കോതമംഗലം: കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് വനത്തില്‍ കയറിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടില്‍ ആറുകിലോമീറ്റർ ഉള്ളിലായി അറക്കമുത്തിയില്‍ ആണ് ഇവരെ കണ്ടെത്തിയത്
കുട്ടമ്പുഴ അട്ടിക്കളം സ്വദേശികളായ പുത്തൻപുര ഡാർളി സ്‌റ്റീഫൻ, മാളികേക്കുടി മായാ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച കാണാതായ പശുവിനെ അന്വേഷിച്ച് വ്യാഴാഴ്ച രാവിലെയാണ് ഇവർ വനത്തിലേക്ക് പോയത്.
കാണാതായ മായയുമായി ഇന്നലെ വൈകീട്ട് നാല് മണിയോടെ ഭർത്താവ് ഫോണില്‍ സംസാരിച്ചിരുന്നു. ബാറ്ററി തീരുമെന്നും മൊബൈല്‍ ഫോണ്‍ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്തു മെമ്പർ പറഞ്ഞു . തുടർന്ന് ഫോണ്‍ ബന്ധം നിലച്ചു. നിരന്തരം കാട്ടാന സാന്നിധ്യമുള്ള പ്രദേശമാണിത്. പാറുക്കുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാല്‍ സ്ഥലം മാറിപ്പോവുകയായിരുന്നു. ഇന്നലെ ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന്മാത്രമാണ് ലഭിച്ചത്.
രാവിലെ ഡ്രോണ്‍ കാമറ ഉപയോഗിച്ച് പരിശോധിക്കാൻ കലക്ടർക്ക് വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നല്‍കിയിരുന്നു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. 25 ഓളം പേരടങ്ങുന്ന സംഘമാണ് ഇവരെ കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും ഡി.എഫ്.ഒ അറിയിച്ചു. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടർന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല
രാത്രി മുഴുവൻ പാറപുറത്താണ് കഴിച്ചുകൂട്ടിയത്. ഉറങ്ങാൻ സാധിച്ചില്ല. ഇരുന്നും കിടന്നുമാണ് ഞങ്ങൾ നേരം വെളുപ്പിച്ചത്. ദൈവമാണ് ആ പാറയുടെ അടുത്ത് കൊണ്ടെത്തിച്ചത്. പോകുന്ന വഴിയിൽ കാട്ടാനയെ കണ്ടു ഭയന്നിരുന്നു. ആനയ്ക്ക് ഞങ്ങളുടെ മണം കിട്ടിയിരുന്നു. ആന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നപ്പോൾ ഞങ്ങൾ ഓടി മരത്തിന് പിന്നിൽ ഒളിച്ചു. കൂടെയുള്ളവരോട് കൈകൊണ്ട് ശബ്ദം ഉണ്ടാകരുതെന്ന് ആംഗ്യം കാണിച്ചു. ആന പോയതിന് പിന്നാലെ പാറ പുറത്ത് കയറി. രാത്രി മുഴുവൻ അവിടെയായിരുന്നു’, കാട്ടിൽ അകപ്പെട്ട അനുഭവം പാറുക്കുട്ടി പങ്കുവെച്ചു.
കുട്ടമ്പുഴ കാട്ടില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി; രാത്രി മുഴുവൻ നീണ്ട ആശങ്കക്ക് വിരാമം
0 Comments