എല്ലാ രോഗത്തിനേയും വേരോടെ പിഴുതെറിയുന്ന ഒറ്റമൂലിയാണ് ചികിത്സ എന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. എന്ന
ലിത് യാഥാർത്ഥ്യമല്ല എന്നത് അറിയാമല്ലോ. അങ്ങനെ വേണമെന്നാണ് എപ്പോഴും രോഗി ആഗ്രഹിക്കുന്നത് എന്നത് ശരിതന്നെ. എന്നാൽ അൽപം കടന്ന ഒരു ഭാവന മാത്രമാണത്. അതുകൊണ്ടുതന്നെ രോഗം ഏതായാലും ഏത് അവസ്ഥയായാലും പൂർണമായും ചികിത്സിച്ചു മാറ്റുവാൻ സാധിക്കുന്ന ചികിത്സകരുടെ എണ്ണവും കുറവാണ്.
ചികിത്സകന് രോഗത്തെക്കുറിച്ചും, മരുന്നിനെക്കുറിച്ചും, മരുന്ന് ശരീരത്തിൽ പ്രവർത്തിക്കുന്ന രീതികളെക്കുറിച്ചും, എത്രമാത്രം രോഗശമനം രോഗിക്ക് ലഭ്യമാക്കുവാൻ സാധിക്കുമെന്നതിനെക്കുറിച്ചും, ഏതൊക്കെ അനുബന്ധ രോഗങ്ങൾ ഉണ്ടാകാം എന്നതു സംബന്ധിച്ചും, ഏതൊക്കെ രോഗങ്ങൾ പൂർണമായും മാറ്റാം, അല്ലാത്തവയെ എങ്ങനെ നിയന്ത്രിക്കാം എന്നതു സംബന്ധിച്ചുമുള്ള അറിവും അവ നിരവധി രോഗികളിൽ ചെയ്തു വിജയിച്ച പരിചയവും ഉണ്ടായിരിക്കണം. ഇത്തരം കാര്യങ്ങൾ രോഗികളോടും അവരുടെ ബന്ധുക്കളോടും പറഞ്ഞു മനസ്സിലാക്കുന്നതിന് പ്രത്യേക കഴിവും ആവശ്യമാണ്.
രോഗികൾ ശാരീരികമായി ബുദ്ധിമുട്ടനുഭവിക്കുമ്പോൾ ചികിത്സകൻ പറയുന്ന കാര്യങ്ങൾ അതേ അർത്ഥത്തിലോ കാര്യബോധത്തോടെയോ മനസ്സിലാക്കണമെന്നില്ല. ഉദാഹരണത്തിന് "പ്രമേഹം പൂർണ്ണമായി നമുക്ക് മാറ്റാനാകില്ല. എന്നാൽ മറ്റ് അനുബന്ധ രോഗങ്ങൾ ഉണ്ടാകാതെ തന്നെ മാനേജ് ചെയ്യാം. അതിനുള്ള നിർദ്ദേശങ്ങൾ പാലിച്ചാൽ മതി" എന്നു പറയുന്ന ചികിത്സകനെ ഉപേക്ഷിച്ച് അൽഭുത സിദ്ധിയുള്ള ഒറ്റമൂലി തേടി പോകുന്ന രോഗികളെ കാണാറുണ്ട്.
