കാസറഗോഡ്: കാസറഗോഡ് നിന്നും സിനിമാ മോഹവുമായി 1997 ൽ എറണാകുളത്തെത്തിപ്പെട്ട സലാം എങ്ങനെ അസ്‌ലം പുല്ലേപടിയായി എന്ന് പലരും ചിന്തിക്കുന്നു, ചോദിക്കുകയും ചെയ്യുന്നു....പഴയ കാലത്തെന്നല്ല. ഇന്നും എറണാകുളത്തിന്റെ ഹൃദയ ഭാഗമായ പുല്ലേപടിയിലാണ് മലബാറിൽ നിന്നും ജോലി തേടിയെത്തുന്നവർ ആദ്യം വന്നു ചേരുന്നത്. സ്റ്റാർ, പാർട്ട്‌നേഴ്‌സ്, റോഷാക്ക്, പുഴു, ആനന്തപുരം ഡയറീസ്, കാതൽ ദി കോർ തുടങ്ങിയ സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായും എക്സിക്യൂട്ടീവായും, കാതൽ ദി കോർ, ആനന്തപുരം ഡയറീസ് കൂടാതെ ഇറങ്ങാനിരിക്കുന്ന കുറച്ചു സിനിമകളിൽ അഭിനേതാവായും മലയാള സിനിമയിൽ ഇനിയും ഒരുപാട് ആഗ്രഹവുമായി നിൽക്കുന്ന കാസ്രക്കോട്ടുകാരനായ താൻ "പുല്ലേപ്പടി"എന്ന പേരിൽ അറിയപ്പെട്ട കഥ പറയുകയാണ് അസ്‌ലം പുല്ലേപടി''മദീന മസ്ജിദിന്റെ ഹോസ്റ്റലിലാണ് ഞാൻ ആദ്യമായി എത്തിപ്പെട്ടത്. എനിക്ക് തോന്നുന്നത് ഇതിന്റെ കാരണം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഒക്കെയുള്ളത് പുല്ലേപ്പടിയുടെ ഇടതു വശവും വലതു വശവുമാണ്. ആളുകൾക്ക് എത്തിപ്പെടാൻ ഏറ്റവും സൗകര്യപ്രദമായ ഒരു സ്ഥലം പത്മാ ജംഗ്ഷനും പുല്ലേപ്പടിയുമാണ് ". എറണാകുളത്ത് ഞാൻ ആദ്യമായിട്ട് വരുന്ന സമയത്ത് കലൂർ ബെസ്റ്റ് ബേക്കറി, കലൂർ പെട്രോൾ പമ്പ്, അതിന്റെ എതിർ വശത്ത് സ്റ്റാർ ടൂറിസ്റ്റ് ഹോം, അതിനപ്പുറത്തായിട്ട് മുബാറക്ക് ഹോട്ടൽ. അതിന്റെ നേരെ മുമ്പിലായി ഫ്ലാഷി....... സ്റ്റുഡിയോ എന്നിവയാണ് ഉണ്ടായിരുന്നത്. ഇതൊക്കെ ഇന്നും അവിടെത്തന്നെയുണ്ട്. ചമ്മണി ടവർ ഇരിക്കുന്ന സ്ഥലത്തൊക്കെ ചെറിയ കടകളായിരുന്നു. പിന്നങ്ങോട്ട് നിറച്ചും വീടുകളും,... കത്രിക്കടവ് ക്രിസ്ത്യൻ പള്ളിയിലോട്ടു പോകാൻ ചെറിയൊരു റോഡ്. എതിർ വശത്തായി എളമക്കര റോഡ്. ഞാനിറങ്ങിയത് നോർത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു. ഇറങ്ങിയിട്ട് നേരെ നടന്നത് കൊച്ചിയിലോട്ടാണ്. പോകുന്ന വഴിയിൽ സൗത്തിൽ പാർഥാസ് ടെക്സ്റ്റൈൽസ്. പിന്നെ കുറച്ചു കടകളുണ്ട്. പിന്നെ മേനകയിൽ അധികം കടകളൊക്കെയുണ്ട്. ഞാൻ നടന്നു ചെന്നെത്തിയത് തോപ്പുംപടിയിലാണ്. വീണ്ടും