തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ വയോധികന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ആറാലുംമൂട് കാവുവിളാകം വീട്ടിൽ ഗോപൻ (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കൾ പറയുന്നത്.

അയൽവാസികൾ അറിയാതെ ഗൃഹനാഥന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചതിലാണ് നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്. അച്ഛൻ സമാധി ആയതാണെന്നും അത് പരസ്യമാക്കാൻ പാടില്ലെന്നുമാണ് മകന്‍റെ പ്രതികരണം.
സ്വന്തം ഇഷ്ടപ്രകാരമാണ് ഗോപനെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കൾ പറയുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഗോപൻ മരിച്ചത്. മരണവിവരം ബന്ധുക്കളെയോ ജനപ്രതിനിധികളെയോ നാട്ടുകാരെയോ അറിയിച്ചില്ലെന്ന് അയൽവാസികൾ ആരോപിച്ചു. ഗോപന്റെ രണ്ടു മക്കൾ ചേർന്ന് മൃതദേഹം മറവുചെയ്തു എന്നാണ് നാട്ടുകാരുടെ ആരോപണം. മക്കൾ സനന്ദനും രാജസേനനും ചേർന്നാണ് മൃതദേഹം മറവ് ചെയ്തത്. മണ്ഡപം ഉണ്ടാക്കി അതിനുള്ളില്‍ മൃതദേഹം വെച്ച് സ്ലാബ് കൊണ്ട് മൂടുകയായിരുന്നു.

'ഗോപൻ സ്വാമി സമാധിയായി' എന്ന് പിന്നീട് പോസ്റ്റർ പതിക്കുകയും ചെയ്തു. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന പൂജ ഉള്ളതിനാലാണ് സമാധിയായ വിവരം ആരെയും അറിയിക്കാതിരുന്നത് എന്നാണ് കുടുംബത്തിന്‍റെ വാദം. വീടിനു സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു മൃതദേഹം സംസ്കരിച്ചത്. ആറാലുംമൂട് ചന്തയില്‍ ചുമട്ടുതൊഴിലാളി ആയിരുന്നു മണിയൻ എന്ന ഗോപന്‍. രണ്ടു വര്‍ഷം മുമ്പ് വരെ ജോലി ചെയ്തിരുന്നു. വീടിനോട് ചേര്‍ന്ന് 'കാവുവിളാകത്ത് ഗോപന്‍ സ്വാമി കൈലാസനാഥ ക്ഷേത്രം' എന്ന പേരില്‍ സ്വകാര്യ ക്ഷേത്രം നിര്‍മിച്ചിരുന്നു. ആ ക്ഷേത്രത്തിന്റെ ആചാര്യഗുരു എന്നാണ് ഇയാൾ അവകാശപ്പെട്ടത്. ശിവക്ഷേത്രം പണിഞ്ഞ് പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു ഗോപന്‍.
മൂന്ന് മാസങ്ങൾക്കുമുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരിൽ ചിലരോടും വാർഡ് മെമ്പറോടും 'ഞാൻ മരിച്ചതിനുശേഷം എന്നെ സമാധി ആക്കണം' എന്ന് ഇയാൾ അറിയിച്ചിരുന്നതായാണ് വിവരം. ഭാര്യയോടും മക്കളോടും ഇതേ ആവശ്യം അറിയിച്ചിരുന്നതായി അവരും പറയുന്നു.
'ശിവനെ ആരാധിക്കുന്നതിനാൽ ഇപ്രകാരം ചെയ്താൽ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ' എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് നാട്ടുകാരെയും വാർഡ് മെമ്പറെയും പോലും അറിയിക്കാതെ 'സമാധി' ചടങ്ങുകൾ നടത്തിയത് എന്നുമാണ് ഗോപന്റെ രണ്ടുമക്കളും പോലീസിന് നൽകിയിരിക്കുന്ന മൊഴി. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ ഗോപൻ മരിച്ചെന്നും അതിനുശേഷം രാത്രിയോടെ മരണാനന്തര ചടങ്ങുകൾ ചെയ്തു സമാധി ആക്കിയെന്നുമാണ് മക്കൾ മാധ്യമ പ്രവർത്തകരോടും പറയുന്നത്. അതേസമയം, രാജസേനൻ, സനന്ദൻ എന്നീ രണ്ട് ആൺമക്കളും മരണപ്പെട്ട ഗോപന്റെ ഭാര്യ സുലോചനയും മരുമകളും മാത്രമാണ് മരണാനന്തര ചടങ്ങുകൾ ചെയ്യാൻ ഉണ്ടായിരുന്നത് എന്ന് നാട്ടുകാർ പറയുന്നു.
പോസ്റ്ററുകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് നാട്ടുകാർ ഒത്തുകൂടി വാർഡ് മെമ്പറെ വിളിച്ചുവരുത്തിയത്. ഗോപന്റെ വീട്ടിലെത്തി മക്കളോട് ചോദിച്ചപ്പോൾ രണ്ടു മക്കളും പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത് എന്നും നാട്ടുകാർ പറയുന്നു. ഇതേ തുടർന്നാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ നെയ്യാറ്റിൻകര പോലീസിൽ വിവരമറിയിച്ചത്.
പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി മൊഴിയെടുത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഗോപനെ 'സമാധി' ഇരുത്തിയ ഇടം പോലീസ് സീൽ ചെയ്തിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. ഇതിനുള്ള നീക്കം തുടങ്ങിയെന്ന് നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു.. ഗോപൻ പണികഴിപ്പിച്ച ക്ഷേത്രത്തിൽ രാത്രി രണ്ടും മൂന്നും മണിക്കാണ് പൂജകൾ നടന്നിരുന്നതെന്നും ഇവർ ദുർമന്ത്രവാദം നടത്തുന്നവർ ആണെന്നും നാട്ടുകാർ ആരോപിക്കുന്നു.
'ശിവനെ ആരാധിക്കുന്നതിനാൽ ഇപ്രകാരം ചെയ്താൽ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ' എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് നാട്ടുകാരെയും വാർഡ് മെമ്പറെയും പോലും അറിയിക്കാതെ 'സമാധി' ചടങ്ങുകൾ നടത്തിയത് എന്നുമാണ് ഗോപന്റെ രണ്ടുമക്കളും പോലീസിന് നൽകിയിരിക്കുന്ന മൊഴി.





0 Comments