കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്രവിജയം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ, അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
37,719 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയം. ചാണ്ടി ഉമ്മൻ മറികടന്നത് 2011ൽ പിതാവ് ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡാണ്. സ്ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് വോട്ടെണ്ണല്‍ 10 മിനിറ്റ് വൈകിയിരുന്നു. കോട്ടയം ബസേലിയോസ് കോളജിലായിരുന്നു വോട്ടെണ്ണൽ.
7 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 72.86% പേർ വോട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയാവുകയും, വിജയിക്കുകയും ചെയ്തു എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.
ജെയ്ക് സി.തോമസായിരുന്നു ഇടതു മുന്നണി സ്ഥാനാർഥി.രണ്ടുതവണ ഉമ്മൻ ചാണ്ടിയോട് മത്സരിച്ചു പരാജയപ്പെട്ട ജെയ്ക്, ഉമ്മൻ ചാണ്ടിയുടെ മകനോട് മത്സരിച്ച് പരാജയപ്പെട്ടുവെന്നതും പ്രത്യേകതയാണ്. ലിജിൻ ലാലായിരുന്നു എൻഡിഎ സ്ഥാനാർഥി. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി), ഷാജി (സ്വതന്ത്ര സ്ഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത്ര സ്ഥാനാർഥി) എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്ന മറ്റുള്ളവർ. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽകാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.ഇക്കഴിഞ്ഞ ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.
ഇത് അപ്പയുടെ 13-ാം വിജയമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ ഭംഗം വരുത്തില്ല.ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ചു. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അപ്പയുടെ വികസന തുടർച്ചയ്ക്ക് ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും. വോട്ടു ചെയ്യാത്തവരും ചെയ്തവരും എനിക്ക് തുല്യരാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം. കൈയെത്തുന്ന ദൂരത്ത് ഞാൻ ഉണ്ടാകും. 53 വർഷക്കാലം വികസനവും കരുതലുമായി അപ്പ ഉണ്ടായിയുന്നു. താനും അതുപോലെ ഉണ്ടാകും.സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല, എ കെ ആന്റണി, വി ഡി സതീശൻ,കെ സി വേണുഗോപാൽ,എം പി മാർ യൂത്ത് കോൺഗ്രസ്, ലീഗ് നേതാക്കൾ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
രണ്ടുതവണ ഉമ്മൻ ചാണ്ടിയോട് മത്സരിച്ചു പരാജയപ്പെട്ട ജെയ്ക്, ഉമ്മൻ ചാണ്ടിയുടെ മകനോട് മത്സരിച്ച് പരാജയപ്പെട്ടുവെന്നതും പ്രത്യേകതയാണ്
0 Comments