/uploads/news/news_അബിഗെലിനെ_കണ്ടെത്താനായില്ല;_നിർണായകമായി_..._1701156363_547.png
MISSING

അബിഗെലിനെ കണ്ടെത്താനായില്ല; നിർണായകമായി സി.സി.ടി.വി; പ്രതീക്ഷയോടെ കേരളത്തിന്റെ കാത്തിരിപ്പ്


കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറാ റെജിെയ കണ്ടെത്താനായില്ല. സംസ്ഥാനവ്യാപകമായി തിരച്ചിൽ തുടരുന്നു.  പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വെള്ള സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം. തിരുവനന്തപുരം വേളമാനൂരിലെ വീടിന്റെ സിസിടിവി ക്യാമറയിൽ കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. KL 04AF 3239 എന്ന നമ്പർ പ്ലേറ്റുള്ള കാർ വീടിന് മുന്നിലൂടെ പോയത് ഇന്നലെ വൈകിട്ട്  4.43നാണ്.  കൊല്ലം മൂലക്കട, ചിറക്കര ജംക്‌ഷൻ വഴി ഇന്നലെ പോയ കാറിനായും തിരച്ചിൽ തുടരുകയാണ്.  മൂലക്കട വഴി പോയത് ഇന്നലെ വൈകിട്ട് 5.18 ന്; ചിറക്കരയിലെത്തിയത് 5.23 ന്. കൊല്ലത്ത് ഐ.ജി ജി.സ്പർജൻകുമാറിൻറെ നേതൃത്വത്തിലാണ്  തിരച്ചിൽ. തട്ടിക്കൊണ്ടുപോയവരെന്ന് സംശയിക്കുന്നവർ ഇന്നലെ വൈകിട്ട് രണ്ടുതവണ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. ആദ്യം അഞ്ചുലക്ഷം രൂപയും  രണ്ടാമത് 10 ലക്ഷം രൂപയും മോചനദ്രവ്യം ആവശ്യപ്പെട്ടു.  


കുട്ടിയുമായി സംഘം  കൊല്ലം വിട്ടുപോയിട്ടുണ്ടാകില്ലെന്നും പൊലീസുമായി നിരന്തരം ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും മന്ത്രി  മലപ്പുറത്ത് പറഞ്ഞു . പൊലീസ് എല്ലാശ്രമങ്ങളും തുടരുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പ്രതികരിച്ചു. കുട്ടിയുമായി പ്രതികൾ കൊല്ലം ജില്ല വിട്ടുപോയിട്ടില്ലെന്നാണ് കരുതുന്നതെന്നും  മന്ത്രി മലപ്പുറത്ത് പറഞ്ഞു . പൊലീസിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ  കെ.വി.മനോജ് കുമാർ പറഞ്ഞു. അബിഗേലിൻറെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം. 


കുട്ടിയെ കൊണ്ടുപോയെന്ന് സംശയിക്കുന്ന വെളുത്തകാർ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത്  മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. കാർ വാഷിങ് സെന്ററിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കാർ വാഷിങ് സെന്റർ ഉടമ അടക്കം മൂന്നുപേരെ വിവരശേഖരണത്തിനായി കസ്റ്റഡിയിലെടുത്തത്. പക്ഷെ, ഇത് ഓയൂരിൽ സിസിടിവിയിൽ കണ്ട കാറല്ലെന്നാണ്   നിഗമനം. കാറുടമയെയും മറ്റ് രണ്ടുപേരെയും വിട്ടയച്ചു.

രാത്രിയിൽ വേളമാനൂരിലെ വീടുകളിലടക്കം പരിശോധന നടത്തി . വാഹനം ഇതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. അപ്പൂപ്പൻപാറയിലെ ക്വാറിയിലും പരിശോധന നടത്തി . പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലിൽ പങ്കെടുക്കുന്നു. 


പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ഐ.ജി. സ്പർജൻ കുമാർ പറഞ്ഞു. തിരച്ചിൽ തുടരുന്നു, എല്ലാ വശങ്ങളും പരിശോധിക്കും. അന്വേഷണത്തിന് സഹായകമായ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ആദ്യം ലഭിച്ച വാഹനനമ്പർ വ്യാജമാണെന്നും രണ്ടാമത്തെ നമ്പർ പരിശോധിക്കുന്നെന്നും ഐജി വിശദീകരിച്ചു.  പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പ്രതികൾ ഫോൺ ചെയ്യാനെത്തിയ കടയിലെ ആളുകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം. 


കടയിലെത്തിയത് ഒരു സ്ത്രീയും പുരുഷനുമെന്ന് പാരിപ്പള്ളിയിലെ കടയുടമ ജോയി പറഞ്ഞു. ‌സ്ത്രീ മുഖംമറച്ചിരുന്നു, ഓട്ടോയിൽ വന്നത് ഡ്രൈവറടക്കം മൂന്നുപേരാണ്. ഇവരെത്തിയ ഓട്ടോയോ ഡ്രൈവറെയോ മുൻപ് കണ്ടിട്ടില്ല. 

പാരിപ്പള്ളിയിൽ നിന്ന് പള്ളിക്കൽ ഭാഗത്തേക്കാണ് ഇവർ പോയത്. ഫോൺ വിളിക്കാനുള്ള സമയം കണക്കാക്കി സാധനങ്ങൾ വാങ്ങിയെന്നും ജോയി പറഞ്ഞു. 

അരിച്ചു പെറുക്കി പൊലീസ്

സഹോദരനൊപ്പം ട്യൂഷനുപോയ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഇന്നലെ വൈകിട്ട് നാലരയ്ക്ക്.   

വെള്ള സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ച് അന്വേഷണം

വേളമാനൂരിലെ വീടിന്റെ സിസിടിവി ക്യാമറയിൽ കാറിന്റെ ദൃശ്യങ്ങൾ പുറത്ത്

KL 04AF 3239 എന്ന നമ്പർ പ്ലേറ്റുള്ള കാർ വീടിന് മുന്നിലൂടെ പോയത് വൈകിട്ട് 4.43ന് 

തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും 10 കിലോമീറ്റർ അകലെയാണ് ഈ വീട്

തട്ടിക്കൊണ്ടു പോയതിനുശേഷം പ്രതികൾ കടന്നതിന്റെ ദൃശ്യമെന്ന് സൂചന 

വേളമാനൂരിൽനിന്ന് കല്ലുവാതുക്കലേക്ക് പോകുന്ന റോഡാണിത് 

*അബിഗേലിനെ തിരഞ്ഞ് നാട് *വെള്ളനിറമുള്ള സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം *സിസിടിവിയില്‍ സംശയിക്കുന്ന കാറിന്റെ ദൃശ്യങ്ങള്‍ *മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു വിട്ടു *പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല

0 Comments

Leave a comment