കേരളത്തിൽ കർക്കിടക മാസത്തിൽ ഇലകളുപയോഗിച്ച് കറികൾ, തോരൻ തുടങ്ങിയവ കൂടുതലായി ഉപയോഗിച്ചു വരുന്നു. മത്സ്യ മാംസാദികൾ കുറയ്ക്കുകയും ചെയ്യും. കർക്കടകത്തിലെ പഥ്യമെന്ന നിലയിലാണ് ഇലക്കറികൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നത്. ചില ഔഷധ ഗുണമുള്ള ഇലകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് ആയുർവേദ ചികിത്സകർ ഉപദേശിക്കുന്നു.
അതിനായി ഉപയോഗിക്കുന്ന ഇലകളെ പൊതുവെ പത്തിലകൾ എന്ന് വിളിക്കുന്നു. കേരളത്തിൽ പലയിടത്തും പത്തിലകൾ എന്നപേരിലറിയപ്പെടുന്നത് ഒരേ തരം ഇലകളല്ല. എന്നാൽ എല്ലായിടത്തും പത്തോളം ഇലകൾ ഇതിനായി ഉപയോഗിക്കുന്നുമുണ്ട്. അതിനാൽതന്നെ കേരളത്തിലാകമാനം ഉപയോഗത്തിലിരിക്കുന്ന ഇലകൾ പത്തെണ്ണത്തിലധികം വരുമെന്ന് മനസ്സിലാക്കണം. നമുക്ക് ചുറ്റും പ്രാദേശികമായി സാധാരണയായി കാണുന്ന കുമ്പളം, മത്തൻ, ചേമ്പിന്റെയും ചേനയുടെയും താള്, തകര, തഴുതാമ, പയർ, ചുവന്ന ചീര, വെളുത്ത ചീര, കോവൽ, ഐവിരലിക്കോവൽ, (നെയ്യുണ്ണി /നെയ്യുർണി) വെള്ളരി തുടങ്ങിയ ഇലകൾ തോരൻ വെച്ച് ഉപയോഗിക്കാം. ഇവയാണ് പത്തിലകൾ എന്നറിയപ്പെടുന്നവയിൽ പ്രമുഖമായിട്ടുള്ളവ.
പത്തിലയിൽപ്പെടാത്ത മറ്റ് പല ഇലകളും പലവിധത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. മുരുക്ക്, വട്ട, വാഴ, പൂവരശ്, ചീലാന്തി, കറുവ എന്നിവയുടെ ഇലകളിൽ അട ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്.
ഭക്ഷണത്തിന് രുചി കിട്ടുന്നതിനും നന്നായി വിശപ്പുണ്ടാകുന്നതിനും കഴിക്കുന്നവ ദഹിക്കുന്നതിനും ഗ്യാസിന്റെ അസുഖം കുറയുന്നതിനും രക്തചംക്രമണം ശരിയാക്കുന്നതിനും മലശോധന ശരിയായി ലഭിക്കുന്നതിനും സന്ധികൾക്ക് അയവുണ്ടാകുന്നതിനും ശരീരത്തിലെ നീര് കുറയുന്നതിനും ശരിയായ ഉറക്കം ലഭിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇലകൾ ചേർത്ത ആഹാരം നല്ലതാണ്. 'തളിരിലകളാണ് ഉപയോഗിക്കേണ്ടത് '. കട്ടിയുള്ള ഇലകൾ വെള്ളത്തിൽ പുഴുങ്ങി അല്പം പിഴിഞ്ഞ ശേഷം ചെറുതായി നുറുക്കി തേങ്ങയും ജീരകവും പച്ചമുളകും ചേർത്ത് തോരൻ വെച്ച് കഴിക്കാം.
ചൊറിയണം (ആനക്കൊടിത്തൂവ) സൂക്ഷിച്ച് പറിച്ചെടുത്ത് വെള്ളത്തിൽ പുഴുങ്ങിയാൽ പിന്നെ ചൊറിയുകയില്ല. ചൊറിയണത്തിന്റെ ഇല ഏറ്റവും പോഷണവും രുചികരവുമാണ്. വാതരോഗമോ, ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരോ സ്ഥിരമായി ഇലകൾ കഴിക്കേണ്ടതില്ല. രക്തത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞ് വിളർച്ച രോഗമുള്ളവർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇരുമ്പു ചട്ടിയിൽ ചുവന്ന ചീര പാകപ്പെടുത്തി കഴിക്കാം. ഇതുപോലെ മറ്റിലകളും പല രീതിയിൽ പാകം ചെയ്യാവുന്നതാണ്.
തോരനും കറിയും മാത്രമല്ല അട, കട്ലറ്റ്, പായസം തുടങ്ങി പലതും ഉണ്ടാക്കി കഴിക്കാം. വില കൂടിയ മറ്റെന്തു വാങ്ങി ഉപയോഗിക്കുന്നതിനെക്കാളും ഗുണമേന്മയുള്ള ഇലകളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുവാനായി വീട്ടിലെ തന്നെ മുതിർന്നവരോട് പഴയകാല അറിവുകളെ കുറിച്ച് അന്വേഷിച്ചാൽ മതിയാകും.
ഡോ. ഷർമദ് ഖാൻ BAMS, MD, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം)
സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
'തളിരിലകളാണ് ഉപയോഗിക്കേണ്ടത് '. കട്ടിയുള്ള ഇലകൾ വെള്ളത്തിൽ പുഴുങ്ങി അല്പം പിഴിഞ്ഞ ശേഷം ചെറുതായി നുറുക്കി തേങ്ങയും ജീരകവും പച്ചമുളകും ചേർത്ത് തോരൻ വെച്ച് കഴിക്കാം. ചൊറിയണം (ആനക്കൊടിത്തൂവ) സൂക്ഷിച്ച് പറിച്ചെടുത്ത് വെള്ളത്തിൽ പുഴുങ്ങിയാൽ പിന്നെ ചൊറിയുകയില്ല.
0 Comments