article_കഴുത്തു_വേദനയും_കർക്കടകവും_1692078198_251.jpg
Health

കഴുത്തു വേദനയും കർക്കടകവും

എല്ലാ വേദനകളും കൂടുന്ന കാലമാണ് കർക്കടകം. പ്രത്യേകിച്ചും കഴുത്തു വേദന. സമീപകാലത്ത് ഏറ്റവും കൂടുതൽ രോഗികൾ ഡോക്ടറെ സമീപിക്കുന്നത് കഴുത്ത് വേദനയ്ക്കുള്ള ചികിത്സതേടിയാണോ എന്ന് തോന്നിപ്പോകുന്നു. തോൾ വേദന, പിടലി കഴപ്പ്, കൈകൾക്ക് തരിപ്പും പെരുപ്പും, തലവേദന, ചിലപ്പോൾ തലകറക്കം, ഓക്കാനം, കൈകളുടെ ബലക്കുറവ് തുടങ്ങിയ അനുബന്ധ ബുദ്ധിമുട്ടുകളുമായി കഴുത്തുവേദനയുള്ളവരുടെ എണ്ണം വർദ്ധിച്ചു വരുന്നു.


പെട്ടെന്ന് ഇത്തരം ബുദ്ധിമുട്ടുകൾ തോന്നുന്നവരുടെ കാര്യത്തിൽ കൃത്യമായ രോഗനിർണയം കൂടിയേ തീരൂ. എന്നാൽ സ്ഥിരമായി ഇത്തരം ബുദ്ധിമുട്ടുകൾ പറയുന്നവരും അതിനായി വേദനാ സംഹാരികൾ ഉൾപ്പെടെ കഴിക്കുന്നവരുമുണ്ട്. താൽക്കാലിക സമാധാനമല്ലാതെ സ്ഥിരമായ ശമനം, ഇത്തരം ചികിത്സ കൊണ്ട് പ്രതീക്ഷിക്കേണ്ട.


അതിനാൽ രോഗിക്ക്‌ തോന്നുന്ന ബുദ്ധിമുട്ടുകളെന്തൊക്കെ ? എത്രനാൾ വരെ ചികിത്സ തുടരേണ്ടതുണ്ട് ? എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡോക്ടറും രോഗിയും കൂടി തുടക്കത്തിൽ തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്.


ആധുനിക ജീവിത രീതികൾ വളരെ മാറ്റങ്ങളാണ് മാംസപേശികൾക്കും അസ്ഥികൾക്കുമുണ്ടാക്കിയിട്ടുള്ളത്. തണുപ്പ് കൂടി ആയപ്പോൾ അവ വർദ്ധിക്കുന്നു. ഇക്കാലത്ത് തലയിൽ വെച്ചും തോളിൽ വെച്ചുമുള്ള ചുമടെടുപ്പ്‌ തീരെ ഇല്ലെന്നുതന്നെ പറയാം. അതിനാൽ തന്നെ കഴുത്തിന്റെ ആരോഗ്യം തീരെ കുറഞ്ഞു.


സ്ഥിരമായ തുമ്മൽ, തലനീരിറക്കം, രാത്രി കുളി, തണുത്ത വെള്ളമുപയോഗിച്ചുള്ള കുളി, രാത്രിയിൽ വളരെ താമസിച്ചുള്ള ഭക്ഷണം, എ.സിയുടെ അമിതമായ ഉപയോഗം, ശരിയായ രീതിയിലല്ലാത്ത കിടത്തവും ഉറക്കവും, പ്രത്യേകിച്ചും തലയിൽ ഒരിടത്ത്തന്നെ ഏൽക്കുന്ന തണുപ്പ്, സൈനസൈറ്റിസ് എന്നിങ്ങനെയുള്ള കാരൃങ്ങൾ കഴുത്തിന് പ്രയാസമുണ്ടാക്കുന്നു. ക്രമേണ കഴുത്തിനു വേദനയും  തേയ്മാനവുമുണ്ടാവുകയും ചെയ്യുന്നു.


ഇത്തരം അവസ്ഥകൾ യഥാസമയം ചികിത്സിക്കാതെ ഉപേക്ഷിക്കപ്പെടുകയോ കുറെയൊക്കെ സഹിച്ച് മുന്നോട്ടു പോകാമെന്ന് തീരുമാനിക്കുകയോ ചെയ്താൽ നേരത്തെ പറഞ്ഞ പല ലക്ഷണങ്ങളും ഒന്നിനു പുറകെ ഒന്നായി ഒരുമിച്ച് വരികയും ചികിത്സിച്ചാലും പൂർണമായും മാറാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.


നമ്മുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയെ വളരെയേറെ കുറച്ചു കളയുന്ന ഒരു അവസ്ഥയാണ് കഴുത്ത് വേദനയോടെ ആരംഭിക്കുന്നതെന്ന് മനസ്സിലാക്കി തുടക്കത്തിലേ തന്നെ ശരിയായ ചികിത്സ ചെയ്യുവാൻ ശ്രദ്ധിക്കണം. സെർവൈക്കൽ സ്പോണ്ടിലൈറ്റിസ്, സെർവൈക്കൽ സ്പോണ്ടൈലോസിസ്, ആങ്കൈലോസിങ്  സ്പോണ്ടൈലോസിസ്, മയലോപ്പതി, മയലോകാൽസീമിയ എന്നീ രോഗങ്ങൾ വളരെ വ്യത്യസ്തവും അവയിലെല്ലാം കഴുത്ത് വേദന കൂടി ലക്ഷണമായിട്ടുള്ളതുമാണ്. അതിനാൽ എല്ലാ കഴുത്ത് വേദനയും ചികിത്സ വേണ്ടാത്തവയോ എന്തെങ്കിലും ചികിത്സ ചെയ്ത് താല്ക്കാലികമായി മാത്രം പരിഹരിക്കേണ്ടവയോ അല്ല.


ഏറ്റവും ഫലപ്രദമായതും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ആയുർവേദ ചികിത്സയാണ് ഇവയിൽ ഉത്തമം.


ഡോ. ഷർമദ് ഖാൻ BAMS, MD, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം)

സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

രോഗിക്ക്‌ തോന്നുന്ന ബുദ്ധിമുട്ടുകളെന്തൊക്കെ ? എത്രനാൾ വരെ ചികിത്സ തുടരേണ്ടതുണ്ട് ? എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡോക്ടറും രോഗിയും കൂടി തുടക്കത്തിൽ തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്.

0 Comments

Leave a comment