article_വേദനയും_കർക്കടകമാസവും_1690085174_4071.jpg
Health

വേദനയും കർക്കടകമാസവും

കർക്കടകത്തിൽ മുമ്പത്തെപ്പോലെ കാര്യമായ മഴയില്ലെങ്കിലും വേദനകളെ വർദ്ധിപ്പിക്കുവാൻ അതൊക്കെ മതിയാകും. രാത്രികളിൽ വേദന കൂടുന്നതും രാവിലെ എഴുന്നേൽക്കാൻ പ്രയാസം തോന്നുന്നതും വേദന വർദ്ധിക്കുന്നതുകൊണ്ടാണ്. സന്ധികൾ അനക്കുവാൻ പ്രയാസപ്പെടുന്നവർ കർക്കടകം കാരണം കൂടുതൽ ബുദ്ധിമുട്ടും. 


അന്തരീക്ഷത്തിൽ ചെറിയ തണുപ്പാകുമ്പോൾ തന്നെ പലരുടെയും പരാതിയാണ് 'വേദന'. മുമ്പുണ്ടായിരുന്ന വേദന ഒറ്റ ദിവസം കൊണ്ട് വളരെ വർദ്ധിക്കുകയോ പുതിയ വേദന ഉണ്ടാവുകയോ ചെയ്യുന്നത് വല്ലാതെ ബുദ്ധിമുട്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പല രോഗങ്ങളിലും വേദന ഒരു പ്രധാന ലക്ഷണമാണെന്ന് എല്ലാർക്കും അറിയാം. എന്നാൽ നീരും വേദനയും ഒരുമിച്ചുണ്ടാകുമ്പോൾ സന്ധികൾ അനക്കുവാൻ പോലും കഴിയാത്ത അവസ്ഥ ഒരിക്കലെങ്കിലും അനുഭവിച്ചവർ പെട്ടെന്ന് മറക്കാനിടയില്ല.


നല്ല തണുപ്പുള്ള പ്രദേശത്ത് വസിക്കുന്നവർ തണുപ്പ് അധികമായി എൽക്കാതിരിക്കുന്ന വിധത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കും. എന്നാൽ കേരളത്തിൽ ഇപ്പോൾ ചില ദിവസങ്ങളിൽ മാത്രവും അത് തന്നെ രാത്രിയുടെ ചില യാമങ്ങളിൽ മാത്രവുമാണ് മഴയും തണുപ്പുമുള്ളത്.

രാത്രി ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്നതും ശരീരം തണുത്തിരിക്കുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും തണുപ്പുണ്ടാക്കുന്ന ആഹാരം കൂടുതൽ കഴിക്കുന്നതും തണുപ്പിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കാത്തതു കൊണ്ട് ശരീര ഭാഗങ്ങളിൽ തണുപ്പേൽക്കുന്നതും, അമിതാധ്വാനവും വേദന വർധിക്കാൻ കാരണമാകുന്നു.


ഡിസംബർ, ജനുവരി മാസങ്ങളിലും ഇത് വളരെ പ്രയാസമുണ്ടാക്കാറുണ്ട്. എന്നാൽ വാതവർദ്ധനവുള്ളവരിൽ ഇപ്പോഴുള്ള ചെറിയ തണുപ്പ് പോലും അസഹനീയമായവരുണ്ട്. അതിനാൽ അത്തരമാൾക്കാരിൽ കർക്കടക മാസവും ബുദ്ധിമുട്ടുണ്ടാക്കും. വേദനയും വീക്കവുമുള്ള ഭാഗം അവ കുറയുംവരെ അനക്കാതെ വെക്കുന്നതാണ് നല്ലത്. വേദന കുറയുന്ന മുറയ്ക്ക് ചലിപ്പിക്കുകയും ചെയ്യണം.

  

വേദന തോന്നിയാൽ ഉടൻ ചികിത്സകനെ കാണാതെയും ഉപദേശം സ്വീകരിക്കാതെയും തോന്നിയ തൈലം പുരട്ടി നല്ല പോലെ തിരുമ്മുന്നവരെയും കാണാറുണ്ട്. വേദന വർദ്ധിക്കാൻ ആ ഒരൊറ്റ കാരണം മാത്രം മതിയെന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ. വേദനാ സംഹാരികൾ തോന്നിയ പോലെ കഴിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല. അത്രയേറെ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടവയാണ് വേദനാ സംഹാരികൾ.


നമുക്ക് മുന്നിൽ കർക്കടക മാസത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനുള്ള മാർഗങ്ങൾ ഇവയൊക്കെയാണ്:-


വേദന വന്നാൽ ഡോക്ടറുടെ നിർദേശം തേടുകയോ അപ്രതീക്ഷിതമായി വേദന വരാതിരിക്കാൻ മേൽപറഞ്ഞ കാരണങ്ങളെ ഒഴിവാക്കുകയോ ചെയ്യുക. ആരോഗ്യ സംരക്ഷണത്തിനും കർക്കടകം കാരണമായി ശരീരബലം കുറയുന്ന അവസ്ഥ പരിഹരിക്കുന്നതിനുമായി പഞ്ചകർമ്മ ചികിത്സകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക.


(ലേഖനം: ഡോ. ഷർമദ് ഖാൻ BAMS, MD,

സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം)


സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

രാത്രി ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്നതും ശരീരം തണുത്തിരിക്കുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും തണുപ്പുണ്ടാക്കുന്ന ആഹാരം കൂടുതൽ കഴിക്കുന്നതും തണുപ്പിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കാത്തതു കൊണ്ട് ശരീര ഭാഗങ്ങളിൽ തണുപ്പേൽക്കുന്നതും, അമിതാധ്വാനവും വേദന വർധിക്കാൻ കാരണമാകുന്നു

0 Comments

Leave a comment