികൾക്കനുഭവപ്പെടുന്ന വേദന ക്രമേണ വർദ്ധിക്കുകയും അനക്കാതിരിക്കുമ്പോൾ സുഖം തോന്നുകയും ചെയ്യും. അതോടെ വേദന കുറഞ്ഞ് സന്ധി ചലിപ്പിക്കുന്നതിനുള്ള പ്രയാസം വർദ്ധിക്കുകയും ചെയ്യുന്നു. ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ മാംസപേശിക്ക് തുടിപ്പും ചുട്ടുനീറ്റലും അനുഭവപ്പെടുകയും ക്രമേണ മാംസശോഷ(മസ്കുലാർ അട്രോഫി)മുണ്ടാകുകയും ചെയ്യും. പ്രമേഹ രോഗമുള്ളവരിലും എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുന്നത് കൊണ്ടും അതിനെ തുടർന്ന് ഷോൾഡർ ജോയിൻറ് അനക്കുവാൻ പാടില്ലാത്ത രീതിയിൽ കുറച്ചു നാൾ പ്ലാസ്റ്ററിടുകയോ സ്ലിങ് ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുന്നവരിലുമാണ് ഇത്തരം രോഗങ്ങൾ സാധാരണയായി ഉണ്ടാകുന്നത്.
പക്ഷാഘാത രോഗം ബാധിക്കുന്നവരിലും ഫ്രോസൺ ഷോൾഡർ ഉണ്ടാകാം. കഴുത്തിനെ ആശ്രയിച്ചുണ്ടാകുന്ന സെർവൈക്കൽ സ്പോൺഡൈലോസിസ്, സ്പോൺഡിലൈറ്റിസ് എന്ന പേരുകളിൽ പരാമർശിക്കുന്ന നീർ പിടിത്തത്തിലും തോൾവേദന അനുബന്ധമായി കാണാം.
ചിലർക്ക് രോഗം കുറേശ്ശെ വർദ്ധിക്കുകയാണ് ചെയ്യുന്നത്. മറ്റുചിലർക്ക് രോഗാരംഭത്തിലുണ്ടായിരുന്ന അസഹ്യമായതും അനക്കുമ്പോൾ വർദ്ധിക്കുന്നതുമായ വേദന ഒന്നു രണ്ടു വർഷം കൊണ്ട് ക്രമേണ കുറഞ്ഞ് ഷോൾഡർ ജോയിന്റിന്റെ ചലനം നഷ്ടപ്പെടുന്ന സ്വഭാവമാണുള്ളത്.
ഷോൾഡർ ജോയിന്റിൽ തുടങ്ങുന്ന വേദന ഭുജത്തിലുള്ള പേശികളേയും ബാധിക്കും. രാത്രിയിൽ വർദ്ധിക്കുന്ന വേദന ക്രമേണ ഉറങ്ങുവാൻ തന്നെ പ്രയാസമുള്ള അവസ്ഥയിലേക്ക് വഴിമാറിയേക്കാം.
ഷോൾഡറിനും വേദന ബുദ്ധിമുട്ടിക്കുന്ന വശത്തിനും പ്രയാസം വർദ്ധിക്കാത്ത വിധമാണ് ഇത്തരം രോഗമുള്ളവർ ഇരിക്കുകയോ കിടക്കുകയോ ചെയ്യേണ്ടത്. ഷോൾഡർ ജോയിൻറ് തലയിണയിലോ ബെഡ്ഡിലോ സോഫയിലോ അമർന്നിരിക്കുമ്പോൾ ഷോൾഡർ അനക്കുവാൻ പ്രയാസവും വേദനയും വർദ്ധിക്കുകയും പേശിയുടെ പിടിത്തവും പെരുപ്പും വിരലുകളിലേക്ക്കൂടി വ്യാപിക്കുകയും തുടിപ്പും മരവിപ്പും അനുഭവപ്പെടുകയും ചെയ്യും.
അതുകൊണ്ടാണ് പലർക്കും രാത്രിയിൽ പ്രയാസങ്ങൾ വർദ്ധിക്കുന്നത്. ഇതൊന്നുമറിയാതെ എങ്ങനെയെങ്കിലും കിടന്ന് നന്നായി ഉറങ്ങുന്നവർക്കും ശരിയായ ഉറക്കമില്ലാത്തതു കാരണവുമാണ് രോഗം വർദ്ധിക്കുന്നത്. പൊതുവേ രക്ത സഞ്ചാരം കുറവുള്ളതും എന്നാൽ വളരെയേറെ ചലനം സാദ്ധ്യമാകുന്നതുമായ സന്ധിയാണ് ഷോൾഡർ ജോയിൻറ്. ആയതിനാൽ രക്ത സഞ്ചാരം വർദ്ധിപ്പിക്കുന്ന ചികിത്സകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. വേദന സംഹാരികൾ ഉപയോഗിച്ചും ഐസ് വെച്ചും ഫ്രിഡ്ജിൽ നല്ല തണുത്തിരിക്കുന്ന പച്ചക്കറികൾ ഒരു കവറിലാക്കി ഷോൾഡർ ജോയിന്റിൽ 10 മുതൽ 15 മിനിറ്റ് വരെ വെച്ചും വേദനയ്ക്ക് താൽക്കാലിക പരിഹാരം ഉണ്ടാക്കാവുന്നതാണ്.
