മൂക്കിലും തൊണ്ടയിലും വളരെ സാധാരണയായി ഉണ്ടാകുന്ന അണുബാധയാണ് ജലദോഷമുണ്ടാക്കുന്നത്. അധികമൊന്നും അപകടകാരിയല്ലാത്തതും രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനോടനുബന്ധിച്ചുള്ള എല്ലാ ബുദ്ധിമുട്ടുകളും സ്വയം ശമിക്കുന്നതുമാണ്.
ലാബ് പരിശോധനകളൊന്നും ആവശ്യമില്ലാത്തതും സ്വന്തമായി പോലും രോഗസ്വഭാവം തിരിച്ചറിയാൻ സാധിക്കുന്നതും ചില പൊടിക്കൈ ചികിത്സ കൊണ്ട് പോലും സമാധാനമുണ്ടാകുന്നതും രണ്ടു ദിവസം മുതൽ രണ്ടാഴ്ച വരെ നീണ്ടുനിൽക്കുന്നതുമാണ് ജലദോഷം. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ വളരെവേഗം ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വ്യാപിക്കുവാനും ഇടയുണ്ട്.
*കാരണം*
അശ്രദ്ധമായി തുമ്മുകയും ചീറ്റുകയും ചുമയ്ക്കുകയും ചെയ്യുന്നതിനാൽ വായുവിലൂടെ പകരുന്ന അണുക്കളാണ് രോഗം പരത്തുന്നത്. രോഗിയിൽ നിന്നും അണുക്കൾ വീണ പ്രതലങ്ങളിൽ തൊടുന്നവർക്കും, ചുംബിക്കുകയോ ഭക്ഷണപാനീയങ്ങൾ ഷെയർ ചെയ്യുകയോ ചെയ്യുന്നതു വഴി ഉമിനീരിലൂടെയും, ആലിംഗനം ചെയ്യുകയോ ഹസ്തദാനം ചെയ്യുകയോ വഴി ത്വക്ക് തമ്മിൽ സ്പർശിക്കുന്നതിലൂടെയും രോഗം പകരും.
നമുക്ക് ഓരോരുത്തർക്കുമുണ്ടായിട്ടുള്ള ജലദോഷത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇത്തരത്തിലുള്ള നൂറ് നൂറ് കാരണങ്ങൾ വേറെയും പറയുവാനുണ്ടാകും. ജലദോഷത്തെ സാധാരണയായി ഉണ്ടാക്കുന്ന അണുക്കളും നൂറിലേറെയുണ്ട് എന്നതാണ് യാഥാർത്ഥ്യം. ജലദോഷത്തെ സംബന്ധിച്ച വ്യക്തമായ വിവരണവും ചികിത്സയും 5,000 വർഷമെങ്കിലുമായി ആയുർവേദ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്.
*ലക്ഷണങ്ങൾ*
ജലദോഷം ആരംഭിക്കുന്നത് മിക്കവാറും തുമ്മലോട് കൂടിയാണ്. മൂക്കൊലിപ്പ്, ചെറിയ പനി, തൊണ്ട വേദന, ചുമ മൂക്കടപ്പ്, തൊണ്ടയ്ക്കും മൂക്കിനും തടസ്സം, ചെറിയ ദേഹവേദനയോ തലവേദനയോ തോന്നുക, മണവും രുചിയും അറിയുവാൻ പ്രയാസം, സുഖമില്ലെന്ന തോന്നൽ, ക്ഷീണം എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ. രാത്രി സമയത്ത് ബുദ്ധിമുട്ടുകൾ പകൽ സമയത്തുള്ളതിനേക്കാൾ കൂടുകയും ചെയ്യും.
