ലോകത്തിനുമുന്നിൽ, രാജ്യത്തിന് അഭിമാനമായി മതസൗഹാർദ്ദത്തിന്റെ സുന്ദരകാഴ്ചയുമായി ഒരു ഗ്രാമം. തമിഴ്നാട് ശിവഗംഗ ജില്ലയിൽ കാരക്കുടി പനങ്കുടിയെന്ന ഗ്രാമം. ഇവിടെ എല്ലാ മതവിഭാഗങ്ങളും ചേർന്ന് ഒരു മുസ്ലിംപള്ളി നിർമ്മിച്ചതാണ് മതസൗഹാർദ്ദത്തിന്റെ സുന്ദരകാഴ്ചയായത്.
രാജ്യത്ത് പലയിടത്തും മതവിദ്വേഷവും തർക്കങ്ങളും ഉണ്ടാകുമ്പോഴാണ് ഈ വേറിട്ട കാഴ്ച്ച മനസ്സ് നിറയ്ക്കുന്നത്. ഇരുന്നൂറ് വർഷത്തിലധികം പഴക്കമുള്ളതായിരുന്നു ഇവിടുത്തെ മസ്ജിദ്. ജീർണാവസ്ഥയിൽ ആയ മസ്ജിദ് പുതുക്കി പണിയാൻ പള്ളിക്കമ്മിറ്റി തീരുമാനിച്ചുവെങ്കിലും ബാക്കിയുള്ളതൊക്കെ നാട്ടുകാർ ജാതിമതഭേദമന്യേ തോളോടു തോൾ ചേർന്നുനിന്ന്, ചെയ്തു തീർത്തു. ഒന്നരക്കോടി രൂപ ചിലവിൽ പനങ്കുടി ഗ്രാമത്തിൽ ഉയർന്നത് മതസൗഹാർദ്ദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായി പുതിയൊരു മസ്ജിദ്.
എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെ ഒരു മതിൽക്കെട്ടിന്റെ പോലും വേർതിരിവില്ലാതെ, അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. മസ്ജിദ് തുറക്കുന്ന വേളയിൽ, ക്ഷേത്രത്തിൽ പ്രത്യേക പൂജകളുണ്ടായിരുന്നു. പള്ളിയിലും എല്ലാവരുമെത്തി. അങ്ങനെ എല്ലാവരും ചേർന്ന് പനങ്കുടിയെ മറ്റുള്ളവർക്ക് മാതൃകയാക്കി മാറ്റുകയാണ്.
ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനുമില്ല, എല്ലാം സഹോദരങ്ങൾ മാത്രം.മതവെറിപൂണ്ട് നടക്കുന്നവരുള്ള ഇക്കാലത്ത്, പനങ്കുടി ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങൾ കാണിച്ചുതരികയാണ് എങ്ങനെയാണ് സാഹോദര്യത്തോടെ ജീവിയ്ക്കേണ്ടതെന്ന്.
ജീർണാവസ്ഥയിൽ ആയ മസ്ജിദ് പുതുക്കി പണിയാൻ പള്ളിക്കമ്മിറ്റി തീരുമാനിച്ചുവെങ്കിലും ബാക്കിയുള്ളതൊക്കെ നാട്ടുകാർ ജാതിമതഭേദമന്യേ തോളോടു തോൾ ചേർന്നുനിന്ന്, ചെയ്തു തീർത്തു.
0 Comments