/uploads/news/news_ഉമ്മന്‍_ചാണ്ടിയുടെ_വിശ്വസ്തനായിരുന്ന_എം...._1714218861_6618.jpg
BREAKING

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന എം.എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു


തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം.എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ലത്തീഫിനെ 2021 നവംബറിൽ ആറുമാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2022 ൽ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുക ആയിരുന്നു. എ ഗ്രൂപ്പുകാരനായ ലത്തീഫ് അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു.

ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫ് ആണെന്നായിരുന്നു പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി മുതലപ്പൊഴി സന്ദര്‍ശനം തടയാന്‍ എം.എ ലത്തീഫ് നിര്‍ദേശം നല്‍കിയെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരുന്നത്.

കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്കെതിരെ പരസ്യകലാപമുയർത്തി, കെ.പി.സി.സി ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു, മുതലപ്പൊഴി തീരദേശത്ത് വി.ഡി. സതീശൻ്റെ സന്ദർശനം തടയാൻ പാർട്ടി പ്രവർത്തകരോട് നിർദ്ദേശിച്ചു, ചിറയിൻകീഴ് മണ്ഡലത്തിൽ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം നൽകി, കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി യോഗങ്ങളെ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ലത്തീഫിനെതിരെ ചാർത്തിയത്.

ലത്തീഫിനെ പുറത്താക്കിയ, കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരനോട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു. എം.എ ലത്തീഫിനെ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് മൂന്നിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു.

വനിതകളടക്കം നൂറുകണക്കിന് പേരാണ് അന്ന് പ്രകടനത്തിൽ പങ്കെടുത്തത്. ലത്തീഫിനെ പുറത്താക്കിയത്  അകാരണമായാണെന്നും, അത് പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. 40 വർഷത്തോളം ജില്ലയിൽ കോൺഗ്രസിനെ നയിച്ചയാളാണ് എം.എ ലത്തീഫ്. അദ്ദേഹത്തിനെതിരെ ഒരു പരാതിയും നിലവിലില്ലെന്നും, ചില ഗ്രൂപ്പ് മാനേജർമാരാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞിരുന്നു.

എം.എ ലത്തീഫിനെ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് മൂന്നിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു.

0 Comments

Leave a comment