മൂക്കിൽ മരുന്നൊഴിച്ചും മരുന്നുകൾ അലിയിച്ചിറക്കിയും വേദനയും വീക്കവും പനിയും കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിച്ചും അലർജിക്കുള്ള മരുന്ന് ഉപയോഗിച്ചും കഫം അലിയിച്ചു കളഞ്ഞും മൂക്കടപ്പും മൂക്കൊലിപ്പും തടയുന്ന മരുന്നുകൾ ഉപയോഗിച്ചും ജലദോഷത്തെ വരുതിയിലാക്കാം.
ഇത് വൈറസ് കാരണമുള്ള രോഗമായതിനാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുവാൻ പാടില്ല. ജലദോഷം ഒഴിവാക്കുവാനായി ഉപകാരപ്പെടുന്ന വിറ്റാമിൻ സി ഗുളിക പോലുള്ളവ ജലദോഷം ആരംഭിച്ചു കഴിഞ്ഞശേഷം കഴിച്ചിട്ടും കാര്യമില്ല. മൂക്കടപ്പ് കുറയ്ക്കുവാനായി ഒഴിക്കുന്ന ചില മരുന്നുകൾ പിന്നീട് കൂടുതൽ മൂക്കടപ്പ് ഉണ്ടാകാൻ കാരണമായി മാറാറുമുണ്ടല്ലോ? കൂടുതൽ വീര്യമുള്ള മരുന്നുകളിലേക്കും ചികിത്സയിലേക്കും മാറേണ്ട അവസ്ഥ ഉണ്ടാകുന്നതിനും ഇത്തരം മരുന്നുകൾ ചിലരിലെങ്കിലും കാരണമാകാറുമുണ്ട്.
ജലദോഷമുള്ള ഒരാളുമായി സമ്പർക്കത്തിൽ വരുന്നവരിൽ രണ്ട് മുതൽ മൂന്നു ദിവസം കൊണ്ട് ജലദോഷത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകും. ലക്ഷണങ്ങൾ ആരംഭിച്ച് ആദ്യത്തെ മൂന്നു മുതൽ നാലു ദിവസമാണ് രോഗിയായ ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുവാൻ കൂടുതൽ സാദ്ധ്യതയുള്ളത്. ചിലപ്പോൾ മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന ബുദ്ധിമുട്ടുകൾ ചിലർക്കെങ്കിലും കാണാറുണ്ട്. എന്നാൽ അധികം പേർക്കും ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ അപ്രത്യക്ഷമാകുകയാണ് പതിവ്. മൂക്കൊലിപ്പ് കൂടി ലക്ഷണമായി കാണുന്ന ദിവസങ്ങളെ മാത്രമേ പലരും ജലദോഷത്തിന്റെ 'അക്കൗണ്ടിൽ' കൂട്ടാറുള്ളൂ എന്നാണ് മനസ്സിലായിട്ടുള്ളത്.
*ശ്രദ്ധിക്കേണ്ടവ*
ജലദോഷമുള്ളവർ നിർജ്ജലീകരണം വരാതിരിക്കുവാൻ ആവശ്യത്തിന് ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കും. ചൂടു വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് തേൻ ചേർത്ത് കുടിക്കുക, ഇഞ്ചിനീരിൽ തേൻ ചേർത്ത് കഴിക്കുക, ചെറിയ ചൂടോടെ സൂപ്പ്, ജ്യൂസ് തുടങ്ങിയവ കഴിക്കുക, ചൂടാറ്റിയ വെള്ളം കുടിക്കുക എന്നിവ നല്ലതാണ്. നിർജ്ജലീകരണം ഉണ്ടാക്കുന്ന മദ്യം, കോഫി, സോഡാ, കോള എന്നിവ ഒഴിവാക്കുകയാണ് വേണ്ടത്. കൂടാതെ തണുപ്പിനെ ഉണ്ടാക്കുന്ന കരിക്കിൻ വെള്ളവും ഒഴിവാക്കുക. ആവശ്യത്തിന് വിശ്രമിക്കുക. മുക്കടപ്പും തടസ്സവും മാറ്റുന്നതിന് ചൂടുള്ള ചിക്കൻ സൂപ്പ്, ചായ, ചൂടുള്ള ആപ്പിൾ ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കുക,
