ശരീരത്തിൽ ദഹന പചന പ്രവർത്തനങ്ങളാൽ ഉണ്ടാകുന്നവയും എന്നാൽ പുറത്തേക്ക് കളയേണ്ടതുമായ ഒരു ഉപോല്പന്നമാണ് യൂറിക് ആസിഡ്. സാധാരണയായി ഇത് ശരീരത്തിൽ നിന്ന് മറ്റ് ഇടപെടലുകളില്ലാതെ തന്നെ പുറത്തേക്ക് പോകാറുണ്ട്. മൂത്രത്തിലൂടെയും ഒരു പരിധിവരെ മലത്തിലൂടെയുമാണ് യൂറിക് ആസിഡ് പുറത്തേക്ക് പോകുന്നത്. പുറത്തേക്ക് പോകാതെ ശരീരത്തിനുള്ളിൽ ഇവ സംഭരിക്കപ്പെട്ടാൽ സന്ധികളെ ആശ്രയിച്ച് ഗൗട്ട് എന്ന വാതരോഗം ഉണ്ടാകും.
രക്തത്തിൽ യൂറിക്കാസിഡിന്റെ അളവ് സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത അളവിലാണ് കാണുന്നത്. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് യൂറിക് ആസിഡ് വർദ്ധിച്ചത് കാരണമുള്ള രോഗങ്ങൾ കണ്ടുവരുന്നത്. പ്രായം കൂടുന്നതിനനുസരിച്ചും യൂറിക് ആസിഡിന്റെ അളവ് വർദ്ധിച്ചുവരാം. സ്ത്രീകളിൽ 1.5 മുതൽ 6 മില്ലിഗ്രാം/ഡെസിലിറ്ററും പുരുഷനിൽ 2.5 മുതൽ 7 വരെയും ആണ് നോർമൽ. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെന്നു പറഞ്ഞാൽ അതിന്റെ അർത്ഥം ആവശ്യത്തിലധികമുള്ളവയെ പുറത്തേക്ക് കളയുവാൻ വൃക്കകൾക്ക് സാധിക്കുന്നില്ല എന്നാണ്. ഗൾഫിൽ ജോലി ചെയ്യുന്നവരിൽ യൂറിക് ആസിഡ് വർദ്ധന വളരെ സാധാരണയായി കാണുന്നു. ഭക്ഷണത്തിന്റെ കുഴപ്പവും ശുദ്ധജലത്തിന്റെ ദൗർലഭ്യവും കെട്ടിടങ്ങൾക്ക് പുറത്ത് ജോലി ചെയ്യുന്നവരിൽ അധികമായി വിയർക്കുന്നത് കാരണം മൂത്രം വഴി യൂറിക് ആസിഡ് പുറന്തള്ളാൻ സാധിക്കാത്തതുമാകാം ഇവരിൽ രോഗം വർദ്ധിച്ചു കാണുന്നത്.
കാരണങ്ങൾ:
കടൽ വിഭവങ്ങൾ പ്രത്യേകിച്ചും ചൂര, കൊഞ്ച്, ഞണ്ട് തുടങ്ങിയവ, മട്ടൻ, ബീഫ് പോർക്ക്, ടർക്കിക്കോഴി തുടങ്ങിയ റെഡ്മീറ്റ്. പ്രത്യേകിച്ചും അവയുടെ കരളും കിഡ്‌നിയും മറ്റ് ഗ്രന്ഥികളും, കുമിൾ, ശതാവരിക്കിഴങ്ങ്, ചീര, പയർ, ക്വാളിഫ്ലവർ, മുളപ്പിച്ച ഗോതമ്പ്, പയർ, ഗ്രീൻപീസ് തുടങ്ങിയ സസ്യാഹാരങ്ങൾ, ഈസ്റ്റ് എന്നിങ്ങനെ യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കുവാൻ കഴിവുള്ള ആഹാര പദാർത്ഥങ്ങൾ, വണ്ണക്കൂടുതൽ, പ്രമേഹം, ചില മൂത്രവർദ്ധകങ്ങളായ മരുന്നുകൾ, ബിയർ, മദ്യം എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം അധികമായ യൂറിക് ആസിഡ് ശരിയായി പുറത്തേക്ക് കളയുന്നതിന് തടസ്സമായി നിൽക്കുന്ന കാരണങ്ങളാണ്.