സ്ഥിരമായ ശമനത്തിന് മസാജ് ചെയ്ത് സന്ധിയിലേക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിച്ചും സ്ട്രെച്ച് ചെയ്ത് പേശികളെ റിലാക്സ് ചെയ്തും വീക്കം കുറയ്ക്കുന്ന മരുന്നുകൾ ചൂടാക്കി പുരട്ടിയും ആവി പിടിച്ചും കിഴി വെച്ചും മരുന്നുകൾ കഴിച്ചും ഷോൾഡറിനുള്ള ചികിത്സ മെച്ചപ്പെടുത്താം. മൂക്കിൽ മരുന്ന് ഒഴിക്കുന്ന പഞ്ചകർമ്മ ചികിത്സയായ നസ്യം വളരെ ഫലപ്രദമാണ്. രാത്രി ഭക്ഷണ ശേഷം ആയുർവേദ ഘൃതങ്ങൾ കഴിപ്പിക്കുന്നത് വളരെ നല്ല ഫലമാണ് നൽകുന്നത്.
നീന്തുകയും വെള്ളത്തിൽ വെച്ചുള്ള വ്യായാമങ്ങൾ ചെയ്യുന്നതും ഷോൾഡർ രോഗങ്ങൾക്ക് സമാധാനമുണ്ടാക്കും. എക്സ്-റേ, അൾട്രാസൗണ്ട് എന്നിവ ഉപയോഗിച്ച് ഫ്രോസൺ ഷോൾഡർ മനസ്സിലാക്കുവാനാകില്ല. എന്നാൽ എം.ആർ.ഐ നിരീക്ഷിച്ചാൽ ഫ്രോസൺ ഷോൾഡറിന് കാരണമായ മറ്റു ബുദ്ധിമുട്ടുകൾ കൂടി കണ്ടെത്താൻ കഴിയും.
പ്രമേഹത്തെ നിയന്ത്രണത്തിലാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാത്തരം വാത സംബന്ധമായ വേദനകളിലും വീക്കത്തിലും മഞ്ഞൾ പലവിധത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്. പതിവില്ലാതെ വേദനയുണ്ടാകുമ്പോൾ ഐസ് വെയ്ക്കുന്നത് പ്രയോജനപ്പെടുമെങ്കിലും തുടർച്ചയായി ഉണ്ടാകുന്ന വേദനയിൽ ചൂടു കൊണ്ടുള്ള പ്രയോഗങ്ങളാണ് അഭികാമ്യം.
പൊതുവേ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ, നട്സ്, സീഡ്സ്, പപ്പായ, പൈനാപ്പിൾ, വെളുത്തുള്ളി, ഇഞ്ചി, ജീരകം എന്നിവയും വ്യായാമവും, നിയന്ത്രിതമായ ചലനങ്ങളും രോഗത്തെ ശമിപ്പിക്കുന്നതിന് കൂടുതൽ ഫലപ്രദമാണ്. ഇതോടൊപ്പം ആവശ്യത്തിന് വിശ്രമവും പോഷക പ്രദമായ ആഹാരവും വലിയ പ്രയോജനം ചെയ്യും.
ചായ, കോഫി, മാംസം, പാലും പാലുൽപ്പന്നങ്ങളും, പ്രത്യേകിച്ചും തൈര്, തണുപ്പിച്ച ഭക്ഷണം, സോഡാ, കോള, ഫാസ്റ്റ് ഫുഡ്, പോപ്കോൺ, സംസ്കരിച്ച ധാന്യങ്ങൾ, ഐസ്ക്രീം, മദ്യം എന്നിവ ഒഴിവാക്കുന്നത് രോഗത്തെ കുറയ്ക്കും.
(ലേഖകൻ: ഡോ. ഷർമദ് ഖാൻ, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം. ഫോൺ: 94479 63481).
മാംസപേശികൾക്കനുഭവപ്പെടുന്ന വേദന ക്രമേണ വർദ്ധിക്കുകയും അനക്കാതിരിക്കുമ്പോൾ സുഖം തോന്നുകയും ചെയ്യും.
0 Comments