തൊണ്ടയ്ക്ക് ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് ഉപ്പു വെള്ളം കവിൽ കൊള്ളുക, തൊണ്ടയിൽ പുറമേ മരുന്ന് പുരട്ടുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ആറു വയസ്സിനു താഴെയുള്ള കുട്ടികളിൽ വളരെ ശ്രദ്ധിച്ചു മാത്രമേ ഉപ്പു വെള്ളമോ മരുന്നോ കവിൾ കൊള്ളാൻ പാടുള്ളൂ. കവിൾകൊണ്ട മരുന്ന് കുടിച്ചിറക്കുന്നത് നല്ലതല്ലാത്തതിനാൽ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ജലദോഷം ആരംഭിച്ച് രണ്ട് മൂന്ന് ദിവസങ്ങൾ കഴിയുമ്പോൾ കഫം വെള്ള നിറത്തിലും പിന്നെ മഞ്ഞ നിറത്തിലോ പച്ച നിറത്തിലോ ആയിട്ടും മാറാറുണ്ട്. ഇത് സാധാരണമാണ് എന്ന കാര്യം പലർക്കും അറിയില്ല. പലരും അത് ജലദോഷത്തെ തുടർന്നുള്ള സൈനസൈറ്റിസോ മറ്റ് അണുബാധയോ ആണെന്ന് കരുതി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ ഡോക്ടറെ സമീപിക്കാറുണ്ട്. യഥാർത്ഥത്തിൽ അതിന്റെ ആവശ്യമില്ല. ജലദോഷവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു ലക്ഷണം മാത്രമാണത്. ഈ സാഹചര്യത്തിൽ ആന്റിബയോട്ടിക് ഉപയോഗപ്പെടുകയുമില്ല.
ജലദോഷത്തോടൊപ്പം മൂക്കൊലിപ്പ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. കാരണം അണുബാധയ്ക്ക് കാരണമായിട്ടുള്ള അണുക്കളെ ശരീരത്തിന്റെ പുറത്തേക്ക് കളയുവാൻ അത് കൂടുതൽ സഹായിക്കും. അത്പോലെ ജലദോഷമുള്ളവർ തുമ്മുന്നതും നല്ലത് തന്നെ. എന്നാൽ തുമ്മുന്നതും ചീറ്റുന്നതുമെല്ലാം രോഗം വളരെയേറെ വേഗത്തിൽ മറ്റുള്ളവരിലേക്ക് പകരുന്നതിന് കാരണമാകും. അതുകൊണ്ട് തുമ്മുമ്പോഴും മുക്കൊലിക്കുമ്പോഴും അവ വായുവിലേക്ക് പകരാതെ ശ്രദ്ധിച്ചാൽ മറ്റാരാളിന് ജലദോഷമുണ്ടാകില്ല. അതിനായി ഹാന്റ്കർച്ചീഫ്, ഫെയ്സ് മാസ്ക് എന്നിവ ശരിയായി ഉപയോഗിച്ച് കരുതലോടെ തുമ്മുകയും ചുമയ്ക്കുകയും മൂക്ക് പിടിക്കുകയും ചെയ്താൽ മറ്റൊരാളിലേക്ക് രോഗം പകരാതെ ശ്രദ്ധിക്കാം. അപ്രകാരം ശ്രദ്ധിക്കുന്നതാണ് രോഗിക്കും കൂടെ ഉള്ളവർക്കും നല്ലത്.
സാധാരണയായി ജലദോഷം പകർച്ചപ്പനിയായി മാറാറില്ല. ജലദോഷത്തിനും പകർച്ചപ്പനിയ്ക്കുമുള്ള കാരണങ്ങൾ വ്യത്യസ്തമാണ് എന്നതാണ് വസ്തുത. ജലദോഷം ന്യുമോണിയയായി മാറാനുള്ള സാദ്ധ്യതയും കുറവാണ്. എന്നാൽ ജലദോഷത്തിന് സെക്കന്ററി ഇൻഫെക്ഷൻ ബാധിക്കുന്ന ഒരാളിൽ ന്യുമോണിയ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനുമാവില്ല.
