തിരുവനന്തപുരം : ആനവണ്ടി പ്രേമികൾക്കിടയിൽ ഒരു പ്രത്യേക ഫാൻ ബേസുള്ള സർവീസാണ് മിന്നൽ. 'തീവണ്ടിയെക്കാൾ വേഗതയുള്ള ബസ് സർവീസ്', ഇത് വെറുമൊരു പരസ്യവാചകമല്ലെന്ന് തെളിയിച്ച KSRTCയുടെ പടക്കുതിരയാണ് 'മിന്നൽ'. 2017ൽ സർവീസ് ആരംഭിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ടാണ് മിന്നൽ ജനപ്രിയമായതും KSRTCയുടെ അഭിമാനമായി മാറിയതും. മിന്നലിന്റെ പിറവിക്ക് പിന്നിലെ കഥ ഇങ്ങനെ.
_1736248220.jpg)
2015ൽ കെഎസ്ആർടിസി ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട്, സ്റ്റോപ്പുകൾ പരമാവധി കുറച്ച് സിൽവർ ലൈൻ ജെറ്റ് എന്ന പേരിൽ ഒരു ബസ് സർവീസിന് തുടക്കമിട്ടിരുന്നു.

ആദ്യമൊക്കെ മികച്ച പ്രതികരണം ലഭിച്ച സർവീസിന് ആനവണ്ടി പ്രേമികൾ 'വെള്ളക്കുതിര' എന്ന ഓമനപ്പേരും നൽകി. കാലക്രമേണ സ്റ്റോപ്പുകൾ വർദ്ധിപ്പിക്കുകയും ബസ് ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുകയും ചെയ്തതോടെ ഓമനപ്പേരും നൽകി താലോലിച്ച യാത്രക്കാർ സിൽവറിനെ പൂർണമായും കയ്യൊഴിഞ്ഞു. ഇതോടെ KSRTC സിൽവർ ലൈൻ ജെറ്റ് സർവീസ് ഉപേക്ഷിച്ചു. പിന്നീട് സിൽവറിന്റെ പോരായ്മകളെ പറ്റി മനസ്സിലാക്കി പരിഹാരമായി വളരെ കണിശമായ തീരുമാനവുമായി മിന്നൽ ബസ് സർവീസിന് തുടക്കം കുറിച്ചു.

അന്നത്തെ KSRTC മാനേജിങ് ഡയറക്ടറായിരുന്ന എം.ജി രാജമാണിക്യം ഐഎഎസിന്റെ ആശയമായിരുന്നു 2017 ജൂൺ 28ന് മിന്നൽ എന്ന പേരിൽ സാക്ഷാത്കരിക്കപ്പെട്ടത്. അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ (ഓപ്പറേഷൻസ്) ചുമതല വഹിച്ചിരുന്ന ജി അനിൽകുമാറിന്റെ പരിശ്രമവും ഇതിന് പിന്നിലുണ്ട്. കെഎസ്ആർടിസിയുടെ തമ്പാനൂരിലെ സെൻട്രൽ ബസ് സ്റ്റേഷനിൽ അന്നത്തെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയാണ് മിന്നൽ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. സ്റ്റോപ്പുകൾ പരിമിതപ്പെടുത്തി രാത്രി മാത്രം സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ക്ലാസ് ഗണത്തിൽപ്പെട്ട അതിവേഗ സർവീസുകൾ ആരംഭിക്കണമെന്നായിരുന്നു എം.ജി രാജമാണിക്യത്തിന്റെ നിർദേശം. ലൈറ്റ്നിംഗ് എക്സ്പ്രസ് എന്ന പേരിൽ സർവീസ് ആരംഭിക്കാൻ ആയിരുന്നു ആദ്യ ആലോചന. എന്നാൽ എം.ജി രാജമാണിക്യത്തിന്റെ നിർദേശപ്രകാരം സർവീസിന് 'മിന്നൽ' എന്ന് നാമകരണം ചെയ്യുകയായിരുന്നു.

