article_റമദാൻ,_സഹജീവികളോടുള്ള_സ്നേഹ_സാന്ത്വനം_1650723664_8442.jpg
EArth

റമദാൻ, സഹജീവികളോടുള്ള സ്നേഹ സാന്ത്വനം

മാനവ സമൂഹത്തിന് സർവ്വേശ്വരനായ സൃഷ്ടാവ് അവനിൽ നിന്നും അനുഗ്രഹങ്ങളും പാപമോചനവും നരക മോചനവും സ്വർഗ്ഗ പ്രവേശനവും വാഗ്ദാനം ചെയ്തു കൊണ്ടാണ് അനുഗ്രഹീത റമദാൻ മാസം നമ്മിലേക്ക് കടന്നു വരുന്നത്.


മാനവ സമൂഹത്തിന് മാർഗദർശനമായും  സന്മാർഗത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവായും സത്യ-അസത്യ വിവേചകമായും ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമത്രേ റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആരെങ്കിലും ആ മാസത്തിൽ സന്നിഹിതരായിരുന്നാൽ. അതിൽ അവൻ വ്രതം അനുഷ്ഠിക്കേണ്ടതാണ് എന്ന് വിശുദ്ധ വേദഗ്രന്ഥം നമ്മോട് ഉദ്ഘോഷിക്കുന്നു. 

വ്രതത്തിന്റെ ആദ്യന്തികമായ ലക്ഷ്യം 

ദൈവബോധമുള്ള ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള തയ്യാറെടുപ്പും പരിശീലനവുമാണ് എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുക. ദൈവതൃപ്തിക്കു വേണ്ടി അന്നപാനീയങ്ങൾ ഉപേക്ഷിച്ച് കഴിയുമ്പോൾ ദാഹവും വിശപ്പും ക്ഷീണവുമെല്ലാം നോമ്പുകാരന് അനുഭവപ്പെടുന്നു. 


ഇതിലൂടെ ദാഹിക്കുന്നവരായ... വിശക്കുന്നവരായ... ദുർബല ജന വിഭാഗത്തിന്റെ ദാഹവും വിശപ്പും അനാരോഗ്യാവസ്ഥയും ഓരോ വിശ്വാസിയും മനസ്സിലാക്കുകയും, നമ്മോടൊപ്പം ജീവിക്കുന്ന നമ്മുടെ സഹജീവികളോട് കാരുണ്യത്തോടെ വർത്തിക്കണമെന്നും പഠിപ്പിക്കുകയാണ് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതായ നോമ്പ് എന്ന ആരാധന. 


ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ മാത്രമേ വാനലോകത്തിലുള്ള നിന്റെ സൃഷ്ടാവ് നിന്നോട് കരുണ കാണിക്കുകയുള്ളൂ എന്നാണ് പ്രവാചകൻ തിരുമേനിയുടെ സന്ദേശം. ശഹറുറമളാൻ സമാഗതമാകുന്നതിന് മുമ്പ് തന്നെ തന്റെ അനുചരൻമാർക്ക്, റമളാൻ മാസത്തെ സംബന്ധിച്ച സന്തോഷ വാർത്ത അറിയിച്ചു കൊണ്ട് അവിടുന്ന് നടത്തിയ പ്രഭാഷണത്തിൽ കാണാം


അല്ലയോ മനുഷ്യരേ... 

നിങ്ങൾക്കിതാ ഒരു അനുഗ്രഹീത മാസം വരുകയാണ്...  എന്ന് തുടങ്ങുന്ന സുദീർഘമായ പ്രവാചക പ്രഭാഷണത്തിന്റെ അവസാന ഭാഗത്തിൽ സൂചിപ്പിക്കുന്നു. ഈ മാസം ക്ഷമയുടെ മാസമാണ്.... ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗമാണ്.... ഈ മാസം ദാന ധർമ്മങ്ങളുടെ മാസമാണ്.... റമളാനിന്റെ അവസാന ദിനങ്ങളെത്തുമ്പോൾ അതിശക്തമായ കൊടുങ്കാറ്റിന്റെ വേഗത്തെക്കാൾ പ്രവാചക തിരുമേനി ദാന ധർമ്മങ്ങൾ ചെയ്യുകയും, ചെയ്യിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. 


ഈ ലോകത്ത് കഷ്ടതകളും, ദാരിദ്ര്യവും, വേദനകളും അനുഭവിക്കുന്ന സമൂഹത്തോട്, സഹജീവികളോട്, യാതൊരു ബാധ്യതയും പാലിക്കാതെ സ്വന്തം രക്ഷയും വിജയവും മോഹിച്ചു കൊണ്ട് ആരാധനകളിലും, അനുഷ്ഠാനങ്ങളിലുമായി കഴിഞ്ഞ് കൂടി സ്വാർത്ഥ സിംഹാസനങ്ങൾ കെട്ടിപ്പൊക്കിയ മൂഡൻമാരായ ചില വിശ്വാസികളെ മരണാനന്തരം ദൈവ സന്നിധിയിൽ നിശ്ചയമായും ഹാജരാക്കപ്പെടും. സർവ്വേശ്വരനായ തമ്പുരാൻ ഈ സ്വാർത്ഥനായ വിശ്വാസിയോട് ചോദിക്കുന്ന ഒരു രംഗം പ്രവാചക തിരുമേനി ഒരു ദൃശ്യാവിഷ്കാരം പോലെ ഇന്നത്തെ സ്വാർത്ഥ സമൂഹത്തിന് വരച്ചു കാട്ടിത്തരുന്നു...