തുമ്മുമ്പോൾ തെറിക്കുന്ന കണങ്ങളിലെ അണുക്കൾ സാധാരണയായി 24 മണിക്കൂർ വരെ പ്രതലത്തിൽ ജീവിച്ചിരിക്കും. അത്തരം പ്രതലങ്ങളിൽ പലയിടത്തും നമ്മളറിയാതെ തന്നെ സ്പർശിക്കാറുണ്ട് എന്നതിനാൽ അവയെ ഒഴിവാക്കുവാനായി ചൂടു വെള്ളവും സോപ്പുമുപയോഗിച്ച് കൈകൾ കഴുകുന്നത് നല്ലതാണ്.
ജലദോഷം എന്നത് അത്ര കുഴപ്പമില്ലാത്ത രോഗമാണെങ്കിലും ഏകദേശം അതുപോലുള്ള ലക്ഷണത്തോട് കൂടിയ പകർച്ചപ്പനി തിരിച്ചറിയുവാൻ കൂടി സാധിക്കണം. പകർച്ചപ്പനി കാരണം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഗുരുതരമാകാം. പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ സാധാരണയായി ജലദോഷവുമായി തെറ്റിദ്ധരിക്കാൻ സാദ്ധ്യതയുമുണ്ട്.101 ഡിഗ്രിക്ക്മേൽ പനി, വർദ്ധിച്ച ശരീര വേദനയും പേശി വേദനയും, തുടർന്നു നിൽക്കുന്ന തലവേദനയോ അല്ലെങ്കിൽ മൈഗ്രയിനോ, വളരെ വർദ്ധിച്ച ശരീര ക്ഷീണവും തളർച്ചയും, നെഞ്ച് മുറുകുന്നത് പോലെ തോന്നുക, വല്ലാത്ത ചുമ തുടങ്ങിയവ പകർച്ചപ്പനിയുടെ ലക്ഷണങ്ങളാണ്. അവ പ്രത്യേകം ശ്രദ്ധിക്കുമല്ലോ?
ജലദോഷമുള്ള ഒരാൾ പുറത്തേക്കിറങ്ങി നടന്നാൽ അവരുടെ രോഗം മറ്റൊരാളിലേക്ക് പകരാം. അതിനാൽ യാത്രകൾ ഒഴിവാക്കി വീട്ടിലിരിക്കാൻ ശ്രമിക്കണം. ജലദോഷത്തിനും അനുബന്ധ പ്രശ്നങ്ങൾക്കും ആയുർവേദ ചികിത്സ മാത്രം മതിയാകും. വീര്യം കുറവുള്ള മരുന്നുകൾ തന്നെയാണ് ഇത്തരത്തിലുള്ള ചെറിയ രോഗങ്ങൾക്ക് പ്രയോജനപ്പെടുത്തേണ്ടത്. നമ്മുടെ രോഗപ്രതിരോധ ശേഷിയെ അവതാളത്തിലാക്കുന്ന വിധമുള്ള മരുന്നുകൾ വെറുമൊരു ജലദോഷത്തെ പ്രതിരോധിക്കുവാൻ ആവശ്യമില്ല.
(ലേഖനം: ഡോ. ഷർമദ് ഖാൻ BAMS, MD,
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം)
സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
വൈറസ് കാരണമുള്ള രോഗമായതിനാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുവാൻ പാടില്ല. ജലദോഷം ഒഴിവാക്കുവാനായി ഉപകാരപ്പെടുന്ന വിറ്റാമിൻ സി ഗുളിക പോലുള്ളവ ജലദോഷം ആരംഭിച്ചു കഴിഞ്ഞശേഷം കഴിച്ചിട്ടും കാര്യമില്ല.





0 Comments