ഗൗട്ട്:
യൂറിക് ആസിഡ് അധികരിച്ചാൽ സന്ധികളെ ആശ്രയിച്ചുണ്ടാകുന്ന രോഗമാണ് ഗൗട്ട് അഥവാ ഗൗട്ടീആർത്രൈറ്റിസ്. ഇതിൽ അമിതമായ സന്ധിവേദന, പിടുത്തം, സന്ധികൾ അനക്കാൻ കഴിയായ്ക, സന്ധികളിൽ ചുവപ്പ് നിറവും വീക്കവും തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ആഴ്ചകളോ മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ നീണ്ടു നില്ക്കുന്ന രോഗമാണ് ഗൗട്ട്.
ക്യാൻസർ രോഗമുള്ളവരിലും ക്യാൻസർ രോഗത്തിന്റെ ചികിത്സയിലിരിക്കുന്നവർക്കും യൂറിക് ആസിഡ് അളവ് കൂടുതലാകാം.
ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരിലും പ്രമേഹത്തിലും വൃക്കരോഗമുള്ളവരിലും വൃക്കകളിൽ കല്ല് ഉള്ളവരിലും യൂറിക് ആസിഡ് വർദ്ധിച്ചു കാണാറുണ്ട്.
സാദ്ധ്യത ആർക്കൊക്കെ?
മദ്യപാനശീലമുള്ളവർ, ഹൃദ്രോഗത്തിനുള്ള മരുന്നുപയോഗിക്കുന്നവർ, ലെഡ്, കീടനാശിനി തുടങ്ങിയവയുമായി കൂടുതൽ സമ്പർക്കമുള്ളവർ, വൃക്കരോഗികൾ, രക്തസമ്മർദ്ദമുള്ളവർ, പ്രമേഹം, തൈറോയിഡ്, പൊണ്ണത്തടി, അമിതമായ അദ്ധ്വാനം എന്നിവയുള്ളവർക്ക് യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കാവുന്നതാണ്.
ചികിത്സിച്ചില്ലെങ്കിൽ:
യൂറിക് ആസിഡ് ലെവൽ നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ ദീർഘകാലം ചികിത്സിക്കേണ്ട ഗൗട്ട്, വൃക്കരോഗങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം, മെറ്റബോളിക് ഡിസോർഡറുകൾ എന്നിവ ഉണ്ടാകും.
എങ്ങനെ നിയന്ത്രിക്കാം:
പ്യൂരിൻ കൂടുതൽ അടങ്ങിയിട്ടുള്ള മേൽ വിവരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക.
മധുരം നിയന്ത്രിക്കുക. കോഫീ, സോഡാ, മധുരം ചേർത്ത ജ്യൂസുകൾ ഒഴിവാക്കുക.
മദ്യത്തിന്റെ ഉപയോഗം പരമാവധി വേണ്ടെന്ന് വെയ്ക്കുക. ശരീരഭാരം കുറയ്ക്കുക. പ്രമേഹരോഗം നിയന്ത്രണ വിധേയമാക്കുക.
പഴുത്തതും ഉണക്കിയതുമായ പഴങ്ങൾ, പച്ചക്കറികൾ, ഓട്സ്, നട്ട്സ്, ബാർളി തുടങ്ങിയ നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക. ബ്രോക്കോളി, ഗ്രേപ്സ് (മുന്തിരി) എന്നിവ ഉപയോഗിക്കണം.
ടെൻഷൻ കുറയ്ക്കുക. ആസ്പിരിൻ, നയാസിൻ (വൈറ്റമിൻ ബി-3), മൂത്രം അധികമായി പുറത്തേക്ക് കളയുന്ന മരുന്നുകൾ, ചികിത്സയുടെ ഭാഗമായി പ്രതിരോധശേഷി കുറയ്ക്കുവാൻ ഉപയോഗിക്കുന്ന മരുന്നുകൾ, കീമോതെറാപ്പിക്കുള്ള മരുന്നുകൾ എന്നിവയുടേയും ഫുഡ് സപ്ലിമെന്റുകളുടേയും ഉപയോഗം പരിമിതപ്പെടുത്തുക.
