ടെൻഷനെ ടെൻഷനോടെ നേരിടുന്നവർക്കാണ് ടെൻഷൻ കാരണമുള്ള ബുദ്ധിമുട്ടുകൾ ഏറെയുള്ളത്. ടെൻഷനെ പക്വതയോടെ നേരിടുന്നവർക്ക് അത് കാരണമുള്ള പ്രശ്നങ്ങൾ കുറയും. ചിലർക്കെങ്കിലും അവരുടെ ടെൻഷന്റെ കാരണമെന്തെന്ന് മനസ്സിലാക്കാനാകണമെന്നില്ല. അത്തരക്കാർക്ക് ടെൻഷനൊന്നുമില്ലെന്നു പറയുമ്പോഴും ടെൻഷനുള്ള ഒരാളിൽ കാണുന്ന ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാകാറുമുണ്ട്. എന്നാൽ ടെൻഷനുണ്ടെന്ന് സമ്മതിക്കുകയും അതിന്റെ കാരണങ്ങൾ കൂടി മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളിന് പരമാവധി അവ പരിഹരിക്കുകയോ യാഥാർത്ഥ്യം ബോദ്ധ്യപ്പെടുകയോ ചെയ്ത് ടെൻഷനിൽ നിന്നും ഒഴിവാകുവാൻ എളുപ്പമാണ്.
ദേഷ്യം, ഉറക്കമില്ലായ്മ, ഓക്കാനം, വയറിളക്കം, വിറയൽ, നെഞ്ചിടിപ്പ്, വിയർപ്പ്, തലവേദന, തീരുമാനമെടുക്കാൻ പറ്റാത്ത ചിന്തകൾ, നെഞ്ചുവേദന, തലകറക്കം, മയങ്ങിവീഴുമെന്ന തോന്നൽ, പലതരം വേദനകൾ തുടങ്ങിയ ലക്ഷണങ്ങൾ ഓരോരുത്തരുടേയും രീതികൾക്കും മനോഭാവത്തിനുമനുസരിച്ച് കാണാവുന്നതാണ്. എന്ത് സംഭവിക്കുമെന്ന് കൃത്യതയില്ലാത്തവർക്ക് 'എന്തും സംഭവിക്കാം' എന്ന തോന്നൽ ഭയവും ടെൻഷനുമുണ്ടാക്കാം. ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ നടത്തുവാൻ സാധിക്കാത്തതും അതിനു വേണ്ടി പ്രവർത്തിക്കുവാൻ കഴിയാത്ത സാഹചര്യങ്ങളും ടെൻഷന് കാരണമാകാം. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന തോന്നലും ആവശ്യമായ സഹായം മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കാത്ത സ്വഭാവവും അഥവാ പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തത് കാരണമായും ടെൻഷനുണ്ടാകാം. ചിലർക്ക് മറ്റു ചിലരുടെ സാമീപ്യം പോലും ടെൻഷനുണ്ടാക്കും.
ഉദ്ദേശിച്ചതിൽ നിന്നും അല്പസ്വല്പം വ്യത്യാസം വന്നാൽ പോലും ടെൻഷനടിക്കുന്നവർ ധാരാളമുണ്ട്. ടെൻഷൻ കാരണം മറ്റുള്ളവരോട് ചില കാര്യങ്ങൾ പറയുവാനും ഭംഗിയായി അവതരിപ്പിക്കുവാനും സാധിക്കാത്തവരുമുണ്ട്. നന്നായി അവതരിപ്പിക്കുവാൻ സാധിച്ചില്ലെങ്കിലോ എന്ന ഭയം കൊണ്ട് ടെൻഷനടിച്ച് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ പോലും ഒഴിവാക്കിക്കളയുന്നവരും പരീക്ഷകളിലുൾപ്പെടെ പഠിച്ച കാര്യങ്ങൾ പോലും എഴുതി ഫലിപ്പിക്കാൻ സാധിക്കാത്തവരുമുണ്ട്. ഒരേ സമയം പല കാര്യങ്ങൾ മനസ്സിലേക്ക് ഒരുമിച്ച് തള്ളിക്കയറുന്നത് കാരണം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനും ആവശ്യമുള്ളവ മാത്രം പറയുവാനും സാധിക്കാത്തവരുണ്ട്. "എനിക്കിതൊന്നും സാധിക്കുന്ന കാര്യമല്ല" എന്ന് സ്വയം വിചാരിച്ച് തീരെ വിമുഖത കാണിക്കുന്നവരും കുറവല്ല. ഇതിൽ നിന്നും അമിത ടെൻഷൻ നല്ലതല്ലെന്നും എന്നാൽ അൽപം ടെൻഷൻ സുഗമമായി പ്രവർത്തിക്കുന്നതിന് ചിലപ്പോഴെങ്കിലും കാരണമാകുമെന്നും മനസ്സിലാക്കേണ്ടതാണ്.
