/uploads/news/news_കൊന്നിട്ടും_കലി_തീരാതെ_ഓൺലൈൻ_ആപ്പുകാർ;_വ..._1694688742_999.png
Crime

കൊന്നിട്ടും കലി തീരാതെ ഓൺലൈൻ ആപ്പുകാർ; വീണ്ടും ഭീഷണിസന്ദേശവും മോർഫ് ചെയ്ത ചിത്രങ്ങളും


കൊച്ചി: മരിച്ചതിന് ശേഷവും കടമക്കുടിയിലെ നാലംഗകുടുംബത്തെ വിടാതെ ഓൺലൈൻ ലോൺ ആപ്പുകാർ. കുട്ടികളടക്കം നാലുപേരുടെ കൂട്ടമരണത്തിന്റെ ദുഃഖത്തിനിടെയും ഓൺലൈൻ ആപ്പുകാർ മരിച്ച യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും ഭീഷണിസന്ദേശം അയക്കുന്നതും തുടരുന്നതായാണ് ബന്ധുക്കളുടെ പരാതി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായാണ് ബന്ധുക്കൾക്ക് ഭീഷണിസന്ദേശം വാട്‌സാപ്പിൽ ലഭിച്ചത്.

മരിച്ച യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാൻ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്‌സാപ്പിൽവന്നിട്ടുള്ളത്. ചിലർക്ക് ഹിന്ദിയിലുള്ള ഒരു ഓഡിയോസന്ദേശവും ലഭിച്ചിട്ടുണ്ട്. പലനമ്പറുകളിൽനിന്നാണ് സന്ദേശങ്ങൾ വരുന്നതെന്നും ഇതിനെതിരേ എത്രയുംവേഗം നടപടിവേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

ചൊവ്വാഴ്ച പുലർച്ചെയാണ് കടമക്കുടി മാടശ്ശേരി വീട്ടിൽ നിജോയെയും ഭാര്യ ശില്പയെയും ഏഴും അഞ്ചും വയസ്സുള്ള മക്കളായ എയ്ബൽ, ആരോൺ എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയിൽ കണ്ടെടുത്ത കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, സാമ്പത്തിക ബാധ്യതയിൽ കുടുംബം ആത്മഹത്യ ചെയ്യാനുള്ള സാധ്യത നാട്ടുകാരും ബന്ധുക്കളും തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഓൺലൈൻ ആപ്പുകാരുടെ ഭീഷണിസന്ദേശങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചത്.

ശില്പയെടുത്ത വായ്പയിൽ 9300 രൂപ കുടിശ്ശികയുണ്ടെന്നു കാണിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് നിജോയുടെ ബന്ധുവിനാണ് ഓൺലൈൻ ആപ്പുകാർ ആദ്യം സന്ദേശം അയച്ചത്. അടച്ചുതീർക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്മെന്റും ശില്പയുടെ ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പം അയച്ചു. വിളിച്ചിട്ട് ശില്പ ഫോൺ എടുക്കുന്നില്ലെന്നും പണം ഉടൻതന്നെ അടച്ചില്ലെങ്കിൽ ശില്പയുടെ മോർഫ് ചെയ്ത നഗ്‌നചിത്രം ശില്പയുടെ ഫോൺലിസ്റ്റിലുള്ളവർക്ക് അയച്ചു നൽകുമെന്നുമായിരുന്നു ഭീഷണി.

ഫോൺലിസ്റ്റിൽ ഉള്ള 25 പേരുടെ നമ്പരും ബന്ധുവായ സ്ത്രീക്ക് അയച്ചു. കൂട്ടമരണത്തിന്റെ ആഘാതത്തിലായിരുന്ന ബന്ധു അതത്ര കാര്യമായെടുത്തില്ല. എന്നാൽ, രാത്രി ഒൻപതരയോടെ മോർഫ് ചെയ്ത നഗ്‌നചിത്രം ബന്ധുവിന്റെ ഫോണിലേക്ക് എത്തി. മറ്റു പല നമ്പരുകളിലേക്കും ഇതേ ചിത്രം അയച്ചു. ഭീഷണി സന്ദേശവും മോർഫ് ചെയ്ത ചിത്രവും അയച്ച നമ്പരിലേക്ക് പോലീസും നാട്ടുകാരും വിളിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടുന്നില്ല. ഈ നമ്പരിലേക്ക് വിളിച്ചാൽ ശ്രീലങ്കയിലേക്കാണ് കോൾ പോകുന്നതെന്നാണ് പോലീസിന്റെ പ്രതികരണം.

കുറച്ചു ദിവസങ്ങളായി ഓൺലൈൻ ആപ്പുകാർ ശില്പയെ ഭീഷണിപ്പെടുത്തി പണം തിരികെ അടപ്പിക്കാനുള്ള ശ്രമം നടന്നിരുന്നുവെന്നാണ് പോലീസ് അനുമാനിക്കുന്നത്. ശില്പയുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണെന്നും മുനമ്പം പോലീസ് പറഞ്ഞു.

മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാന്‍ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്‌സാപ്പില്‍വന്നിട്ടുള്ളത്

0 Comments

Leave a comment