അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബർ
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ
അല്ലാഹു അക്ബറു വലില്ലാഹിൽ ഹംദ്......
ലോക മുസ്ലീം വിശ്വാസി സമൂഹം ഈദുൽ അള്വുഹ (ബലി പെരുന്നാൽ ) ആഘോഷിക്കുകയാണ്. അൽഹംദു ലില്ലാഹ് .....
സഹസ്രാബ്ദങ്ങൾക്കപ്പുറം ജീവിച്ചിരുന്ന മഹാനായ പ്രവാചകൻ ഹള്റത്ത് ഖലീലുല്ലാഹി ഇബ്റാഹീം (അ.സ) യുടെയും അവിടെത്തെ പ്രിയ പത്നി ഹാജറ ബീവിയുടെയും മകൻ ഇസ്മാഈൽ (അ.സ) യുടെയും ത്യാഗപൂർണ്ണമായ ജീവിതത്തെ അനുസ്മരിച്ച് കൊണ്ടാണ് വിശ്വാസി സമൂഹം വീണ്ടുമൊരു ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
വിശ്വാസി സമൂഹത്തിന് രണ്ട് ആഘോഷങ്ങളാണ് പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നത്.
ഒന്ന് ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ),... രണ്ട് ഈദുൽ അള്ഹ
(ബലി പെരുന്നാൾ)........
ഈ രണ്ട് ആഘോഷങ്ങളും ആർഭാട തിമിർപ്പിന് വേണ്ടിയോ !!!
ആഭാസ തിമിർപ്പിന് വേണ്ടിയോ !!!ഉള്ളതല്ല !
മറിച്ച് രണ്ട് സുദിനങ്ങളും നൽകുന്ന സന്ദേശം ഹൃസ്വമായ മനുഷ്യ ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തെ വരച്ചുകാട്ടിത്തരുകയാണ്.
ഭൗതിക ജീവിതത്തിലെ അതിതീഷ്ണമായ പരീക്ഷണങ്ങളെ അതിജീവിച്ച ഖലീലുള്ളാഹി ഇബ്റാഹീം (അ) യെ ഓരോ വിശ്വാസിയും റോൾ മോഡലാക്കുകയും പിൻപറ്റുകയും അനുദാവനം ചെയ്യുകയും ചെയ്യണമെന്നതാണ് ഖുർആൻ നൽകുന്ന സന്ദേശം.
മില്ലത്ത അബീക്കും ഇബ്റാഹീം (നിങ്ങളുടെ പിതാവ് ഇബ്റാഹീമിന്റെ മാർഗ്ഗം) വി:ഖു 22/78 പിൻപറ്റുക.
അപ്പോൾ പെരുന്നാൾ എന്നത് ആഘോഷത്തേക്കാൾ കൂടുതൽ ആലോചനയുടേതാണ് ?
തനിക്ക് ബോദ്ധ്യമായ വിശ്വാസത്തേയും
തന്റെ നിലപാടുകളേയും ചോദ്യം ചെയ്യാൻ വന്ന സ്വന്തം പിതാവിനോട് യുക്തി ഭദ്രമായി സംവദിക്കുന്ന ഇബ്റാഹീം (അ) പ്രപഞ്ച പ്രതിഭാസങ്ങളായ സൂര്യനേയും, ചന്ദ്രനേയും നക്ഷത്രങ്ങളേയും, കല്ല്, കരട്, കാഞ്ഞിരകുറ്റി മുള്ള്, മുരുക്ക്, മൂർഖൻ പാമ്പ് വരേയും സ്വകരങ്ങളാൽ നിർമ്മിതമായ പ്രതിഷ്ഠകൾക്ക് മുമ്പിൽ തലകുനിച്ച് പ്രാർത്ഥിക്കുന്ന സ്വന്തം ജനതയോട് ചിന്തോദീപകമായ ഉദാഹരണങ്ങളിലൂടെ സംവദിക്കുന്ന ഇബ്റാഹീം (അ)
ഞാനാണ് ദൈവം എന്ന് സ്വന്തമായി അവകാശ വാദം ഉന്നയിച്ചിരുന്ന അഹങ്കാരിയും ധിക്കാരിയും ഏകഛത്രാധിപതിയുമായിരുന്ന നാട്ടുരാജാവ് നംറൂദിനോട് നീ ദൈവവുമല്ല തമ്പ്രാനുമല്ല ഇനി തമ്പ്രാനാണേല് എനിക്ക് ഒരു ചുക്കുമില്ല എന്ന് രാജസന്നിധിയിൽ വെച്ച് അജഞ്ചലമായ വിശ്വാസത്തിന്റെ നിലപാട് നെഞ്ചു വിരിച്ച് പറയാൻ തയ്യാറാകുന്ന ലോകത്തിലെ ആദ്യത്തെ ആദർശ പുരുഷനായ ഇബ്റാഹീം (അ) യുടെ ഇബ്റാഹീം മില്ലത്ത് അനുദാവനം ചെയ്യണമെന്നാണ് ഇന്നിന്റെ അഭിനവ സമൂഹത്തോട് ഖുർആൻ പറയുന്നത്.