സ്വയം പരിഹരിക്കുവാൻ കഴിയുന്ന കാര്യങ്ങളും ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ സഹായത്തോടെ പരിഹരിക്കേണ്ടവയും "എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്ന്" മനസ്സിലാക്കി അത്തരത്തിൽ സമയമെത്തുമ്പോൾ മാത്രം പരിഹരിക്കേണ്ട കാര്യങ്ങളുമുണ്ട്. ഈ വിധത്തിൽ മനസ്സിലാക്കി പ്രവർത്തിക്കുന്ന ആൾക്കാരുടെ ടെൻഷൻ സമാധാനമായി പരിഹരിക്കുവാൻ സാധിക്കും.
ടെൻഷൻ കുറയണമെങ്കിൽ ഈ മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്ന് പ്രത്യേകം മനസ്സിലാക്കുകയും ഇവ പ്രത്യേകം ഗ്രൂപ്പ് തിരിച്ചുതന്നെ വയ്ക്കുകയും വേണം. ഇവ ഒരിക്കലും മിക്സ് ചെയ്യേണ്ടവയല്ല. സ്വയം പരിഹരിക്കേണ്ടവ അപ്രകാരം ചെയ്യുക. രണ്ടാമത്തെ ഗ്രൂപ്പിലുള്ളവ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ സഹായം ലഭിക്കുമ്പോൾ മാത്രം പരിഗണിച്ചാൽ മതി. മൂന്നാമത്തേത് അതാത് കാലങ്ങളിൽ മാത്രം പരിഹരിക്കേണ്ടതാണ്. ഇവയെല്ലാം ഇടയ്ക്കൊക്കെ ആലോചിച്ച് അവ സമാധാനത്തോടെ എപ്പോൾ പരിഹരിക്കണമെന്ന് തീരുമാനിക്കുകയല്ലാതെ അവ പരിഹരിക്കുന്നതിനായി ശ്രമിക്കുകയോ ആവശ്യമില്ലാതെ ടെൻഷനുണ്ടാക്കുകയോ ചെയ്യേണ്ടതില്ല. വളരെ നാളുകൾക്കുശേഷം സംഭവിക്കേണ്ട കാര്യങ്ങളിൽ പോലും "ഇന്നേ ടെൻഷനടിക്കുന്നവർ" ഉണ്ടെന്ന് അറിയാമല്ലോ? ടെൻഷൻ കൂടുതലുള്ളവർ അവരറിയാതെതന്നെ ധാരാളം ഭക്ഷണം കഴിക്കുകയും അതിലൂടെ കൂടുതൽ വണ്ണമുണ്ടാകുകയും മറ്റു ജീവിതശൈലീ രോഗങ്ങൾക്ക് അത് കാരണമാകുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
പൊതുവേ ടെൻഷൻ കൂടിയവർ മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനായി യോഗയോ ലഘുവ്യായാമങ്ങളോ ശീലിക്കുക. മാംസാഹാരങ്ങളേക്കാൾ സസ്യാഹാരത്തിന് പ്രാധാന്യം നൽകുക. ചായ, കോഫി, മദ്യം, കോള തുടങ്ങിയവ ഒഴിവാക്കുക. വീര്യം കൂടിയ മരുന്നുകൾ ഒഴിവാക്കുക. ശീലിച്ച സമയത്ത് ഉറങ്ങുക. ആവശ്യത്തിന് വിശ്രമിക്കുക. ദിനചര്യ കൃത്യമായി പാലിക്കുക. കൃത്രിമ ആഹാരവും മസാല കൂടിയ ആഹാരവും ഒഴിവാക്കുക. എരിവ്, പുളി, ഉപ്പ്, ചൂട് എന്നിവ പരമാവധി ഒഴിവാക്കുക. ചൂടു വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. കൂടാതെ വഴക്കുണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്നും പരമാവധി ഒഴിവായി നിൽക്കുവാനും ശ്രദ്ധിക്കുക.