കൂടുതലായി ഉപയോഗിക്കേണ്ടവ:
ആപ്പിൾ, ആപ്പിൾ സെഡർ വിനേഗർ എന്നിവ നല്ലതാണ്. ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുന്നത് യൂറിക് ആസിഡിന്റെ ക്രിസ്റ്റലുകളെ പുറന്തള്ളാൻ സഹായിക്കും. ചെറി വിഭാഗത്തിലുള്ള പഴങ്ങൾ കഴിക്കുക.
ബെറി വിഭാഗത്തിലുള്ള സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവ നല്ലതാണ്. കാരറ്റ്, ബീറ്റ്റൂട്ട്, നാരങ്ങ എന്നിവയുടെ ഫ്രഷ് ജ്യൂസ് മധുരം ചേർക്കാതെ കഴിക്കുക.
കിവി, നെല്ലിക്ക, ഓറഞ്ച്, പേരയ്ക്ക, നാരങ്ങ, തക്കാളി തുടങ്ങിയ വൈറ്റമിൻ സി അടങ്ങിയവ കഴിക്കുക.
വാഴപ്പഴം വളരെ നല്ലത്. വെള്ളരിക്ക നല്ലത്. ചണവിത്ത് അഥവാ ഫ്ലാക്സ് സീഡ് നല്ലത്. അതിൽ ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. വാൾനട്ട് ഉപയോഗിക്കുക. ചാള, അയല എന്നീ മീനുകൾ കറിവെച്ചത് ഉപയോഗിക്കാം.
ചികിത്സ ആയുർവേദത്തിൽ:
യൂറിക് ആസിഡ് കൂടുതലുള്ള എല്ലാർക്കും ഒരേ ചികിത്സയല്ല ആയുർവേദത്തിൽ ചെയ്യുന്നത്. അതുകൊണ്ടാണ് ചികിത്സകൊണ്ട് ലഭിക്കുന്ന ഫലം ദീർഘകാലം നിലനിൽക്കുന്നത്. വാതം, പിത്തം, കഫം എന്നിവയിൽ വർദ്ധിച്ചത് ഏത് ദോഷം എന്ന് മനസ്സിലാക്കാനായി വേദന,സന്ധികളിലെ ചുവപ്പ്നിറം, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ കൂടി പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. സന്ധികളിൽ പരൽ അഥവാ ക്രിസ്റ്റൽ രൂപത്തിൽ അടിഞ്ഞു കൂടുന്ന യൂറിക് ആസിഡിനെ പുറന്തള്ളാൻ ആയുർവേദ ചികിത്സ ഫലപ്രദമാണ്. ഒരിക്കൽ രോഗശമനം ലഭിച്ചവർ വീണ്ടും രോഗ കാരണങ്ങൾ ശീലിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
വാതസംബന്ധമായ വേദനയാണെന്ന് തെറ്റിദ്ധരിച്ച് ഏതെങ്കിലും തൈലമിട്ട് തേച്ചാൽ സന്ധികൾക്കുണ്ടാകുന്ന ഡാമേജ് പരിഹരിക്കുവാൻ അത്ര എളുപ്പമല്ലെന്ന് തിരിച്ചറിയുക.
ലേഖനം: ഡോ. ഷർമദ് ഖാൻ BAMS, MD, (ആയുർവേദം) സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം)
സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കുവാൻ കഴിവുള്ള ആഹാര പദാർത്ഥങ്ങൾ, വണ്ണക്കൂടുതൽ, പ്രമേഹം, ചില മൂത്രവർദ്ധകങ്ങളായ മരുന്നുകൾ, ബിയർ, മദ്യം എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം അധികമായ യൂറിക് ആസിഡ് ശരിയായി പുറത്തേക്ക് കളയുന്നതിന് തടസ്സമായി നിൽക്കുന്ന കാരണങ്ങളാണ്.
0 Comments