തന്റെ വിശ്വാസവും, നിലപാടുകളും കാരണം വീടും, നാടും, രാജ്യവും ത്വജിക്കേണ്ടി വന്ന ഇബ്റാഹീം (അ) യുടെ പ്രതിസന്ധി ഘട്ടത്തിൽ താങ്ങും തണലും, സമാധാനവും, ആശ്വാസവും നൽകിക്കൊണ്ട് പിന്തുണ നൽകുന്ന പ്രിയ പത്നി ഹാജറ (റ) യും മകൻ ഇസ്മാഈലും ഇന്നിന്റെ അഭിനവ സമൂഹത്തിലെ ഓരോ സ്ത്രീക്കും, മക്കൾക്കും ഉദാത്തമായ മാതൃക ഇവരിൽ കാണാൻ കഴിയും.
ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഗൃഹനാഥന് അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിലും, രോഗാവസ്ഥയിലും കൂടെ നിൽക്കേണ്ടുന്ന ഭാര്യ മക്കൾ അദ്ദേഹത്തെ കുറ്റപെടുത്തുകയും ഒറ്റപെടുത്തുകയും ചെയ്യുന്ന അഭിനവ ഭാര്യ മക്കൾക്ക് ഹാജറയിലും ഇസ്മായീലിലും നല്ല മാതൃക കാണാൻ കഴിയും.
ഇവർ മൂവരുടെയും ത്വാഗത്തിന്റെയും, ആത്മ സമർപ്പണത്തിന്റെയും ജീവിതത്തെ വരച്ചുകാട്ടുന്നതാണ് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തേതും അവസാനത്തേതുമായ ഹജ്ജ് കർമ്മത്തിലെ ഓരോ ആരാധനാ കർമ്മങ്ങളും
ജംറയിലെ കല്ലേറ്,
ബലി അറുക്കൽ,
സഈ ചെയ്യൽ,
ഇങ്ങനെ പലതും ഇബ്റാഹീം (അ), ഹാജറ (റ), ഇസ്മാഈൽ(അ) എന്നിവരുടെ ത്വാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും പ്രതീകാത്മകമായ ചടങ്ങുകളാണ്. ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്ന് ദൈവത്തിന്റെ വിളിക്കുത്തരം നൽകുന്നതിന് വേണ്ടി പുണ്യ ഭൂമിയിലേക്ക് ലക്ഷോപലക്ഷം ഹാജിമാരും ഹജുമ്മമാരുമാണ് ലബ്ബൈയ്ക്ക് മന്ത്രം ഉരുവിട്ടു കൊണ്ട് ഒരേ ലക്ഷ്യത്തോടെയും പ്രാർത്ഥനകളോടെയും നിർവ്വഹിക്കപെടുന്നത്. ഇവരോടുള്ള ഐക്യദാർഢ്യമാണ് ഓരോ വിശ്വാസിയും അവരവരുടെ നാടുകളിൽ നിന്ന് കൊണ്ട് തന്നെ അറഫ നോമ്പനുഷ്ടിക്കുന്നതും ഉള്ഹിയ്യ (ബലിയറുക്കൽ) കർമ്മം നിർവ്വഹിക്കുന്നതും.
