മലയം; തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിന് മാതൃകയായി മാറിയിരിക്കുകയാണ് ചൂഴാറ്റുപേട്ട അജിൻ നിവാസിൽ സുജ. ഹെവി വാഹനമായ ടാങ്കർ ലോറി ഡ്രൈവറായി ഐഷറിൽ എത്തി പെട്രോൾ പമ്പിൽ ഇന്ധനം നിറച്ചാണ് ഹെവി ഡ്രൈവർ എന്ന തൻ്റെ ജീവിത ലക്ഷ്യം നേടിയെടുത്തത്.
കുഞ്ഞുന്നാൾ മുതലുള്ള സുജയുടെ ആഗ്രഹമായിരുന്നു വലിയ വാഹനം ഓടിക്കണമെന്നത്. അന്ന് തൊട്ടേ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവറുടെ സീറ്റിനടുത്തു സ്ഥലം നോക്കി ഇരിപ്പിടം തേടുന്നത് പതിവാക്കി. പിന്നെ ഡ്രൈവർ വാഹനമോടിക്കുമ്പോഴുള്ള കൈ കാൽ ചലനങ്ങൾ ശ്രദ്ധിക്കുന്ന ശീലവുമായി.
അങ്ങനെയിരിക്കുമ്പോഴാണ് തനിക്ക് കല്യാണ ആലോചന തുടങ്ങിയതും ഡ്രൈവറായ അൽഫോൺസ് തന്നെ പെണ്ണു കാണാനെത്തിയതെന്നും സുജ പറഞ്ഞു. കാണാനെത്തിയ പയ്യനോട് എൻ്റെ ആഗ്രഹം പറഞ്ഞു. സമ്മതിച്ചാൽ കല്യാണത്തിന് തയ്യാർ എന്നും അറിയിച്ചു. എന്നെ കാണാനെത്തിയ പയ്യൻ ഡ്രൈവറായതിനാൽ അദ്ദേഹം സമ്മതവും പറഞ്ഞു. അങ്ങനെ കല്യാണവും നടത്തി. തുടർന്നു കല്യാണ ശേഷം ഡ്രൈവിംഗ് പഠനവുമാരംഭിച്ചെന്ന് സുജ പറഞ്ഞു.
ലൈസൻസ് എടുത്ത ശേഷം ടാക്സിയോടിച്ചും സ്കൂൾ വാഹനങ്ങൾ ഓടിച്ചും സുജ ആദ്യ പടി കടന്നു. ഇപ്പോൾ ഹെവി എടുത്തിട്ട് 14 വർഷമായി. തുടർന്ന് കേരള തമിഴ്നാട് റോഡിൽ ലോറിയോടിച്ചു തുടങ്ങി. 2022ൽ സ്കൂൾ ബസ് ഡ്രൈവറായും സ്കൂൾ ടീച്ചറായും ഇരട്ട റോളിൽ തിളങ്ങി. ലോറി ഡ്രൈവറായി പലസ്ഥലങ്ങളിൽ പോകുമ്പോഴും ഒരു ദുരനുഭവും ഉണ്ടായിട്ടില്ലെന്നും കൊറോണ സമയത്തൊഴികെ നല്ല രീതിയിലുള്ള അംഗീകാരമാണ് കിട്ടിയതെന്നും സുജ പറയുന്നു.
ഈ പ്രചോദനമാണ് പിന്നീട് ടാങ്കർ ലോറി ഓടിക്കുവാൻ ലക്ഷ്യമിട്ടത്. മറ്റ് വാഹനങ്ങൾ ഓടിക്കുവാൻ ഹെവി ലൈസൻസ് മതിയെങ്കിലും ടാങ്കർ ലോറി ഓടിക്കുവാൻ ഹസാലസിൻ്റെ ലൈസൻസ് വേണം. അങ്ങനെ ഒരു വർഷം മുമ്പ് ഹസാലസിൻ്റെ ലൈസൻസ് എടുത്തെങ്കിലും ഒരു മാസം മുമ്പാണ് കാട്ടാക്കടയിലെ ഒരു സ്വകാര്യ പമ്പിൽ ഡ്രൈവറായി ജോലി കിട്ടിയത്. ഇന്ത്യൻ ഓയിൽ ശ്രീറാം പമ്പിൻ്റെ ഉടമസ്ഥയിലുള്ള ടാങ്കറിൽ എറണാകുളത്തെ ഇരുമ്പനയിൽ നിന്നും ഇന്ധനം നിറച്ച് തിരുവനന്തപുരം കാട്ടാക്കടയിലെ പമ്പിലെത്തിക്കും.
സ്ത്രീയെന്ന നിലയിൽ എല്ലായിടങ്ങളിലും തനിക്ക് മുൻതൂക്കം ലഭിക്കുന്നുവെന്നും വനിതകൾ കൂടുതൽ ഹെവി വാഹനങ്ങളോടിക്കുവാൻ രംഗത്തെത്തണമെന്നും സുജ പറയുന്നു.
സുജയുടെ ആഗ്രഹങ്ങൾ ഇനിയും തീരുന്നില്ല. ഇനി വോൾവോ ഓടിക്കണം. അതിനായി അടുത്ത ചുവടുവെയ്പ്പ് നടത്തുകയാണ് സുജ. ഭർത്താവ് അൽഫോൺസ് സ്കൂൾ ഡ്രൈവറാണ്. മകൾ അഖിജ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയും മകൻ അജിൻ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയുമാണ്.
ഡ്രൈവറാകണമെന്ന മോഹം കൊണ്ട് നടക്കുമ്പോഴാണ് തനിക്ക് കല്യാണാലോചന തുടങ്ങിയത്.





0 Comments