പ്രവാസികളെ വഞ്ചിക്കുന്ന കേന്ദ്രംഅധ്വാനിക്കുന്നവർക്കായി അധികഭാരമില്ലാതെ സാധ്യമായ നടപടികൾ സ്വീകരിക്കാനും പൗരന്മാർക്ക് എളിയ സഹായങ്ങൾ അനുവദിക്കാനും വിമുഖത കാണിക്കുകയാണ് മോദി സർക്കാർ. പകരം വൻകിടക്കാരുടെ കുഴലൂത്തുകാരായി എല്ലാ സാമ്പത്തികഭാരവും സാധാരണക്കാരിലേക്ക് ഇറക്കിവയ്‌ക്കുകയാണ്. ഇന്ധനവില വർധന ദരിദ്രരുടെ നിത്യജീവിതത്തിൽ കുരുക്കുമുറുക്കുകയും ചെറുകിടവാഹനം ആശ്രയിച്ച് കഴിയുന്നവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുകയുമാണല്ലോ. അതിന്റെ അനുബന്ധമാണ് വിമാന ടിക്കറ്റ് നിരക്കിൽ അടിച്ചേൽപ്പിക്കുന്ന ഭീമമായ വർധന. ആകാശയാത്രികരെല്ലാം അതിസമ്പന്നരാണെന്ന കാഴ്‌ചപ്പാട് ശരിയല്ല. കോവിഡ് നിയന്ത്രണം നീക്കിത്തുടങ്ങിയതിന്റെ പശ്‌ചാത്തലത്തിൽ യാത്രായിളവ് പ്രഖ്യാപിച്ചതോടെ നിരക്കുകൾ താങ്ങാവുന്നതിനപ്പുറമായി. കുടുങ്ങിക്കിടന്ന പ്രവാസികളിൽനിന്ന് മൂന്നിരട്ടിവരെ അധികപണം പിഴിയുകയാണ്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് മടക്കം സാധ്യമാകുക. ഇളവുകൾ കണ്ടതോടെ സ്വകാര്യ കമ്പനികൾ വിമാന ടിക്കറ്റ് നിരക്ക് ആകാശംമുട്ടിച്ചു. ആവശ്യക്കാർ ഏറുന്നതിനനുസരിച്ച് ഇനിയും കൂട്ടുമെന്നുറപ്പ്. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിലും ജൂൺ ഒന്നുമുതൽ അമിതവർധന നിലവിൽവന്നു. കോവിഡ് കാരണം സർവീസ് കുറവാണെന്നത് യാത്രക്കാർക്കു മുന്നിൽ മറ്റൊരു വഴി ഇല്ലാതാക്കി. മധ്യവേനലവധിക്കാലത്തും ഉത്സവാഘോഷ വേളകളിലും നിരക്ക് കൂട്ടുന്നത് പതിവാണ്. അത് പ്രവാസികളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര അലങ്കോലപ്പെടുത്തുന്നു. സെക്യൂരിറ്റി ഫീസ് ഇനത്തിലും വർധനയുണ്ടായി. വിദേശനാണ്യം എത്തിക്കുന്ന പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്ന് ഭംഗിവാക്ക് പറയുമ്പോഴും അവരുടെ കണ്ണീരൊപ്പാൻ കേന്ദ്രം ചെറുവിരലനക്കാറില്ല. എന്നാൽ, ദ്രോഹിക്കാവുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയുമാണ്. വിമാന ടിക്കറ്റ് നിരക്ക് വർധന താങ്ങാനാകാതെ നിരവധി കുടുംബം വർഷങ്ങളായി നാട്ടിൽ വരാതെ കണ്ണീർ കുടിക്കുന്നുമുണ്ട്. നിരക്ക് കുറയ്ക്കണമെന്ന് പ്രവാസിസംഘടനകളും സംസ്ഥാനസർക്കാരും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒളിച്ചോടുകയാണ് കേന്ദ്രം. ഇത് പ്രവാസികളോടുള്ള വഞ്ചനയാണ്. വിമാന നിരക്ക്, പ്രത്യേകിച്ച് ഗൾഫ് മേഖലയിലേത് അന്യായമായി കൂട്ടുന്നത് തടയണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടു. ഉടൻ ഇടപെടണമെന്നും നിരക്കിന് പരിധി നിശ്‌ചയിക്കണമെന്നും വ്യോമയാനമന്ത്രിക്ക് കത്തയക്കുകയും ചെയ്‌തു. ഗൾഫ് റൂട്ടിൽ അധികം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ഏർപ്പെടുത്തുകയും കൂടുതൽ സ്വകാര്യകമ്പനികളെ പ്രേരിപ്പിക്കുകയും വേണം. ഗൾഫിലേക്കുള്ള നിരക്ക് വർധന തടഞ്ഞില്ലെങ്കിൽ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റും തീർച്ചയായും കൈപൊള്ളിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.Read more: https://www.deshabhimani.com/editorial/flight-fare-air-india-express/971985
പ്രവാസികളെ വഞ്ചിക്കുന്ന കേന്ദ്രം
0 Comments