നാം ഇന്ന് കാണുന്ന മിന്നലിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു മിന്നൽ ബസിന്റെ ആദ്യ രൂപകൽപ്പന. നീല നിറത്തിലുള്ള ലിവറി ഉപയോഗിച്ചായിരുന്നു ബസ് ഡിസൈൻ ചെയ്തിരുന്നത്. പിന്നീട് KSRTC സോഷ്യൽ മീഡിയ സെല്ലിലെ ഗ്രാഫിക് ആർട്ട് ഡിസൈനറായ എ കെ ഷിനു ആണ് നാമിന്ന് കാണുന്ന രീതിയിൽ മിന്നൽ ബസിന്റെ ഡിസൈൻ പരിഷ്‌ക്കരിച്ചത്.
കുറവ് സ്റ്റോപ്പുകൾ, സമയകൃത്യത പാലിക്കൽ എന്നീ സവിശേഷതകൾ തന്നെയാണ് മിന്നലിനെ ചുരുങ്ങിയ നാളുകൾ കൊണ്ട് ജനപ്രിയമാക്കിയത്. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമാണ് മിന്നലിന് സ്റ്റോപ്പ്. സ്റ്റോപ്പുകൾ കുറവായതിനാലും ഒരേ രീതിയിൽ വേഗത ക്രമീകരിച്ച് സർവീസ് നടത്തുന്നതിനാലും രാത്രി സമയങ്ങളിൽ പൊതുവേ ഗതാഗതക്കുരുക്ക് കുറവായതിനാലും ട്രെയിനുകളെക്കാൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നു എന്നതാണ് മിന്നലിനെ ജനം ഏറ്റെടുക്കാനുള്ള പ്രധാനകാരണങ്ങൾ. മിന്നൽ ബസിൽ കണ്ടക്ടറുടേത് ഉൾപ്പെടെ 40 സീറ്റുകൾ ആണുള്ളത്. നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. എയർ സസ്‌പെൻഷനും പുഷ്ബാക് സീറ്റുകളുമുള്ള മിന്നലിൽ മൊബൈൽ ചാർജിങ് പോയിന്റുകളുമുണ്ട്.

കെഎസ്‌ആർടിസി ബസുകളില്‍ ഏറ്റവും സുഖകരമായ യാത്ര ആഗ്രഹിക്കുന്നവർക്ക് മിന്നല്‍ ബസുകള്‍ തീർച്ചയായും ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും.
മിന്നൽ സർവീസ് ലാഭം നേടാനുള്ള സർവീസ് എന്നതിനപ്പുറം സേവനമായാണ് കെഎസ്‌ആർടിസി കാണുന്നത്. സാധാരണ ഡീലക്സ് ബസിലെ നിരക്കും, കുറഞ്ഞ സ്റ്റോപ്പുകളും, ട്രെയിനുകളേക്കാൾ വേഗത്തിൽ എത്തിച്ചേരുന്ന ബസുകൾ എന്ന പേരും കാരണം ബസ് സർവീസുകൾ പെട്ടന്ന് ഹിറ്റായി. ഇതോടെ വിവിധ ഡിപ്പോകളിൽ നിന്നും ദീർഘദൂര സർവീസുകൾ മിന്നലായി അവതരിച്ചു. ഇവയെല്ലാം മികച്ച കളക്ഷനോടെ സർവീസ് തുടരുകയാണ്. വേഗപരിധി ഉൾപ്പെടെ ഒഴിവാക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് പ്രത്യേക അനുമതി മിന്നലിനായി വാങ്ങിയിരുന്നു. ഒരു ജില്ലയിൽ ഒരു സ്റ്റോപ്പാണ് മിന്നലിനുള്ളത്. ഇതിനിടയ്ക്ക് ഒരിടത്തും നിർത്തില്ല. സ്ത്രീകളും പ്രായമായവരും നിർത്തണമെന്നാശ്യപ്പെട്ടാൽ പോലും നിർത്തില്ല. ഇതിനും കോടതിയിൽ നിന്ന് പ്രത്യേക അനുമതി കെഎസ്ആർടിസി വാങ്ങിയിട്ടുണ്ട്.
2018 ൽ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് യാത്രക്കാരിയെ ഇറക്കാന്‍ വേണ്ടി വടകരയ്ക്ക് സമീപം ചോമ്പാലയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് പോലീസ് തടഞ്ഞ സംഭവം വിവാദമായിരുന്നു. ദേശീയപാത 66ന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ റണ്ണിങ് സമയം രണ്ട് മുതല്‍ മൂന്നുമണിക്കൂര്‍ വരെ കുറയും. 23 മിന്നല്‍ സര്‍വീസാണ് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്. ഓൺലൈൻ റിസർവേഷൻ ഉള്ളതിനാൽ എല്ലാ മിന്നൽ ബസുകളിലും രണ്ടുദിവസം മുൻപ് തന്നെ സീറ്റുകൾ ഫുൾ ആകും. താഴ്ന്ന ശ്രേണിയിൽപ്പെട്ട സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ബസുകൾ മിന്നൽ ബസുകൾക്ക് സൈഡ് നൽകാതിരുന്നതും മത്സരിച്ച് മറികടക്കുന്നതുമായ ധാരാളം പരാതികൾ കോർപറേഷന് ലഭിച്ചിരുന്നു. പരാതി വ്യാപകമായതോടെ, 'അമ്മാതിരി ഓവർടേക്കിങ്' വേണ്ടെന്ന് കർശന നിർദേശം നൽകിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.
തീവണ്ടിയെക്കാൾ വേഗതയുള്ള ബസ് സർവീസ് എന്ന പരസ്യവാചകം വെറുതെയല്ലെന്നും KSRTC മിന്നലിലൂടെ തെളിയിച്ചു. റണ്ണിംഗ് ടൈമിൽ അമൃത എക്സ്പ്രസ് ട്രെയിനിനെയാണ് തിരുവനന്തപുരം- പാലക്കാട് മിന്നൽ സർവീസ് മലർത്തിയടിച്ചത്.

തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ട് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് ബസിന്റെ യാത്ര തുടങ്ങുന്നത്. ട്രെയിന്‍ പാലക്കാട് എത്തുന്നതിന് മുമ്പ് മിന്നൽ സ്റ്റാന്റിലെത്തും. ഇക്കാര്യം മനസിലാക്കിയ യാത്രക്കാര്‍ ഇപ്പോള്‍ ട്രെയിന്‍ യാത്രയേക്കാള്‍ മിന്നല്‍ വണ്ടിയെ ആശ്രയിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാത്രി 9.30ന് തിരുവനന്തപുരം ബസ് സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങുന്ന മിന്നൽ, 6 മണിക്കൂറും 35 മിനിറ്റുമെടുത്ത് 4.05ന് പാലക്കാടെത്തും. ഇതിനിടയില്‍ നാലിടങ്ങളില്‍ മാത്രമേ സ്റ്റോപ്പുള്ളൂ. (കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍) ഇടക്കുള്ള ഡിപ്പോകളിലൊന്നും കയറാതെ ബൈപ്പാസുകള്‍ ഉപയോഗിച്ചായിരിക്കും യാത്ര. എന്നാല്‍ രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന അമൃത എക്‌സ്പ്രസ് 7 മണിക്കൂര്‍ 10 മിനിറ്റെടുത്ത് 3.40നാണ് പാലക്കാടെത്തുന്നത്.
ട്രെയിനിനൊപ്പം തന്നെ അല്ലെങ്കിൽ ചില ട്രെയിനുകളേക്കാൾ വേഗത്തിൽ എത്തുന്ന ബസ് സർവീസുകളിലൊന്നാണ് തിരുവനന്തപുരം- കണ്ണൂർ റൂട്ടിലെ മിന്നൽ.

പൊതുവേ ഈ റൂട്ടിൽ ബസ് യാത്രയ്ക്ക് 11 മണിക്കൂർ മുതൽ 14 മണിക്കൂർ വരെ വേണ്ടപ്പോൾ ഒൻപതര മണിക്കൂർ മാത്രമെടുത്താണ് മിന്നൽ ഓടിയെത്തുന്നത്. സമയം നോക്കിയാൽ ഈ റൂട്ടിലെ ജനപ്രിയ ട്രെയിനുകളിൽ ഒന്നായ ജനശതാബ്ദിയേക്കാളും വേഗത്തിൽ മിന്നൽ ബസ് എത്തും. മാവേലി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നീ രണ്ടു ട്രെയിനുകളുടെയും അതേ യാത്രാ സമയം തന്നെയാണ് തിരുവനന്തപുരം- കണ്ണൂർ മിന്നലിനു വേണ്ടത്.

