/uploads/news/news_എംവി_ഗോവിന്ദന്റെ_സാന്നിധ്യത്തില്‍_മേയര്‍..._1694863602_3970.png
NEWS

എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ മേയര്‍ക്ക് പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം; മറനീക്കി ഭിന്നത


തിരുവനന്തപുരം: സി.പി.എം. വിളിച്ചുചേർത്ത സ്ഥിരം സമിതി അധ്യക്ഷരുടെ യോഗത്തിൽ മേയറെയും കോർപ്പറേഷൻ ഭരണത്തെയും വിമർശിച്ച് വനിതാ കൗൺസിലർ രംഗത്തുവന്നതോടെ മറനീക്കി പുറത്തുവന്നത് കൗണ്‍സിലര്‍മാര്‍ക്കിടയിലെ പടലപ്പിണക്കം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബുവാണ് മേയറെയും ഭരണത്തെയും പരോക്ഷമായി വിമർശിച്ചത്.

നഗരസഭ പിടികൂടിയ അനധികൃത മാലിന്യവാഹനം വിട്ടുകൊടുക്കാനുള്ള സ്ഥിരംസമിതി അധ്യക്ഷയുടെ ശുപാർശ ഉദ്യോഗസ്ഥർ ചെവിക്കൊള്ളാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ഇതിനു പിന്നിൽ. സി.ഐ.ടി.യു. പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് കോർപ്പറേഷൻ സ്‌ക്വാഡ് പിടികൂടിയത്. പിഴ ഒഴിവാക്കി വാഹനം വിട്ടുകൊടുക്കാത്തതിന്റെപേരിൽ ആരോഗ്യ, മരാമത്ത് സ്ഥിരംസമിതി അധ്യക്ഷർ, ഉദ്യോഗസ്ഥർക്കുനേരേ തിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൂടിയ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ കോർപ്പറേഷൻ സെക്രട്ടറിയും ഹെൽത്ത് ഓഫീസറും സ്ഥിരംസമിതി അധ്യക്ഷരുടെ രോഷത്തിനിരയായി. മേയർ ഉൾപ്പെടെയുള്ളവരുടെ പിടിപ്പുകേട് കാരണമാണ് ഉദ്യോഗസ്ഥർ കൗൺസിലർമാരുടെ നിർദേശങ്ങളും ശുപാർശകളും അംഗീകരിക്കാത്തത് എന്നായിരുന്നു പാർട്ടി യോഗത്തിൽ ഉണ്ടായ വിമർശനം. ജില്ലാ സെക്രട്ടറി വി.ജോയി, കോർപ്പറേഷന്റെ ചുമതലയുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ജയൻബാബു, സംസ്ഥാന സമിതി അംഗം എം.വിജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭവം.

പടലപ്പിണക്കങ്ങളെത്തുടർന്ന് കോർപ്പറേഷൻ ഭരണസമിതി അഴിച്ചുപണിതത് ഒരു മാസം മുൻപാണ്. പുതുതായി എത്തിയ സ്ഥിരംസമിതി അധ്യക്ഷൻമാരുമായി ആശയവിനിമയം നടത്താൻ പാർട്ടി സെക്രട്ടറി വിളിച്ചുചേർത്ത ആദ്യയോഗത്തിൽതന്നെ ഉൾപ്പോര് തലപൊക്കി.

കോർപ്പറേഷനിലെ പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെയാണ് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു അപ്രതീക്ഷിതമായി ഭരണസമിതിക്കുനേരെ തിരിഞ്ഞത്.

അഴിച്ചുപണിതിട്ടും അംഗങ്ങൾക്കിടയിൽ തുടരുന്ന ഭിന്നത മാറ്റാൻ കഴിയാതെ പാർട്ടി ജില്ലാ നേതൃത്വവും കുഴങ്ങി. ആദ്യ ടേമിൽ സ്ഥിരംസമിതി അധ്യക്ഷരായിരുന്നവരെ മാറ്റി അഞ്ച് പുതുമുഖങ്ങളെ പകരം നിയോഗിക്കുകയായിരുന്നു. ഈ ടേമിലാണ് ഗായത്രി സ്ഥിരംസമിതി അധ്യക്ഷ പദത്തിലെത്തിയത്.

അതേസമയം പാർട്ടി യോഗത്തിൽ മേയർക്കും കോർപ്പറേഷൻ ഭരണത്തിനുമെതിരേ താൻ വിമർശനമുന്നയിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഗായത്രി ബാബു പറഞ്ഞു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഗായത്രി പറഞ്ഞു.

ഭരണത്തെ വിമർശിച്ച് ഗായത്രി ബാബു. വിമർശനം പാർട്ടി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ

0 Comments

Leave a comment