തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് നടൻ വിശദീകരണം നൽകിയത്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്ക് യാത്രക്കാരനോട് ആശുപത്രിയിൽ പോകേണ്ടതുണ്ടോയെന്ന് ചോദിച്ചിരുന്നു. വേണ്ടെന്നായിരുന്നു മറുപടി. തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ബൈജു സന്തോഷ് പറഞ്ഞു.
വാഹനം 65 കിലോമീറ്റർ സ്പീഡിലായിരുന്നു. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോൾ മുന്നിലെ ടയർ പഞ്ചറായി. തിരിക്കാൻ നോക്കിയപ്പോൾ നടന്നില്ല.അങ്ങനെ സ്കൂട്ടറുകാരനെ തട്ടി. അപ്പോൾ തന്നെ പുറത്തിറങ്ങി ആ ചെറുപ്പക്കാരനോട് ആശുപത്രിയിൽ പോകണമോ എന്ന് ചോദിച്ചു. വേണ്ട, കുഴപ്പമൊന്നും ഇല്ലെന്നാണ് അയാൾ പറഞ്ഞത്. അയാൾക്ക് ഒടിവോ ചതിവോ ഒന്നുമില്ല. പോലീസ് നിയമപരമായി കേസെടുത്തിട്ടുണ്ട്. താൻ മദ്യപിച്ചിരുന്നില്ലെന്നും ബൈജു പറഞ്ഞു.
വണ്ടി മാറ്റിയിടാൻ പോയപ്പോളാണ് വീണ്ടും വീഡിയോ എടുക്കുന്നത് കണ്ടത്. വഴിയെ പോകുന്ന ആരോ വീഡിയോ എടുക്കുന്നതാണെന്ന് കരുതിയാണ് ചൂടായത്. മാധ്യമപ്രവർത്തകനാണെന്ന് മനസ്സിലായില്ല. ഇവിടുത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. എനിക്കൊപ്പം ഉണ്ടായിരുന്നത് എന്റെ വല്യമ്മയുടെ മകളുടെ മകളാണ്. യുകെയിൽ നിന്ന് വന്ന സുഹൃത്ത് ജോമിയും ഉണ്ടായിരുന്നു. എനിക്ക് കൊമ്പൊന്നുമില്ല, നിയമം അനുസരിക്കാൻ എല്ലാവരെയുംപോലെ ഞാനും ബാധ്യസ്ഥനാണ്.
എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ബൈജു പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നടൻ ബൈജു ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റത്. തിരുവനന്തപുരം വെള്ളയമ്പലത്തായിരുന്നു അപകടം.വൈദ്യപരിശോധനക്ക് തയ്യാറാകാതിരുന്ന നടന് മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നതായി ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
തന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ബൈജു പറഞ്ഞു.
0 Comments