ദിവസ വരുമാനം ശരാശരി 45,000 രൂപയുള്ള ബത്തേരി- തിരുവനന്തപുരം മിന്നൽ ദിനംപ്രതി ഓടുന്നത് 1,100 കിലോമീറ്റർ. ഇതുവരെ ഓടിയത് 13 ലക്ഷം കിലോമീറ്റർ. രാത്രി പത്തു മണിക്ക് ബത്തേരിയിൽ നിന്ന് എടുക്കുന്ന ബസ് രാവിലെ 7.20ന് തിരുവനന്തപുരത്തെത്തും.
ബത്തേരിയിൽ നിന്ന് ബസ് സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഏകദേശം സീറ്റുകൾ നിറഞ്ഞിരിക്കും. ബാക്കി സീറ്റുകൾ കൽപറ്റയും കോഴിക്കോടും എത്തുമ്പോഴേക്കും നിറയും. ഒരാഴ്ച മുൻപെങ്കിലും ബുക്കു ചെയ്താലെ സീറ്റ് കിട്ടൂ. ഉത്സവകാലം ആണെങ്കിൽ രണ്ടാഴ്ച മുൻപെങ്കിലും സീറ്റ് ബുക്ക് ചെയ്യണം. കേരളത്തിലെ കെഎസ്ആർടിസിക്ക് നഷ്ടക്കണക്ക് മാത്രം പറയാനുള്ളപ്പോൾ ഈ ബസ് ഒരു മാസം സമ്പാദിക്കുന്നത് 12 ലക്ഷം രൂപയോളമാണ്. ബത്തേരി മുതൽ തിരുവനന്തപുരം വരെയുള്ള 550 കിലോമീറ്റർ ഓടാൻ 9.20 മണിക്കൂറാണ് എടുക്കുന്നത്. ഒരു കിലോമീറ്റർ 1 മിനിറ്റ് 5 സെക്കൻഡ് കൊണ്ട് ഓടിയെത്തിയാലേ കൃത്യസമയത്ത് ലക്ഷ്യ സ്ഥാനത്തെത്തൂ. അതായത്. ഒരു മണിക്കൂറിൽ ചുരുങ്ങിയത് 62 കിലോമീറ്റർ ഓടണം. ഇടയ്ക്ക് നിർത്തേണ്ടതായും ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും നഷ്ടപ്പെടുന്ന സമയം ഓടിപ്പിടിക്കണം. അപ്പോൾ വേഗത പിന്നെയും കൂടും.
ശബരിമല സീസൺ കഴിയുന്നതോടെ തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആർടിസി അധികൃതർ. മിന്നൽ സർവീസുകൾ അടുത്തിടെയാണ് സംസ്ഥാനത്തിന് പുറത്തേയ്ക്ക് സർവീസ് ആരംഭിച്ച് തുടങ്ങിയത്. ആദ്യഘട്ടത്തിൽ പാലക്കാട് നിന്നും കൊല്ലൂർ മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിച്ചത്. വൈകീട്ട് പാലക്കാട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ അഞ്ചിനും ആറിനുമിടയിൽ കന്യാകുമാരിയിൽ എത്തും.

രാത്രി ഏഴിനുശേഷം കന്യാകുമാരിയിൽ നിന്ന് മടക്കയാത്ര പുറപ്പെടും. രാവിലെ കന്യാകുമാരിയിൽ എത്തി സൂര്യോദയം കണ്ട്, കാഴ്ചകൾ ആസ്വദിച്ച്, വൈകീട്ട് സൂര്യാസ്തമയവും കഴിഞ്ഞ് അന്ന് തന്നെ മടങ്ങണമെങ്കിൽ മിന്നൽ ബസ് യാത്രയാണ് ഉചിതം.
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിലേക്കും തിരിച്ചും മിന്നൽ ബസ് എല്ലാ ദിവസവുമുണ്ട്. തിരുവനന്തപുരം കെഎസ്ആർടിസി സ്റ്റാന്‍ഡിൽ നിന്നും രാത്രി 11:15 ന് തിരിക്കുന്ന തിരുവനന്തപുരം- മൂന്നാർ മിന്നൽ ബസ് ആറര മണിക്കൂർ മാത്രമെടുത്ത് 05:45 ന് ലക്ഷ്യസ്ഥാനത്ത് എത്തും. ഏഴര- എട്ടു മണിക്കൂർ മുതൽ ഒൻപത് മണിക്കൂർ വരെയാണ് മറ്റു ബസുകൾക്ക് തിരുവനന്തപുരം-- മൂന്നാർ റൂട്ടിലെ യാത്രയ്ക്ക് വേണ്ടത്. മൂന്നാറിൽ നിന്നും എല്ലാ ദിവസവും രാത്രി 8 മണിക്ക് തിരിക്കുന്ന മിന്നൽ വെളുപ്പിന് 2:35ന് തിരുവനന്തപുരത്തും എത്തിച്ചേരും.

