വേദനകൾ പലവിധമുണ്ട്. അതിൽ തലവേദന വരുന്നത് പലർക്കുമൊരു "തലവേദന" തന്നെയാണ്. സാധാരണയായികാണുന്ന ജലദോഷം മുതൽ മാരക രോഗമെന്ന് വിശേഷിപ്പിക്കാവുന്ന അർബുദത്തിൽ വരെ കാണുന്ന ഒരു ലക്ഷണമാണ് തലവേദന. പ്രത്യേകിച്ച് കാരണങ്ങളില്ലാതെയും ഗുരുതരമായ പലരോഗങ്ങളിൽ അനുബന്ധമായിട്ടും തലവേദന പ്രത്യക്ഷപ്പെടാം. തലവേദന പ്രത്യേക രോഗമെന്ന നിലയിലും മറ്റു പല രോഗങ്ങളിലുമുള്ള ലക്ഷണമായും പരിഗണിക്കാം. അതിനാൽതന്നെ ഇതിലേതാണ് കാരണമെന്നറിയും വരെ തലവേദനയുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല.
ചില തലവേദനകളുടെ കാരണം തലയുടെ ഏതെങ്കിലുമൊരു ഭാഗത്തെ പ്രശ്നം പോലും ആയിരിക്കണമെന്നില്ല. തലയുടെ പ്രവർത്തനങ്ങളുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഭാഗമായ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ, മലബന്ധം, അർശസ്, കഴുത്ത്, തോൾ എന്നിവയിലെ പ്രശ്നങ്ങൾ തുടങ്ങിയവ പോലും തലവേദനയുമുണ്ടാക്കുന്നവയാണ്.
കാഴ്ചസംബന്ധമായ വൈകല്യമുള്ളവർക്ക് കണ്ണട വെച്ച് പരിഹരിക്കാവുന്ന വിഷമതകളിൽ നിർബന്ധമായും ശരിയായ കാഴ്ച പരിശോധനയ്ക്കുശേഷം രോഗത്തിന് അനുസൃതമായ കണ്ണടകൾ ഉപയോഗിക്കണം.
ചിലർക്ക് ചിലരെ കാണുന്നത് തന്നെ തലവേദനയാണ്. ചില സാഹചര്യങ്ങളിൽ 'എനിക്കിന്നെന്തായാലും തലവേദന ഉറപ്പാണ്' എന്നു പറയുന്നവരേയും കാണാം. അത്തരക്കാർക്ക് അന്ന് തലവേദന വരികയും ചെയ്യും. തലവേദനയ്ക്ക് മനസ്സിന്റെ വ്യാപാരങ്ങളുമായി അത്രമാത്രം ബന്ധമുണ്ട്. തലവേദനയുടെ കാരണങ്ങൾ പരിശോധിച്ചാൽ കൃത്യമായി വിശദീകരിക്കുവാൻ സാധിക്കാത്ത ചിലത് കൂടെയുണ്ടെന്ന് മനസ്സിലാകും. അതുപോലെ തന്നെ തനിക്കുണ്ടായ തലവേദന മാറ്റുന്നതിനും ചിലർ ചില പ്രത്യേക രീതികൾ ശീലിച്ചിട്ടുണ്ടെന്നും കാണാം.
ഉറങ്ങി എഴുന്നേറ്റാൽ, ഇരുട്ട് മുറിയിൽ ഇരുന്നാൽ, ചില ശബ്ദങ്ങളിൽ നിന്ന് അകന്നിരുന്നാൽ, തണുത്ത വെള്ളത്തിൽ കുളിച്ചാൽ, ഭക്ഷണം കഴിച്ചാൽ, അരിശം തീർത്താൽ, ചിലതൊക്കെ തല്ലിപ്പൊട്ടിച്ചാൽ..... അങ്ങനെ പല ശീലങ്ങളുള്ളവരുമുണ്ട്.
