/uploads/news/news_നെയ്യാറ്റിൻകര_ഗോപന്റെ_ആത്മാവ്_ശരീരത്തിൽ_..._1739807405_2453.jpg
Local

നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന്; അക്രമം അഴിച്ചുവിട്ട് യുവാവ്


നെയ്യാറ്റിൻകര: സമാധി സംഭവത്തിലെ ആറാലുംമൂട് ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന അവകാശവാദവുമായി  അക്രമം അഴിച്ചുവിട്ട് യുവാവ്. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് അനീഷ് എന്നുപേരുള്ള യുവാവിന്റെ പരാക്രമം അരങ്ങേറിയത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. താമസ സ്ഥലത്തിന് സമീപമുള്ള മൂന്നോളം യുവാക്കളെ വീട്ടിൽക്കയറി അകാരണമായി മർദ്ദിക്കുകയും യുവാക്കളുടെ ബൈക്കുകൾ അടിച്ചു തകർക്കുകയും ചെയ്തു എന്നാണ് അനീഷിനെതിരെ ഉള്ള പരാതി.

രാത്രിയിൽ നെയ്യാറ്റിൻകര പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം എത്തി അനീഷിനെ  നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അക്രമാസക്തനായി പെരുമാറിയ അനീഷിനെ ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോയ വഴി ആംബുലൻസിലും ഇയാൾ ബഹളമുണ്ടാക്കിയതോടെ കൈകാലുകൾ ബന്ധിച്ചാണ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അനീഷിന്റെ മർദനമേറ്റ മൂന്ന് യുവാക്കൾക്കും പരിക്കുണ്ട്. വാഹനങ്ങൾക്കും കേടുപാടു വരുത്തിയിട്ടുണ്ട്. അനീഷ്  അമ്പലത്തിലെ പൂജാരി ആണെന്നാണ് പറയുന്നത്. മാനസിക പ്രശ്നമുള്ള യുവാവാണെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

കഴിഞ്ഞ മാസമാണ് അതിയന്നൂർ കാവുവിളാകത്ത് മണിയൻ എന്ന ഗോപന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസികൾ രംഗത്ത് വന്നത്. അച്ഛൻ സമാധി ആയെന്ന് പറഞ്ഞ് ഗോപന്റെ മക്കള്‍ പോസ്റ്റര്‍ പതിക്കുകയും, മൃതദേഹം അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്. രക്ത സമ്മർദവും പ്രമേഹവും കാരണം പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഗോപൻ  മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലായിരുന്നു. ജനുവരി ആദ്യവാരം ഗോപൻ മരിച്ചു. ഗോപന്‍റെ മരണം വലിയ വിവാദങ്ങൾക്ക് വഴി വെച്ചതോടെ ജനുവരി 16ന് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെയാണ് ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറി എന്നാരോപിച്ച് യുവാവിന്‍റെ പരാക്രമം.

 

നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് അനീഷ് എന്നുപേരുള്ള യുവാവിന്റെ പരാക്രമം അരങ്ങേറിയത്.മൂന്നോളം യുവാക്കളെ വീട്ടിൽക്കയറി അകാരണമായി മർദ്ദിക്കുകയും യുവാക്കളുടെ ബൈക്കുകൾ അടിച്ചു തകർക്കുകയും ചെയ്തു എന്നാണ് അനീഷിനെതിരെ ഉള്ള പരാതി.

0 Comments

Leave a comment