സ്റ്റോപ്പുകളില്ലാത്ത സ്ഥലത്ത് ഏറ്റവും എളുപ്പത്തിൽ എത്താവുന്ന റോഡിലൂടെ മിന്നൽ ബസിന് സഞ്ചരിക്കാം. ഡ്രൈവർ കം കണ്ടക്ടർ രീതിയിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ രണ്ട് പേരും മാറി മാറി ബസ് ഓടിക്കും. മൂന്ന് വർഷമാണ് ഡീലക്സ് ബസുകളുടെ കാലാവധി. അത് കഴിഞ്ഞാൽ പിന്നെ ഗ്രേഡ് താഴ്ത്തി ഹ്രസ്വദൂര സർവീസുകൾക്കാണ് ഉപയോഗിക്കുക. എന്നാൽ ഇപ്പോൾ ഓടുന്ന മിന്നൽ ഉൾപ്പെടെയുള്ള ഡീലക്സ് ബസുകൾക്ക് ഏഴ് വർഷം പഴക്കമുണ്ട്. പലപ്പോഴും നിലംതൊടാതെയുള്ള വേഗതയിൽ ആണ് ബസ് പോകുന്നതെങ്കിലും ഇതുവരെ കാര്യമായ അപകടങ്ങളൊന്നുമുണ്ടായില്ല. 2018 ജൂണിൽ ദേശീയപാതയിൽ കായംകുളം ഒഎൻകെ ജംക്‌ഷനിൽ മിന്നൽ ബസും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവർ മരിച്ചിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരിൽ ചിലർക്ക് പരുക്കേൽക്കുകയും ചെയ്തു. മിന്നലിൽ 70 ശതമാനം ആൾക്കാരും സ്ഥിരം യാത്രക്കാരാണ്. ഇതിൽ പലരും ബസ് ജീവനക്കാരുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്നവരുമാണ്.
ദീര്‍ഘദൂര രാത്രിയാത്രകളില്‍ യാത്രക്കാരെ കൊള്ളയടിച്ചു കൊണ്ടിരുന്ന സ്വകാര്യ ബസുകള്‍ക്കാണ് മിന്നല്‍ സര്‍വ്വീസുകള്‍ കനത്ത തിരിച്ചടിയായത്. അതുകൊണ്ടു തന്നെ മിന്നല്‍ സര്‍വ്വീസുകളെ ഏതുവിധേനയും തകര്‍ക്കുകയെന്ന അപവാദപ്രചരണവുമായി സ്വകാര്യബസ് ലോബികള്‍ 2017ൽ രംഗത്തെത്തിയിരുന്നു. ഇതിനായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഇവര്‍ കൂട്ടുപിടിച്ചു. തെറ്റായ വിവരങ്ങള്‍ നല്‍കി മിന്നലിനെ തകര്‍ക്കാന്‍ ശ്രമിച്ചു. മിന്നല്‍ സര്‍വ്വീസുകള്‍ വിജയിക്കില്ലെന്നും കൃത്യസമയത്ത് ഓടിയെത്തില്ലെന്നും ബസ് ഓടിത്തുടങ്ങുന്നതിന് മുമ്പ് ചിലര്‍ പ്രചരണം നടത്തി. നേരത്തെ ആരംഭിച്ച സില്‍വര്‍ലൈന്‍ ജെറ്റ് സര്‍വ്വീസുകള്‍ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രചരണം. എന്നാല്‍ അമിത നിരക്ക് ഈടാക്കിയതുകൊണ്ടും അശാസ്‌ത്രീയമായ സ്റ്റോപ്പുകളുമാണ് സില്‍വര്‍ലൈന്‍ ജെറ്റ് ബസുകള്‍ പരാജയമാകാന്‍ കാരണം. മിന്നലിനെതിരായ അപവാദപ്രചരണം ബസ് ഓടിത്തുടങ്ങി ആദ്യ ദിവസം തന്നെ പൊളിഞ്ഞു. പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെയ്പ്പായിരുന്നു മിന്നല്‍ സർവീസുകൾ.
ദീര്‍ഘദൂര രാത്രിയാത്രകളില്‍ യാത്രക്കാരെ കൊള്ളയടിച്ചു കൊണ്ടിരുന്ന സ്വകാര്യ ബസുകള്‍ക്കാണ് മിന്നല്‍ സര്‍വ്വീസുകള്‍ കനത്ത തിരിച്ചടിയായത്. അതുകൊണ്ടു തന്നെ മിന്നല്‍ സര്‍വ്വീസുകളെ ഏതുവിധേനയും തകര്‍ക്കുകയെന്ന അപവാദപ്രചരണവുമായി സ്വകാര്യബസ് ലോബികള്‍ 2017ൽ രംഗത്തെത്തിയിരുന്നു.




0 Comments