തുടർച്ചയായ തുമ്മൽ പോലുള്ള അലർജി രോഗവും സൈനസൈറ്റിസും കാരണമുണ്ടാകുന്ന മൂക്കിനുള്ളിലെ ദശ വളർച്ച (നേസൽ പോളിപ്പ്), മൂക്കിന്റെ പാലം വളയുക (ഡീവിയേഷൻ ഓഫ് നേസൽ സെപ്റ്റം), ശ്വാസോച്ഛ്വാസത്തിന് പ്രയാസമുള്ള വിധത്തിൽ മൂക്കടപ്പ്, ശക്തിയായി മൂക്ക് ചീറ്റുകയും വലിക്കുകയും ചെയ്യേണ്ട അവസ്ഥ,
സൈനസ്സുകൾക്ക് പെട്ടെന്നുണ്ടാകുന്ന വീക്കം, അസിഡിറ്റി, മലബന്ധം, ഗ്യാസ്, അർശസ്സ്, കാഴ്ചവൈകല്യങ്ങൾ എന്നിവയോടനുബന്ധിച്ചും തലവേദനയും ചിലപ്പോൾ തലയ്ക്ക് ഭാരവും സംഭവിക്കാം. തലവേദന അനുഭവപ്പെടുന്ന ഭാഗം മനസ്സിലാക്കി രോഗനിർണ്ണയം നടത്തുവാനും ഒരു പരിധി വരെ സാധിക്കും.
പനി, ജലദോഷം, കണ്ണിന്റെ അസുഖങ്ങൾ, ചെവിയുടെ പ്രശ്നങ്ങൾ, കോവിഡ് രോഗം, ഡെങ്കിപ്പനി, അനീമിയ അഥവാ വിളർച്ച തുടങ്ങിയവയിലും തലവേദനയും കൂടി ലക്ഷണമായി കാണുന്നുണ്ട്.
തലനീരിറക്കം എന്ന് പൊതുവേ പറയുന്ന കഴുത്തുവേദന, വേദനയും വീക്കവും കഴുത്തിൽ തുടർച്ചയായി നിൽക്കുന്നത് കാരണം സംഭവിക്കാവുന്ന തേയ്മാനം, ഇടയ്ക്കിടയ്ക്ക് കഴുത്തിലുണ്ടാകുന്ന ഉളുക്ക് എന്നിവകാരണവും പ്രത്യേകിച്ചും അദ്ധ്വാനം കൂടുതലുള്ളപ്പോൾ തലവേദനയും ചിലപ്പോൾ തലകറക്കവും ചിലരിൽ ഉണ്ടാകുന്നു. രാത്രിയിലെ കുളി, കൈ തലയ്ക്ക് വെച്ച് കിടക്കുക, വലിയ തലയണവെച്ച് കിടക്കുക, ഒരുവശം ചരിഞ്ഞു കിടക്കുക, കിടന്നു കൊണ്ട് ടി.വി കാണുകയോ വായിക്കുകയോ മൊബൈൽ ഫോൺ നോക്കുകയോ ചെയ്യുക, കട്ടിലിന്റെ പടിയിലോ സോഫയുടെ കയ്യിലോ തല ഉയർത്തിവെച്ചു കിടക്കുക, തണുത്തവയും തൈരും സ്ഥിരമായി കഴിക്കുക, എ.സിയുടേയും ഫാനിൻ്റേയും അമിതമായ ഉപയോഗം തുടങ്ങിയവ കാരണം കഴുത്തിന്റെയും തോളിന്റേയും പ്രയാസം വർദ്ധിച്ച് തലവേദന അനുഭവപ്പെടാം.
കഴുത്തിലും തോളിനുമുണ്ടാകുന്ന ക്ഷതങ്ങളും തുമ്മൽ കാരണം കഴുത്തിലുണ്ടാകുന്ന തുടർച്ചയായ ചലനങ്ങളും സൈനസൈറ്റിസ് കാരണമുള്ള വീക്കവും ക്രമേണ കഴുത്തിലെ കശേരുകകൾക്ക് തേയ്മാനം ഉണ്ടാക്കുകയും തലവേദന സ്ഥിരമായി വരികയും ചെയ്യാം.
