എല്ലാ രോഗങ്ങളും ചികിത്സിച്ച് സുഖപ്പെടുത്തേണ്ടവ തന്നെയാണ്. എന്നാൽ എല്ലാ രോഗങ്ങൾക്കും ചികിത്സ ഒരുപോലെയല്ല. ചിലത് ഭക്ഷണത്തിൽ വ്യത്യാസം വരുത്തിയാൽ തന്നെ സുഖപ്പെടും. മറ്റു ചിലത് ശീലങ്ങൾകൂടി വ്യത്യാസം വരുത്തുകയും മരുന്നോ ശസ്ത്രക്രിയയോ കൂടി ഉപയോഗിച്ചും മാത്രമേ മാറ്റാനാവൂ.
ഒരു രോഗത്തിനോടനുബന്ധിച്ച് കാണുന്ന വേദന, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ മാറ്റുവാനായി മരുന്നുപയോഗിക്കുന്നത് ശരിയായ ചികിത്സയാണെന്ന് പറയാനാകില്ല. അതു ലക്ഷണങ്ങളെ മാത്രം താൽക്കാലികമായി മാറ്റുന്നുവെന്നേയുള്ളൂ. രോഗം താൽക്കാലികമായി കുറഞ്ഞ് വീണ്ടും അടുത്ത ഘട്ടത്തിൽ കൂടുതൽ വ്യാപിക്കുകയും പിന്നീടത് ഗൗരവമുള്ളതായി മാറുകയും ചെയ്യാം.
പല രോഗങ്ങളും വളരെവേഗം ചികിത്സിച്ചു മാറ്റണമെന്നതിനേക്കാൾ പ്രാധാന്യം, എന്തുകൊണ്ട് രോഗമുണ്ടായെന്ന് മനസ്സിലാക്കുന്നതിനാണ്. ഏതെങ്കിലും മരുന്ന് വാങ്ങി കഴിച്ച് ലക്ഷണങ്ങൾ കുറച്ച ശേഷം രോഗമെന്താണെന്നന്വേഷിച്ചാൽ ശരിയായി രോഗം മനസ്സിലാക്കുവാൻ പലപ്പോഴും ഒരു ഡോക്ടർക്ക് പോലും സാധിക്കാതെ വരാം.
രോഗത്തെ മനസ്സിലാക്കുന്നത് രക്തം, മൂത്രം തുടങ്ങിയവ പരിശോധിച്ചോ, എക്സ്റേ, സ്കാൻ മുതലായവ നിരീക്ഷിച്ചോ, മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ചോ മാത്രമല്ല. രോഗിയെ കണ്ടും, നിരീക്ഷിച്ചും, സ്പർശിച്ചു നോക്കിയും, കാര്യങ്ങൾ ചോദിച്ചുമൊക്കെയാണ്. ഏത് രോഗമായാലും ഏതെങ്കിലും മരുന്നു കഴിച്ച് എത്രയും വേഗം മാറണമെന്നാണ് രോഗി ആഗ്രഹിക്കുന്നത്. എന്നാൽ പല രോഗങ്ങളും ദീർഘകാലം നിലനിൽക്കുന്നതും അനുബന്ധ രോഗങ്ങൾ കൂടെ വരാവുന്നതുമാണ്. അതുകൊണ്ടു തന്നെ പല രോഗങ്ങളും ധൃതി പിടിച്ച് ചികിത്സിക്കേണ്ടവയല്ലെന്നും മനസ്സിലാക്കണം. ചില രോഗങ്ങൾ വേഗത്തിൽ മാറ്റിക്കളയാമെന്നതിനേക്കാൾ മാനേജ് ചെയ്യുക എന്നതിനാണ് കൂടുതൽ പ്രാധാന്യം. ശാരീരിക പ്രവർത്തനങ്ങളിൽ വ്യത്യാസം വരുന്നത് കാരണമുണ്ടാകുന്ന രോഗത്തെക്കാൾ അവയവങ്ങളുടെ ഘടനയിൽ വ്യത്യാസം വരുന്നത് കാരണമുണ്ടാകുന്ന രോഗങ്ങളിൽ ദീർഘകാല ചികിത്സ ആവശ്യമായി വരും.
