കോട്ടയം: ബൈക്കിൽ കറങ്ങി എം.ഡി.എം.എ. വിൽപ്പന നടത്തുന്ന യുവാക്കൾ പിടിയിൽ. കോട്ടയം കൂനന്താനം സ്വദേശികളായ ഷോൺ കുര്യൻ (22), ജോസഫ് സ്‌കറിയ(23) എന്നിവരെയാണ് കോട്ടയം റെയ്ഞ്ച് ഇൻസ്‌പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് ലഹരിമരുന്ന് കൈമാറാനുള്ള ശ്രമത്തിനിടെയാണ് രണ്ടുപേരെയും പിടികൂടിയത്. പ്രതികളിൽനിന്ന് 3.8 ഗ്രാം എം.ഡി.എംഎ. പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബൈക്കിൽ കറങ്ങി നഗരത്തിലെ വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും രാസലഹരി വിൽപ്പന നടത്തുന്നവരാണ് പ്രതികളെന്ന് എക്‌സൈസ് പറഞ്ഞു. നേരത്തെ പലതവണ ഇരുവരെയും പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും എക്‌സൈസ് സംഘത്തെ വെട്ടിച്ചുകളയുകയായിരുന്നു പതിവ്. തുടർന്ന് ആഴ്ചകളോളം എക്‌സൈസ് ഉദ്യോഗസ്ഥർ പ്രതികളെ ബൈക്കുകളിൽ പിന്തുടർന്നു. തിങ്കളാഴ്ച ഇവരുടെ നീക്കങ്ങൾ മനസിലാക്കിയ എക്‌സൈസ് ഇരുവരെയും പിന്തുടർന്നെത്തിയാണ് പിടികൂടിയത്.
ബസ് സ്റ്റാൻഡിന് സമീപം ലഹരിമരുന്ന് കൈമാറാനെത്തിയ പ്രതികളെ വേഷംമാറിയെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ വളയുകയും ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയുമായിരുന്നു. ഇതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെയും പിന്നാലെ ജീപ്പിലെത്തിയ എക്‌സൈസ് ഇൻസ്‌പെക്ടറും മറ്റും ഉദ്യോഗസ്ഥരും ചേർന്ന് കീഴ്‌പ്പെടുത്തി. പ്രതികളുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും എറണാകുളത്തുനിന്നാണ് എം.ഡി.എം.എ. കോട്ടയത്ത് എത്തിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളതെന്നും എക്‌സൈസ് അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കോട്ടയത്ത് എക്‌സൈസ് നടത്തിയ രണ്ടാമത്തെ എം.ഡി.എം.എ. ലഹരിവേട്ടയാണിത്.
എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ പി.വൈ. ചെറിയാൻ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ടി.സബിൻ, പ്രിവന്റീവ് ഓഫീസർമാരായ ഡി.മനോജ്കുമാർ, ആർ.കെ.രാജീവ്, കെ.രാജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.നൂജു, ടി.സന്തോഷ്, ശ്യാംകുമാർ, രതീഷ് കെ.നാണു, അശോക് ബി.നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് ലഹരിമരുന്ന് കൈമാറാനുള്ള ശ്രമത്തിനിടെയാണ് രണ്ടുപേരെയും പിടികൂടിയത്. പ്രതികളിൽനിന്ന് 3.8 ഗ്രാം എം.ഡി.എംഎ. പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
0 Comments