രോഗത്തെകുറിച്ച് ശരിയായി മനസ്സിലാക്കുകയും, അതിൻ്റെ വിവിധ ചികിൽസകൾ എന്തൊക്കെ ആകാമെന്നും, അത്തരം ചികിത്സ ചെയ്യുന്നതിന് സൗകര്യമുള്ള ആശുപത്രിയാണോ തെരഞ്ഞെടുത്തിരിക്കുന്നത്,അതിൽ എന്തൊക്കെ ചികിത്സകളാണ് തനിക്ക് അവരവരുടെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ചെയ്യുവാൻ സാധിക്കുന്നതെന്നും, ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നതിനും പൂർത്തിയാക്കുന്നതിനും തൻ്റെ ഭൗതീക സൗകര്യങ്ങൾ മതിയാകുമോ എന്നുമൊക്കെ ചികിത്സയുടെ ആരംഭത്തിൽതന്നെ രോഗി അന്വേഷിക്കേണ്ടതുണ്ട്.മാനസികബലവും കൂടി നഷ്ടപ്പെട്ട് ചെയ്യുന്ന ചികിൽസകൾ പലപ്പോഴും പ്രയോജനത്തിൽ എത്താറില്ല. പ്രതീക്ഷകൾക്കൊത്ത പ്രയോജനം ലഭിക്കുന്നില്ലെന്ന തോന്നൽ തന്നെ രോഗികളിൽ വളരെ എളുപ്പത്തിൽ മനോബലം തകർത്തുകളയാം. ചികിത്സകനേയും ചികിത്സാ സ്ഥാപനത്തേയും ശരിയായി മനസ്സിലാക്കിയും അവിടെ നിന്ന് ചികിത്സ തേടിയിട്ടുള്ള രോഗികളുടെ അഭിപ്രായം പരിഗണിച്ചും തന്നെയാണ് പ്രാഥമിക ധാരണ ഉണ്ടാക്കേണ്ടത്.
ചികിത്സകർ എന്ന് ഭാവിക്കുന്ന ചിലരെങ്കിലും "എനിക്കെന്തുമറിയാം" എന്ന് പരസ്യമായി പറയുന്നവരും പറയുന്നതനുസരിച്ചാൽ മാരകരോഗമുള്ളവർക്ക് പോലും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കാനുള്ള പൊടിക്കൈ കയ്യിൽ ഉണ്ടെന്ന് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരുമാണ്.
രോഗിയെ സംബന്ധിച്ച് തൃപ്തി ഉണ്ടാകുന്ന കാര്യങ്ങൾ (അവ കള്ളമായാൽ പോലും)ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്ന ചികിത്സകരോടാണ് താൽപര്യം തോന്നുക.അവിടെ യാഥാർത്ഥ്യബോധവും ശാസ്ത്ര വിജ്ഞാനവും എല്ലാം ഒരു പ്രത്യേക മൈൻഡ് സെറ്റിന് വഴി മാറുന്നു എന്നതാണ് കാരണം.
എന്നാൽ ഈ പ്രത്യേകതരം മാനസികാവസ്ഥ കാരണം പലരും ശരിയായ ചികിത്സയിൽനിന്ന് അകന്നു നിൽക്കുകയും, ജീവിതംതന്നെ ക്വാളിറ്റി ഇല്ലാതായി മാറുകയും,ക്രമേണ അകാലത്തിൽ മരണമടയുവാൻ പോലും കാരണമാകുകയും ചെയ്യും.
ദീർഘവീക്ഷണമില്ലാതെ താൽക്കാലിക ലാഭത്തിനുവേണ്ടി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരും അതിന് ഒത്താശ ചെയ്യുന്നവരും നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് എതിരായി പ്രവർത്തിക്കുകയാണെന്നും അത് പൊതുജനാരോഗ്യത്തിന് ഹാനികരമാകുമെന്നും നമ്മുടെ ആരോഗ്യ സൂചികയിലെ നേട്ടങ്ങൾ പലതും നഷ്ടമാകുമെന്നും മനസ്സിലാക്കി പ്രവർത്തിക്കേണ്ടതാണ്. അത് ആരോഗ്യബോധമുള്ളവരുടെ ഉത്തരവാദിത്തമാണ്.
ലേഖകൻ: ഡോ. ഷർമദ് ഖാൻ BAMS, MD, (ആയുർവേദം) സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം)
സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ചികിത്സകർ എന്ന് ഭാവിക്കുന്ന ചിലരെങ്കിലും "എനിക്കെന്തുമറിയാം" എന്ന് പരസ്യമായി പറയുന്നവരും പറയുന്നതനുസരിച്ചാൽ മാരകരോഗമുള്ളവർക്ക് പോലും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കാനുള്ള പൊടിക്കൈ കയ്യിൽ ഉണ്ടെന്ന് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരുമാണ്.
0 Comments