ഒരു രോഗം എത്രനാൾ കൊണ്ട് ചികിത്സിച്ചില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഒരു ഡോക്ടർക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിൽ രോഗി തന്നെ മനസ്സുവെച്ചാൽ മറ്റു ശാസ്ത്രങ്ങളിലുള്ള ഡോക്ടർമാരുടെ അഭിപ്രായമെങ്ങനെ എന്നതുംകൂടി അന്വേഷിക്കാവുന്നതേയുള്ളൂ.
ഒരാൾക്ക് പ്രമേഹമുണ്ടെന്നറിഞ്ഞാൽ എത്രയും വേഗം അതിനെ മാറ്റുവാനുള്ള ചികിത്സയല്ലല്ലോ നിലവിലുള്ളത്. അനുബന്ധ രോഗങ്ങളുണ്ടാകാതെ തന്നെ പ്രമേഹത്തെ മാനേജ് ചെയ്യുക എന്നതല്ലേ ചെയ്യേണ്ടത്. ഇതുപോലെയുള്ള നിരവധി രോഗങ്ങളുണ്ട്. അവയിൽ അടിയന്തര ചികിത്സയ്ക്കല്ല പ്രാധാന്യം. *ഫാറ്റി ലിവറുള്ള ഒരാളിൽ നല്ല ഭക്ഷണവും വ്യായാമവുമാണ് പ്രധാനമായും വേണ്ടത്*.
*കൊളസ്‌ട്രോൾ കുറയ്ക്കാൻ സമയത്തുള്ള ഭക്ഷണവും വ്യായാമവും ഉപയോഗപ്പെടും*. കൊളസ്‌ട്രോൾ രോഗത്തിന്റെ മരുന്ന് കഴിക്കുന്നവർ കരൾ രോഗമില്ലെന്ന് ഉറപ്പു വരുത്തണം. വളരെവേഗം കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ കഴിയുമെങ്കിൽ ഉപേക്ഷിക്കുകയാണ് വേണ്ടത്. അവയുടെ ഉപയോഗം നിർത്തുമ്പോൾ പൂർവ്വാധികം രോഗം വർദ്ധിക്കുന്നത് കാണാം.
അർശസ് രോഗമുള്ളവർ ശരിയായി ദഹിക്കുന്നതും മലശോധന ഉറപ്പുവരുത്തുന്നതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. പനിയുടെ കാര്യത്തിൽ അതിൻ്റെ കാരണം കണ്ടെത്താതെ മരുന്ന് കഴിക്കരുത്. ലഘു ഭക്ഷണം, വിശ്രമം, തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കുക എന്നിവയ്ക്ക് പനിയുള്ളവരിൽ പ്രാധാന്യമുണ്ട്.
വേദനയുള്ളവർ സന്ധികൾക്കോ ഞരമ്പുകൾക്കോ മാംസത്തിലോ വേദനയെന്ന് തിരിച്ചറിയാതെയുള്ള മരുന്ന് പുരട്ടൽ, മസാജ് തുടങ്ങിയവ സ്വന്തമായിട്ടാണെങ്കിൽ പോലും ചെയ്യരുത്. മാംസത്തിന് ശോഷം, തേയ്മാനം എന്നിവ കാരണവും വേദനയുണ്ടാകാറുണ്ട്.
രക്തസമ്മർദ്ദം കൂടുതലുള്ളവർ എങ്ങിനെയും പ്രഷറിനെ വലിച്ചു പിടിച്ച് താഴേക്ക് കൊണ്ടുവന്ന് നോർമലാക്കുന്ന മരുന്നുകൾ ഉപയോഗിച്ചാൽ ദോഷമാവുകയെയുള്ളൂ. മാനസിക വിക്ഷോഭങ്ങളും ഉറക്കവും കൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്.
ദഹന സംബന്ധമായ പൊരുത്തക്കേടുകൾ, എരിവും പുളിയും, കൃത്രിമ ആഹാരങ്ങൾ എന്നിവ ഉപയോഗിക്കുന്ന ശീലം സമയത്തല്ലാത്ത ഭക്ഷണം ഇവ കൂടി ഒഴിവാക്കി മാത്രമേ അസിഡിറ്റിയെയും അൾസറിനേയും കുറയ്ക്കാനാകു.