നടന്നു മട്ടാഞ്ചേരി ബസാറിലെത്തി. ജോലി തേടിയുള്ള അലച്ചിലായിരുന്നു, കടകളൊക്കെ കാണണ്ടേ, ? എവിടെയെങ്കിലും ജോലി ചോദിക്കണമെങ്കിൽ ഏതെങ്കിലും സ്ഥാപനങ്ങൾ കാണണ്ടേ ?. അധികം കടകളില്ല. സിനിമാ മോഹമുള്ള ഒരാൾക്കും ഒരു ജോലിയും ചെയ്യാൻ പറ്റില്ല, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വീട്ടിലെ പ്രാരാബ്ധം കാരണം ജോലി ചെയ്യാതിരിക്കാൻ പറ്റില്ല. അന്ന് വീട്ടിൽ നിന്ന് പറയാതെയാണ് വന്നത്. പഠിക്കുന്ന സമയത്തായിരുന്നു ആദ്യമായി എറണാകുളത്ത് എത്തപ്പെട്ടത്. അങ്ങനെ ആ നടത്തം ചെന്നെത്തിയത് മട്ടാഞ്ചേരി ബസാറിലായിരുന്നു. ബസാർ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു. പിന്നെ ബസാറിലൊക്കെ ജോലിക്കാന്ന് പറഞ്ഞാൽ വല്ല ഹോൾസെയിലായി അരി കച്ചവടം നടത്തുന്ന അല്ലെങ്കിൽ കുരുമുളക് മലഞ്ചരക്ക് അതല്ലെങ്കിൽ കരകൗശല കടകളിൽ ജോലി ചെയ്യേണ്ടിവരും. എനിക്ക് അതിലൊന്നും വലിയ പരിചയമില്ലാത്ത ഒരവസ്ഥ കൂടിയായിരുന്നു. നേരെ തിരിച്ചു കലൂര് വന്നു. സ്റ്റാർ ടൂറിസ്റ്റ് ഹോമിൽ ജോലി ചോദിച്ചു. അവിടെ ജോലി ഇല്ലായിരുന്നു.നടന്നു നടന്നു തളർന്നിരിക്കുന്ന സമയത്ത് എവിടേലും ഒരു ജോലി കിട്ടിയാൽ കയറാമെന്നുള്ള ഒരു തീരുമാനമായിരുന്നു.പക്ഷേ,..അവിടെ ജോലി കിട്ടിയില്ല, ഒരു റസ്റ്റോറന്റ് ഉണ്ടായിരുന്നു, റസ്റ്റോറന്റിൽ ക്ലീനിങ് ബോയ് ആവശ്യമുണ്ട്. പക്ഷേ ഒരു പയ്യൻ മതിയാക്കി പോകുന്നുണ്ട്. ഒരാഴ്ച കഴിയുമെന്ന് പറഞ്ഞു. തിരിച്ചു നടന്നു, വീട്ടിൽ പറയാതെയാണല്ലോ വന്നത്. പണത്തിന്റെ ബുദ്ധിമുട്ട് വളരെയധികമുണ്ടായിരുന്നു. തിരിച്ചു നടന്നു കലൂർ എളമക്കര റോഡിൽ കയറി അവിടുന്ന് കുറച്ചു നടന്നു കഴിഞ്ഞപ്പോൾ പോത്തിന്റെ തോൽ മിനുക്കിയെടുത്ത് ഉപ്പ് തേച്ചു കയറ്റി അയക്കുന്ന ഒരു കമ്പനിയുണ്ടായിരുന്നു. അവിടെ തൊടുപുഴക്കാരൻ മുഹമ്മദ് കുഞ്ഞിക്ക (മമ്മൂഞ്ഞിക്ക) എന്നെല്ലാരും വിളിക്കുന്ന മനുഷ്യസ്നേഹി അവിടെയുണ്ടായിരുന്നു. കേറി മുട്ടിയപ്പോൾ അവിടെ കിടക്കാനുള്ള സ്ഥലം കിട്ടി. പിന്നെ മമ്മുഞ്ഞിക്ക പുല്ലേപടി ദാറുൽ ഉലൂം സ്കൂളിന്റെ പുല്ലേപ്പടിയിലുള്ള യത്തീംഖാനയുടെ അവിടുത്തെ കാര്യസ്ഥനും കൂടിയായിരുന്നു. ബാബു സേട്ടുവിന്റെയായിരുന്നു