ഭക്ഷണം കഴിക്കാതിരിക്കുന്നതും അമിതമായി കഴിക്കുന്നതും കൂടുതൽ ഉറങ്ങുന്നതും ആവശ്യത്തിനും ശീലിച്ച സമയത്തും ഉറങ്ങാത്തതും ഇടയ്ക്കിടേയും ആവശ്യമുള്ള അളവിലും ശുദ്ധജലം കുടിക്കാതിരിക്കുന്നതും ലഹരിപാനീയങ്ങളും മദ്യവും കുടിയ്ക്കുന്നതുകൊണ്ടുണ്ടാകുന്ന നിർജ്ജലീകരണം (ഡീഹൈഡ്രേഷൻ) കൊണ്ടും ചിലതരം മരുന്നുകളും രക്ത സഞ്ചാരവുമായി ബന്ധപ്പെട്ട രോഗങ്ങളും അതു കാരണമുണ്ടാകുന്ന തടസ്സങ്ങളും ചിലതരം ഗ്രന്ഥികളും കോശ വളർച്ചകളുമെല്ലാം തലവേദനക്ക് കാരണമാകാം.
അകാരണമായതും പെട്ടെന്നുണ്ടാകുന്നതുമായ തലവേദനകളിൽ പക്ഷാഘാതംപോലുള്ള രോഗങ്ങളുടെ തുടക്കമാണോ എന്ന് അറിയേണ്ടതുണ്ട്. തലപെരുപ്പും തലകറക്കവും കൂടിയുണ്ടെങ്കിൽ പ്രത്യേകിച്ചും.
തണുപ്പ് കാലാവസ്ഥയിലും തണുത്തത് കഴിക്കുമ്പോഴും തണുത്ത വെള്ളത്തിൽ കുളിക്കുമ്പോഴും ഞരമ്പുകൾക്കും ധമനികൾക്കും താൽക്കാലികമായുണ്ടാകുന്ന ചുരുക്കവും തലവേദനയ്ക്കു കാരണമാകുന്നു. വേനൽക്കാലത്ത് ശരീരത്തിന്റെ താപം വീണ്ടും വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ, ശീലങ്ങൾ, ശരീരത്തിലെ ജലസാന്നിദ്ധ്യം കുറഞ്ഞു പോവുക എന്നിവയും തലവേദനയെയുണ്ടാക്കുന്നു. അമിതമായ വിയർപ്പും ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിക്കുന്നതും തലവേദനയ്ക്ക് കാരണമാണ്.
പല്ലുകൾക്കുണ്ടാകുന്ന പോട്, വിടവ്, മറ്റു കുഴപ്പങ്ങൾ, വിസ്ഡം ടീത്ത് മുളക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ എന്നിവയിലും തലവേദനകൂടി കാണുന്നു. ഞരമ്പ് സംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ തലവേദന പ്രധാന ലക്ഷണമാണ്. ഉദാ:- ട്രൈജെമിനൽ ന്യൂറാൾജിയ, സെർവൈക്കൽ സ്പോൺഡൈലോസിസ് എന്നീ രോഗങ്ങൾ
അമിതമായ വായന, ശക്തമായ വെളിച്ചം, കണ്ണുകൾ വിശ്രമമില്ലാതെ ഉപയോഗിക്കുക, അധികമായി ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കുക, വായിക്കുമ്പോൾ ശരിയായ അകലവും ശരിയായ ശാരീരിക പോസ്റ്ററും പാലിക്കാതിരിക്കുക, കിടന്നു വായിക്കുക, ശരിയായ കണ്ണട ഉപയോഗിക്കാതെയുള്ള വായന തുടങ്ങിയവയെല്ലാം കണ്ണുകളിൾ അമിതമായ സമ്മർദ്ദമുണ്ടാക്കി തലവേദനയേയുമുണ്ടാക്കും.
വിരുദ്ധാഹാരങ്ങൾ ഉപയോഗിക്കുമ്പോഴും മറ്റും ആമാശയത്തിലുണ്ടാകുന്ന വിഷസ്വഭാവവും അസിഡിറ്റി,അൾസർ തുടങ്ങിയ രോഗങ്ങളും ഗ്യാസിന്റെ ശല്യം വർദ്ധിപ്പിക്കുന്ന ദഹനപ്രശ്നങ്ങളും മലബന്ധവും അർശസുമെല്ലാം തലവേദനയെ ഉണ്ടാക്കുകതന്നെ ചെയ്യും. തലവേദനയുള്ളവർ ഇത്തരം രോഗങ്ങളെകൂടി ചികിത്സിച്ച് നിയന്ത്രണത്തിലാക്കേണ്ടതാണ്.