സർവ്വേശ്വരനായ തമ്പുരാൻ ചോദിക്കും,

ഹേ മനുഷ്യാ....

ഞാൻ രോഗിയായപ്പോൾ എന്തു കൊണ്ട് നീ എന്നെ സന്ദർശിച്ചില്ല...?

മനുഷ്യൻ ചോദിക്കും..! എന്റെ നാഥാ ...

നീ സർവ്വ ലോകത്തിന്റെയും പരിപാലകനായിരിക്കെ ഞാൻ നിന്നെ സന്ദർശിക്കുകയോ ...?  അപ്പോൾ അള്ളാഹു മറുപടി നൽകും... 

എന്റെ ഇന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ ...?

എന്നിട്ട് എന്തു കൊണ്ട് നീ അവനെ സന്ദർശിച്ചില്ല?... അവനെ നീ സന്ദർശിച്ചിരുന്നുവെങ്കിൽ തീർച്ചയായും അവന്റെ അടുത്ത് എന്നെ നിനക്ക് കാണാമായിരുന്നു...


മനുഷ്യാ.... ഞാൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷേ നീ എനിക്കത് നിഷേധിച്ചു... 

അടിമ: നാഥാ നിന്നെ ഞാൻ  ഭക്ഷിപ്പിക്കുകയോ നീ ലോക രക്ഷിതാവായിരിക്കെ... 

അല്ലാഹു: അതെ എൻറ ഇന്ന അടിമ നിന്നോട് ഭക്ഷണം ചോദിച്ചു. എന്നിട്ട് നീ അത് നൽകാൻ വിസമ്മതിച്ചു. അവന് നീ ഭക്ഷണം നൽകിയിരുന്നെങ്കിൽ അതിന്റെ പ്രതിഫലം ഇവിടെ കാണാമായിരുന്നു. 


മനുഷ്യാ.... ഞാൻ നിന്നോട് വെള്ളം ചോദിച്ചു. പക്ഷേ നീ അത് തന്നില്ല. അടിമ ചോദിക്കും നാഥാ ഞാൻ നിനക്ക് വെള്ളം തരികയോ നീ സർവതിന്റെയും രക്ഷിതാവായിരിക്കെ... 

അല്ലാഹു: അതെ, എന്റെ ഇന്ന ദാസൻ നിന്നോട് വെള്ളം ചോദിച്ചു. നീ അത് നൽകിയില്ല. അന്ന് അവന് നീ വെള്ളം നൽകിയിരുന്നെങ്കിൽ അതിൻറെ പ്രതിഫലം ഇവിടെ കാണാമായിരുന്നല്ലോ...!


സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ

ആശ്വാസ വചനങ്ങളോതി പറഞ്ഞയയ്ക്കുന്ന സ്വാർത്ഥരായ വിശ്വാസികളെന്ന് നടിക്കുന്നവരുടെ നോമ്പുകൾ, നിസ്കാരങ്ങൾ, മറ്റ് ആരാധനാ കർമ്മങ്ങൾ എന്നിവ പടച്ച തമ്പുരാൻ സ്വീകരിക്കുമെന്ന് ആരും വ്യാമോഹിക്കണ്ട. സൃഷ്ടാവിനോട് ബാധ്യതയുള്ളത് പോലെ സൃഷ്ടികളോടും നാം ഓരോരുത്തർക്കും ബാധ്യതകളുണ്ടെന്ന്  മനസ്സിലാക്കി പ്രവർത്തിക്കുക. അതിനു പ്രചോദനമാകുന്ന നാളുകൾ ആകട്ടെ ഷെഹ്റു റമളാൻ.


"ഈ അനുഗ്രഹീത മാസം നാളെ പാരത്രിക ജീവിതത്തിൽ ദൈവസന്നിധിയിൽ നമുക്ക്  അനുകൂല സാക്ഷിയായി ഭവിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഒരായിരം റംസാൻ,  ആശംസകൾ നേരുന്നു".


(ലേഖകൻ: മൗലവി സബീർ അൽ മനാരി, ചീഫ് ഇമാം, മൈതാനി ജുമാ മസ്ജിദ്, പെരുമാതുറ, തിരുവനന്തപുരം). കൂടാതെ എ.എൻ.സി.ടി (അന്നൂർ നവോദയ ചാരിറ്റബിൾ ട്രസ്റ്റ്) ജനറൽ സെക്രട്ടറിയുമാണ്.)

ദാഹിക്കുന്നവരായ... വിശക്കുന്നവരായ... ദുർബല ജന വിഭാഗത്തിന്റെ ദാഹവും വിശപ്പും അനാരോഗ്യാവസ്ഥയും ഓരോ വിശ്വാസിയും മനസ്സിലാക്കുകയും, നമ്മോടൊപ്പം ജീവിക്കുന്ന നമ്മുടെ സഹജീവികളോട് കാരുണ്യത്തോടെ വർത്തിക്കണമെന്നും പഠിപ്പിക്കുകയാണ് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതായ നോമ്പ് എന്ന ആരാധന....

0 Comments

Leave a comment