യത്തീംഖാന. എന്നെ അവിടെ കൂട്ടിക്കൊണ്ടുപോയി രണ്ടു ദിവസം അവിടെ നിന്നോളാൻ പറഞ്ഞു. പിന്നെ ഭക്ഷണം സുഖമാണല്ലോ. വീട്ടിലേക്ക് വിളിച്ച് പറയാൻ പറഞ്ഞു. അന്ന് ലെറ്റർ വിട്ടു വേണം വീട്ടിലേക്ക് അറിയിക്കാൻ. ഫോൺ അടുത്ത വീട്ടിൽ ഉണ്ടോ എന്നുപോലും എനിക്ക് വലിയ അറിവില്ല. ഒന്ന് രണ്ട് നമ്പറുകൾ അറിയായിരുന്നെന്ന് തോന്നുന്നു. ഫോൺ വിളിച്ചു പറഞ്ഞില്ല. ലെറ്ററാണ് വിട്ടത്. ആദ്യമായി പുല്ലേപ്പടി എത്തിപ്പെട്ടപ്പോൾ കണക്ഷൻ വന്നു. നല്ല ബന്ധങ്ങളുണ്ടായി. പിന്നീട് മമ്മൂഞ്ഞിക്കയുടെ അവിടെ താമസിക്കാൻ പറ്റാത്ത അവസ്ഥ വന്നു. യത്തീംഖാനയിൽ താമസിക്കാൻ എനിക്ക് വലിയൊരു ഇഷ്ടമുണ്ടായിരുന്നില്ല. വീട്ടിൽ ആദ്യം അയച്ച ലെറ്റർ കിട്ടി, ഇതിനിടയിൽ സ്റ്റാർ ടൂറിസ്റ്റ് ഹോമിൽ റൂം ബോയ് ആയിട്ട് ജോലിക്ക് കയറി. അവിടുത്തെ ഫോൺ നമ്പറും ഒക്കെ വച്ച് ഒരു ലെറ്റർ വീണ്ടും അയച്ചു. അതും അവിടെ വീട്ടിൽ കിട്ടി. നാട്ടിൽ നിന്ന് വീട്ടുകാർ എന്നെ ഫോൺ വിളിച്ചു. ആലുവയിലെ ഉമ്മയുടെ ഫ്രണ്ടിന്റെ നമ്പർ നൽകി. ഉമ്മയുടെ അടുത്ത സുഹൃത്തിന്റെ ഭർത്താവിന്റെ സ്ഥാപനം ഉണ്ടായിരുന്നു. അവിടെ ചെല്ലാൻ പറഞ്ഞു. പക്ഷേ ഞാൻ അങ്ങോട്ട് ചെന്നില്ല. ഞാൻ ടൂറിസ്റ്റ് ഹോമിൽ നിന്നും ജോലി രാജി വെച്ച് ഇറങ്ങി. അങ്ങനെ നടന്നെത്തിയതാണ് പുല്ലേപടിയിലെ മദീന പള്ളിയുടെ ഹോസ്റ്റലിൽ. അങ്ങനെ ഹോസ്റ്റലിൽ ഞാൻ റൂമെടുത്തു, ഹോസ്റ്റലിൽ അന്ന് ഒരാൾക്ക് റൂമെടുക്കാൻ 800 രൂപയാണ്. ഒരു മാസത്തേക്കാണ് 800 രൂപ. എന്റെ ഓർമയിൽ കയ്യിൽ 1,500 രൂപയോ മറ്റൊ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ പുല്ലേപ്പടിയുമായി വീണ്ടും നല്ലൊരു ബന്ധമുണ്ടാവാൻ സഹായകമായി. അന്ന് പുല്ലേപ്പടിയിൽ നിന്നും തുടങ്ങിയ യാത്ര, ആദ്യമായി താമസിച്ച ഒരു ഹോസ്റ്റൽ, രണ്ട് ദിവസം ഭക്ഷണം തന്ന യതീംഖാന എല്ലാം വളരെ അടുപ്പമുള്ളതായി. അന്ന് പുല്ലേപടി ശരിക്കും ഒരു നാട്ടിൻപുറത്തിന്റ പ്രതീതി ആയിരുന്നു. അവിടുന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ആലുവയിലെ ഉമ്മയുടെ ഫ്രണ്ടിന്റെ ഭർത്താവിന്റെ ഓഫീസിലേക്ക് ഞാൻ ജോലിക്ക് കയറി.2,000 ആയപ്പോ വീണ്ടും നാട്ടിലേക്ക് പോകേണ്ടി