മൈഗ്രയിൻ തലവേദന എന്ന കാരണം പറഞ്ഞ് ചികിത്സയ്ക്കെത്തുന്ന രോഗികളിൽ മിക്കവരിലും വരുത്തുന്ന ഭക്ഷണ രീതികളിലെ ക്രമീകരണങ്ങളും ഉറക്കം സംബന്ധിച്ച വ്യത്യാസങ്ങളും മാനസിക സമ്മർദ്ദം കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങളും തലവേദനയെ വേഗത്തിൽ ശമിപ്പിക്കുന്നതായി കാണുന്നു. ചില തലവേദനകളിൽ മരുന്നിന് രണ്ടാം സ്ഥാനമേ ഉള്ളൂ എന്നതാണ് യാഥാർത്ഥ്യം. അത് മനസ്സിലാക്കാതെ മരുന്ന് കഴിച്ച് മാത്രം വേദന കുറയ്ക്കാൻ ശ്രമിക്കുന്നവർ മറ്റ് രോഗങ്ങളുണ്ടാകുന്നതിനുള്ള വളം വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.
അസ്ഥിസന്ധികളെ ബാധിക്കുന്ന വാതസംബന്ധമായ രോഗങ്ങൾ കാരണമുള്ള ഇ.എസ്.ആർ,എ.എസ്.ഒ, റുമറ്റോയിഡ് ഫാക്ടർ എന്നിവയുടെ വർദ്ധനവിൽ പല അവസ്ഥകളിലും തലവേദന കൂടി കാണുന്നതാണ്. പ്രത്യേകിച്ചും തോള്, കഴുത്ത് എന്നീ സന്ധികളെ ബാധിച്ചുണ്ടാകുന്ന ആർത്രൈറ്റിസ് രോഗത്തിൽ.
ആധുനിക ഭക്ഷണ രീതിയിലെ വ്യത്യാസവും, ഭക്ഷണം പാകം ചെയ്യുന്നതിലെ അപാകതകളും കൊണ്ട് പലരിലും പ്രത്യേകിച്ചും വനിതകളിലും കുട്ടികളിലും കാണുന്ന ഒരു പ്രധാനവില്ലനാണ് അനീമിയ അഥവാ വിളർച്ച രോഗം. ഈ രോഗത്തിന്റെയും പ്രധാന ലക്ഷണങ്ങളിലൊന്നായി തലവേദന കൂടെയുണ്ടാകും.
തലവേദനയുള്ളവർ കാരണമെന്തെന്ന് മനസ്സിലാക്കി ചികിത്സിയ്ക്കുന്നതിനൊപ്പം തലവേദന കുറയ്ക്കുന്നതിനുള്ള മരുന്നുകൾ, തലയ്ക്കെണ്ണ, പുറമേ പുരട്ടുന്ന തൈലങ്ങളും ലേപങ്ങളും, യോഗ തുടങ്ങിയവയും സ്വീകരിക്കേണ്ടിവരും. തലവേദനയുണ്ടാകുമ്പോൾ വേദനാ സംഹാരികളെ ആശ്രയിക്കുന്ന രീതി താല്ക്കാലികമായ സുഖം തോന്നിപ്പിക്കുമെങ്കിലും പിന്നീട് അത് ശല്യമായി മാറുന്നതിനും മരുന്നിന്റെ ഉപയോഗംതന്നെ തലവേദനയേക്കാൾ ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളായി ആവിർഭവിക്കുന്നതിനും കാരണമാകും.
(ലേഖകൻ: ഡോ. ഷർമദ് ഖാൻ, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം. ഫോൺ: 94479 63481)
എനിക്കിന്നെന്തായാലും തലവേദന ഉറപ്പാണ്' എന്നു പറയുന്നവരേയും കാണാം.
0 Comments