അവരുടെ ജീവിതത്തെ അനുസ്മരിക്കുന്നതോടൊപ്പം ഓരോ മുസ്ലിമും ആ കുടുംബത്തേ റോൾ മോഡലാക്കണമെന്നാണ് ഖുർആനിലൂടെ സൃഷ്ടാവ് മാനവ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്.
ജീവിത പരീക്ഷണങ്ങളിലെ ത്യാഗത്തിന്റെയും, ദൈവിക സമർപ്പണ ബോധത്തിന്റെയും ഏക ദൈവാരാധനയുടെ വഴിയിൽ ത്യാഗ സമ്പന്നരായ ഒരു പിതാവിന്റെയും , മാതാവിന്റെയും മകന്റെയും സ്മരണകളുടെ ധീരോജ്ജ്വല ചരിത്രമാണ് സർവ്വശക്തനായ അല്ലാഹു അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ) തങ്ങളിലൂടെ ആയിരത്തി നാന്നൂറ് വർഷങ്ങൾക്ക് മുമ്പ് ലക്ഷക്കണക്കിന് അനുയായികളെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനത്തിന് അറഫ മരുഭൂമി സാക്ഷ്യം വഹിച്ചത്.
അന്ത്യ പ്രവാചകന്റെ വിടവാങ്ങൽ പ്രഭാഷണത്തിൽ നിന്നുമുള്ള സംക്ഷിപ്തമായ ഭാഗം ഇങ്ങനെ ഗ്രഹിക്കാം.
ജനങ്ങളേ,
നിങ്ങളുടെയെല്ലാം ദൈവം ഒന്ന്, പിതാവും ഒന്ന്, എല്ലാവരും ആദമിൻ്റെ സന്തതികളാണ്. ആദം മണ്ണിൽ നിന്നാണ് സൃഷ്‌ടിക്കപ്പെട്ടത്. അല്ലാഹുവിന്റെ സവിധത്തിൽ ഏറെ ആദരണീയർ നിങ്ങളിൽ ഏറ്റവും ഭക്തിയുള്ളവരാണ്.
അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ, വെളുത്തവന് കറുത്തവനേക്കാളോ, കറുത്തവന് വെളുത്തവനേക്കളോ ഒരു ശ്രേഷ്‌ഠതയുമില്ല. ശ്രേഷ്ഠതയുടെ മാനദണ്ഡം ദൈവഭക്തിയും ജീവിത വിശുദ്ധിയുമാണ്.
ഈ ദിവസത്തിന്റെയും മാസത്തിന്റെയും ഈ നാടിന്റെയും പവിത്രത പോലെ നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും അഭിമാനവും എന്നും പവിത്രമാണ്. നിങ്ങൾ പരസ്പരം ആദരിക്കുക.!
നിങ്ങൾ എനിക്കുശേഷം വഴിതെറ്റിപ്പോകാതിരിക്കാൻ അല്ലാഹുവിന്റെ ഗ്രന്ഥം ഞാൻ നിങ്ങളെ ഏല്പിച്ചുപോകുന്നു. അത് നിങ്ങൾ മുറുകെ പിടിക്കുക. അന്ത്യനാള് വരേയും വരുന്ന മാനവ സമൂഹത്തിന്റെ ഇഹപര വിജയത്തിന് നിദാനമായ സാരോപദേശങ്ങൾ തിരുനബിയുടെ ഈ ഹൃസ്വമായ വിടവാങ്ങൽ പ്രഭാഷണത്തിൽ നിന്ന് നമുക്ക് ഗ്രഹിക്കാൻ കഴിയും. മനസിലാക്കുവാനും അതിലുപരി ഉൽകൊള്ളുവാനും സർവ്വ ശക്തനായ നാഥൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ
സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും ഓർമകൾ പുതുക്കി കൊണ്ട് ഏവർക്കും ഒരായിരം ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ
(ലേഖകൻ: മൗലവി സബീർ അൽമനാരി,
കേരള ഉലമാ കൗൺസിൽ
സംസ്ഥാന ജനറൽ സെക്രട്ടറി
.June-07-2025
ബലിപെരുന്നാൾ സന്ദേശം..... (ലേഖകൻ: മൗലവി സബീർ അൽമനാരി, കേരള ഉലമാ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി)

0 Comments