വന്നു. അവിടെ ചെറിയ കച്ചവടം തുടങ്ങി. രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോൾ ബിസിനസ് വളരെ നഷ്ടത്തിലായി. വീണ്ടും സിനിമ തലയ്ക്കു പിടിച്ച അവസ്ഥ, വീണ്ടും കയറി എറണാകുളത്തേക്ക്. ഒരു കാര്യം പറയാൻ മറന്നുപോയി എന്റെ വാപ്പക്കും അടുത്ത ബന്ധമുള്ള ഒരു സ്ഥലമായിരുന്നു പുല്ലേപ്പടി. വാപ്പയും പുല്ലേപ്പടിയിലാണ് ആദ്യമായിട്ട് വന്നു താമസിച്ചത്. വീണ്ടും പുല്ലേപ്പടി ഹോസ്റ്റലിൽ അതിനിടയിൽ ചെന്നൈയിൽ പോയി. എ.വി.എം സ്റ്റുഡിയോയും മറ്റും അവസരം തേടിയുള്ള അലച്ചിൽ. 1998 ൽ മീനത്തിൽ താലികെട്ട് എന്ന സിനിമയിൽ മരടിലെ വീട്ടിൽ വെച്ച് കല്യാണ സീനിൽ അഭിനയിച്ചു. 2007 ൽ വീണ്ടും തിരിച്ചു വന്നു. എറണാകുളത്ത് പല സെറ്റുകളിലും പോകും. പല സിനിമാ പൂജയ്ക്കും പോകും, സരോവരം ഹോട്ടൽ, ഹൈവേ ഗാർഡൻ ഹോട്ടൽ സ്റ്റാർ ടൂറിസ്റ്റ് ഹോം എന്നിവ സിനിമാക്കാരുടെ ഹോട്ടലായിരുന്നു. ഷാജി പട്ടിക്കരയെയാണ് സിനിമയിൽ ചാൻസ് ചോദിച്ചു വരുന്നവർക്ക് ഏറ്റവും കൂടുതൽ അറിയുന്നത്. സിനിമ ഡയറി അദ്ദേഹം ഇറക്കുന്ന പരസ്യം കണ്ടുള്ള അറിവ്.അന്നത്തെ കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്ന കൺട്രോളർമാർ സെവൻ ആർട്സ് മോഹൻ, അരോമ മോഹൻ, സേതു അടൂർ തുടങ്ങിയവരായിരുന്നു.എനിക്ക് പുല്ലേപടിയെന്ന പേര് ലഭിച്ചിട്ട് അഞ്ചു വർഷമൊക്കെയേ ആയിട്ടുള്ളൂ. ഞാൻ പൃഥ്വിരാജ് ഫാൻസിന്റെ സ്റ്റേറ്റ്, കൂടാതെ എറണാകുളം ജില്ല സെക്രട്ടറിയുമായിരുന്നു. ആ സമയത്താണ് അസ്‌ലം എന്നുള്ള പേര് എനിക്ക് വിളിപ്പേരായി ലഭിക്കുന്നത്. ആളുകൾ എന്നോട് എവിടെയാണ് താമസമെന്ന് ചോദിക്കുമ്പോൾ പുല്ലേപ്പടി എന്ന് പറയും അങ്ങനെയാണ് പുല്ലേപടി എന്ന പേര് ലഭിച്ചത്. പുല്ലേപ്പടി എന്ന പേര് കൂട്ടുകാർ വിളിച്ച് വിളിച്ച് പിന്നീട് അസ്ലം പുല്ലേ പടിയായി മാറി. 15 വർഷത്തെ നല്ലൊരു ബന്ധമുണ്ട് പുല്ലേപടിയുമായി. അങ്ങനെ ഞാൻ കാസർകോട് ജനിച്ചതാണെങ്കിലും ആളുകൾ ഇന്നും കരുതുന്നത് ഞാൻ എറണാകുളത്ത് പുല്ലേപ്പടിയിലാണ് ജനിച്ചതെന്നാണ്. അങ്ങനെ ആളുകൾക്കിടയിൽ ഞാൻ പുല്ലേപടിയെന്ന ഓമന പേരിൽ അറിയപ്പെട്ടു. പുല്ലേ പടിക്കാരായ പലരും പറയും "ഞങ്ങളുടെ സ്ഥലത്തിന്റെ പേര് നീ എടുത്തു