ടെൻഷൻ വർദ്ധിക്കുന്ന വിധമുള്ള കളികൾ, സിനിമകൾ, മറ്റ് വിനോദങ്ങൾ എന്നിവ ഒഴിവാക്കുക. ടെൻഷൻ കുറക്കുന്ന സിനിമകൾ, കളികൾ എന്നിവക്ക് പ്രാധാന്യം നൽകുക. പെട്ടെന്ന് പ്രതികരിക്കുന്ന ശീലം മാറ്റുക. ടെൻഷനുണ്ടാക്കുന്നതായി മുമ്പ് അനുഭവപ്പെട്ടിട്ടുള്ള സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക. ടെൻഷൻ ക്രമേണ അഭിമുഖീകരിക്കുവാൻ പഠിക്കുക. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ മനസ്സിലാക്കുവാൻ പരിശ്രമിക്കുക. ടെൻഷനുണ്ടായതായി മനസ്സിലായാൽ തുറസ്സായ സ്ഥലത്തേക്ക് മാറി നിൽക്കുക, ദീർഘശ്വാസമെടുക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക തുടങ്ങിയവ ഉപകാരപ്പെടും.
ടെൻഷൻ വർദ്ധിച്ചതു കാരണം കാര്യങ്ങൾ വഷളാകുന്നുണ്ടെങ്കിൽ നന്നായി വിശ്രമിക്കുക. രക്തസമ്മർദ്ദവും രക്തത്തിലെ ഷുഗർ നിലയും പരിശോധിക്കുക എന്നിവയ്ക്കും പ്രാധാന്യമുണ്ട്.
വിളർച്ച, രക്തസമ്മർദ്ദം, പ്രമേഹം, വൃക്കരോഗം, ഹോർമോൺ സംബന്ധിച്ച രോഗങ്ങൾ, ഹൃദ്രോഗം, ദീർഘനാളുകളായി മരുന്നുകൾ കഴിക്കുന്ന രോഗികൾ, മാനസിക പ്രശ്നങ്ങളുള്ളവർ മുതലായവർ ടെൻഷൻ ഉണ്ടാകാതിരിക്കുവാൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരാളിന്റെ ടെൻഷൻ കുറയ്ക്കുവാനായി കൂടെയുള്ളവർക്ക് നന്നായി ഇടപെടുന്നതിനു സാധിക്കും. എന്നാൽ ടെൻഷൻ വർദ്ധിപ്പിക്കുവാനും ചിലരുടെ ഇടപെടലുകൾ കാരണമായേക്കാം. വളരെ വിവേകത്തോടെ ഇടപെട്ടും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയും ആവശ്യമായ സഹായം നൽകിയും ഒരാളുടെ ടെൻഷൻ കുറയ്ക്കുന്നതിന് ഇതിൽ നിന്നുള്ള അറിവുകൾ ഉപകാരപ്പെടട്ടെ.
ലേഖനം: ഡോ. ഷർമദ് ഖാൻ BAMS, MD, (ആയുർവേദം) സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം)
സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
കാര്യങ്ങൾ കൈവിട്ടു പോകുമെന്ന തോന്നലും ആവശ്യമായ സഹായം മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കാത്ത സ്വഭാവവും അഥവാ പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തത് കാരണമായും ടെൻഷനുണ്ടാകാം. ചിലർക്ക് മറ്റു ചിലരുടെ സാമീപ്യം പോലും ടെൻഷനുണ്ടാക്കും.
0 Comments