ഇറിറ്റബിൽ ബവൽ സിൺഡ്രോം കുറയണമെങ്കിൽ ടെൻഷൻ, അസിഡിറ്റി, തോന്നിയ സമയത്തുള്ള ഭക്ഷണം ഇവ പാടില്ല. ആരോഗ്യ പ്രശ്നങ്ങളും ടെൻഷനും ഉറക്കക്കുറവും ഉള്ളവർക്ക് മാനസികരോഗങ്ങളുടെ മരുന്ന് മാത്രം മതിയാകണമെന്നില്ല.
ഗർഭിണികളിൽ വിളർച്ചയ്ക്കും അനുബന്ധരോഗങ്ങൾക്കും വളരെ വീര്യം കുറഞ്ഞ മരുന്നുകൾ മാത്രം ഉപയോഗിച്ചുള്ള ചികിത്സയാണ് നല്ലത്.
കുട്ടികളിൽ പൊതുവെ കാണുന്ന മാനസികവും ശാരീരികവുമായ വളർച്ച സംബന്ധമായ പ്രശ്നങ്ങൾ, ചൊറി, ചിരങ്ങ്, നീണ്ടുനിൽക്കുന്ന ചുമ, ശ്വാസം മുട്ടൽ, വിളർച്ച, കൃമി, തുടർച്ചയായ തുമ്മൽ തുടങ്ങിയ രോഗങ്ങളിൽ ശക്തമായ മരുന്നുകൾ പ്രയോഗിക്കുന്നത് നല്ലതല്ല.
സ്ത്രീ രോഗങ്ങളായ വന്ധ്യത, വെള്ളപോക്ക്, ആർത്തവ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയിലെല്ലാം വീര്യമുള്ള മരുന്നുകളും അടിയന്തര ചികിത്സയും ആവശ്യമില്ലെന്ന് കാണാം. ഇവരിൽ അടിയന്തര ചികിത്സയുടെ ചെലവ് കുറയ്ക്കാനും മറ്റ് ചികിൽസകൾ കൊണ്ട് സാധിക്കും.
അടിയന്തര ചികിത്സ ആവശ്യമുള്ളപ്പോൾ രോഗികളെ എങ്ങനെ എത്രയും വേഗം രക്ഷിക്കാമെന്നതിന് വലിയ പ്രാധാന്യമുണ്ട്. അത്തരം സാഹചര്യങ്ങളിൽ മരുന്നിൻ്റെ പാർശ്വഫലങ്ങൾക്ക് വലിയ പരിഗണന നൽകാനും കഴിയില്ല. എന്നാൽ അടിയന്തര ഘട്ടത്തിലല്ലാതെയുള്ള സന്ദർഭങ്ങളിലെല്ലാം ഏറ്റവും സുരക്ഷിതമായ മരുന്നിനും മറ്റു നിർദ്ദേശങ്ങൾക്കുമായിരിക്കണം പ്രാധാന്യം നൽകേണ്ടത്. അതുകൊണ്ട് മേല്പറഞ്ഞ സാഹചര്യങ്ങളിലെല്ലാം ഏറ്റവും സുരക്ഷിതമായ ആയുർവേദ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ സ്വീകരിക്കാവുന്നതാണ്. ആരോഗ്യത്തോടെയിരിക്കുവാൻ വീര്യം കുറഞ്ഞതും എന്നാൽ ഫലപ്രദമായതുമായ അത്തരം ചികിത്സകൾ അനിവാര്യവുമാണ്.
ലേഖകൻ: ഡോ. ഷർമദ് ഖാൻ BAMS, MD, (ആയുർവേദം) സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം)
സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഒരു രോഗം എത്രനാൾ കൊണ്ട് ചികിത്സിച്ചില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഒരു ഡോക്ടർക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിൽ രോഗി തന്നെ മനസ്സുവെച്ചാൽ മറ്റു ശാസ്ത്രങ്ങളിലുള്ള ഡോക്ടർമാരുടെ അഭിപ്രായമെങ്ങനെ എന്നതുംകൂടി അന്വേഷിക്കാവുന്നതേയുള്ളൂ.
0 Comments