നിന്റെ പേരിനൊപ്പം ചേർത്തല്ലേ" അങ്ങനെ ആളുകൾ വിളിച്ചു വിളിച്ച് പുല്ലേപടി എന്നാക്കി. എനിക്ക് വളരെയധികം സന്തോഷാണ് എന്നെ പുല്ലേപ്പടി എന്ന് വിളിക്കുമ്പോൾ, കാരണം ഞാൻ കാസർകോട് നിന്നും വന്നു എറണാകുളം പുല്ലേപ്പടിയിലെ പേര് ലഭിക്കണമെങ്കിൽ വലിയൊരു അഭിമാനം തന്നെയാണ് തോന്നുന്നത്. ഞാൻ അസ്ലം പുല്ലേപ്പടി ആയി മാറിയതും പിന്നീട് പുല്ലേപ്പടി എന്ന ഇരട്ട പേര് എന്റെ പേരായി മാറിയതും അഭിമാനത്തോടെ കാണുന്നു.റോഷാക്ക് എന്ന സിനിമയിൽ ഷൂട്ടിങ്ങിടയിൽ ചെറിയൊരു മിസ്റ്റേക്ക് വന്നപ്പോൾ മമ്മൂക്ക "ഇവനല്ലേ പുല്ലേപ്പടി" എന്ന് പറഞ്ഞത് വളരെ അഭിമാനത്തോടെ ഞാൻ ഓർക്കുന്നു. എന്നെ സിനിമയിലേക്ക് എത്തിച്ച ബാദുഷ ഇക്ക എന്നെ കാണുമ്പോൾ വിളിക്കുന്നത് പുല്ലേപടി എന്നാണ്. ആ പേരിൽ തന്നെ അറിയപ്പെടാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും സ്ഥലമായ പുല്ലേപ്പടി, പുല്ലേപ്പടിയിൽ നിന്ന് തന്നെയാണ് ഞാൻ രാഷ്ട്രീയത്തിൽ അറിയപ്പെട്ടതും, ചാരിറ്റി പ്രവർത്തകനായതും, പിന്നീട് സിനിമ മേഖലയിൽ എത്തിപ്പെട്ടതും അങ്ങനെ പലതും ആയതും പുല്ലേപടി എന്ന ഓമനപ്പേരിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. സർവ്വശക്തനായ റബ്ബിന്റെ വരദാനമായി കാണുന്നു പുല്ലേപടിയെന്ന പേര്. അതുകൊണ്ടു തന്നെ പുല്ലേപടി എന്ന പേര് എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.പുല്ലേപടി എന്ന സ്ഥലത്തോടും അവിടുത്തെ ജനങ്ങളോടും ഞാൻ വളരെയധികം നന്ദി അറിയിക്കുന്നു.(ലേഖകൻ: അസ്‌ലം പുല്ലേപടി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ജീവ കാരുണ്യ പ്രവർത്തകൻ മലയാളം ഫിലിം ഇൻഡസ്ട്രി)
സ്റ്റാർ, പാർട്ട്‌നേഴ്‌സ്, റോഷാക്ക്, പുഴു, ആനന്തപുരം ഡയറീസ്, കാതൽ ദി കോർ തുടങ്ങിയ സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായും എക്സിക്യൂട്ടീവായും, കാതൽ ദി കോർ, ആനന്തപുരം ഡയറീസ് കൂടാതെ ഇറങ്ങാനിരിക്കുന്ന കുറച്ചു സിനിമകളിൽ അഭിനേതാവായും മലയാള സിനിമയിൽ ഇനിയും ഒരുപാട് ആഗ്രഹവുമായി നിൽക്കുന്ന കാസ്രക്കോട്ടുകാരനായ താൻ "പുല്ലേപ്പടി"എന്ന പേരിൽ അറിയപ്പെട്ട കഥ പറയുകയാണ് അസ്‌ലം പുല്ലേപടി
0 Comments