വേനൽക്കാലമല്ലെ?...
ഓരോ ദിവസവും വേനലിന്റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുന്നു. അതിനാൽ വേനലിലുണ്ടാകാവുന്ന ശാരീരിക മാറ്റങ്ങളും വരാൻ സാദ്ധ്യതയുള്ള രോഗങ്ങളും അവയെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളുമായിരിക്കണം ഈ കാലാവസ്ഥ മാറും വരെ പിന്തുടരേണ്ടത്. നേരിട്ട് സൂര്യന്റെ ചൂടേൽക്കുന്ന രീതിയിൽ തൊഴിൽ ചെയ്യുന്നവരുടെ ജോലിസമയം ക്രമീകരിക്കേണ്ടതാണ് ആദ്യത്തെ പ്രതിരോധ മാർഗം.
സൂര്യന്റെ ചൂടിന്റെ കാഠിന്യം ഏറ്റവും കൂടുതലായുള്ള 11 മണി മുതൽ 3 മണി വരെയുള്ള സമയം ഒഴിവാക്കി ജോലി ചെയ്യുന്നതാണ് നല്ലത്. കഴിക്കുന്ന ആഹാരം, കുടിക്കാനുപയോഗിക്കുന്ന പാനീയങ്ങൾ, മറ്റ് വിഹാരങ്ങൾ അഥവാ ദൈനംദിന പ്രവൃത്തികൾ ഇവയൊക്കെത്തന്നെ ചൂടുകാലത്തിന്റെ തീവ്രത ശരീരത്തിലുണ്ടാക്കുന്ന ആഘാതം കുറക്കുന്ന തരത്തിലായിരിക്കണം.
ഈ കാലാവസ്ഥയിൽ ചൂട് കൂടുതലായി അനുഭവപ്പെടുകയും ഇത് ശരീരഭാരം കുറയ്ക്കുകയും ശരീരത്തിൻ്റെ വരൾച്ച വർദ്ധിപ്പിക്കുകയും ചെയ്യും. വേനൽകാലത്ത് ശരീരബലം കുറഞ്ഞിരിക്കുന്നതിനാൽ ആഹാരത്തിൽ എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കേണ്ടതാണ്. ലഘുവായതും അതായത് എളുപ്പം ദഹിക്കുന്നതും ദ്രവരൂപത്തിലുള്ളതും തണുത്തതുമായ ആഹാരങ്ങളുടെ ഉപയോഗം വേനൽകാലത്ത് ആരോഗ്യം നിലനിർത്തുന്നതിനും വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
കയ്പുരസമുള്ള പച്ചക്കറികളും ഈ കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളും ആഹാരത്തിൽ ധാരാളമായി ഉപയോഗപ്പെടുത്തണം. പഴങ്ങളും പച്ചക്കറികളും വേനൽക്കാലത്തുണ്ടാകുന്ന ശരീരതാപ വർദ്ധനവിനെ സന്തുലിതമാക്കാൻ പ്രയോജനകരമാണ് .
മത്സ്യവും മാംസവും വളരെക്കുറച്ചു മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മാംസങ്ങളിൽ ആട്ടിൻമാംസം മാത്രമാണ് ഈ സമയത്ത് കഴിക്കുന്നതിനനുയോജ്യമായത്. രാത്രിയിലെ ആഹാരത്തിൽ മത്സ്യവും മാംസവും ഒഴിവാക്കുന്നതാണ് നല്ലത്. ഗോതമ്പ്, അരി, കൂവരക്, ചോളം എന്നീ ധാന്യങ്ങളും ചെറുപയർ പോലെയുള്ള പരിപ്പ് വർഗ്ഗങ്ങളും ഉപയോഗിക്കാം.
കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. സർക്കാർ ആയുർവേദ ഡിസ്പെൻസറികളിൽ ലഭ്യമായ ഷഡംഗം കഷായ ചൂർണം, ഗുളൂച്യാദി കഷായ ചൂർണ്ണം, ദ്രാക്ഷാദികഷായ ചൂർണം എന്നിവ വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് കൂടാതെ വിവിധതരം പഴച്ചാറുകൾ നേർപ്പിച്ചും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണമായി തണ്ണിമത്തൻ, മാങ്ങാ, മുന്തിരിങ്ങ മുതലായവ. അതുപോലെ തന്നെ പച്ചക്കറികൾ ജ്യൂസ് ആക്കിയത്, മോരിൻ വെള്ളം, നാരങ്ങാ വെള്ളം എന്നിവയും കുടിക്കാവുന്നതാണ്. ക്ഷീണം കൂടുതലായുണ്ടെങ്കിൽ ഔഷധ ദ്രവ്യങ്ങൾ ചേർത്തുണ്ടാക്കിയ ആട്ടിൻസൂപ്പ് കഴിക്കാവുന്നതാണ്.
മലർപ്പൊടിയിൽ പഞ്ചസാര ചേർത്ത് അൽപാൽപമായി കഴിക്കുന്നത് ക്ഷീണമകറ്റുന്നതിനു സഹായിക്കും. വേനൽക്കാലത്ത് ഉപയോഗിക്കുന്നതിനായി ചില പ്രത്യേക പാനീയങ്ങൾ ആയുർവേദത്തിൽ പറയുന്നതിൽ ഒന്നാണ് പാനകം. തേൻ, പഞ്ചസാര, ഈന്തപ്പഴം, മുന്തിരിങ്ങ എന്നിവ ഒരുമിച്ചു ചേർത്ത് ഏത്തപ്പഴമോ ചക്കപ്പഴമോ കൂട്ടിച്ചേർത്തു മൺപാത്രത്തിലാക്കി വച്ചിരുന്ന് അതിൽനിന്നും ആവശ്യത്തിനെടുത്ത് നേർപ്പിച്ച് കഴിക്കാവുന്നതാണ്. അതുപോലെ തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ രാമച്ചമിട്ട് വച്ചിരുന്ന ജലം, നറുനീണ്ടി ഇട്ടു തിളപ്പിച്ച ജലം എന്നിവയും കുടിക്കാനായി ഉപയോഗിക്കാം.
സാധാരണയായി കുടിക്കുന്നതിലും കൂടുതൽ വെള്ളം വേനൽകാലത്ത് കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യവാനായ ഒരു വ്യക്തി 12 മുതൽ 15 ഗ്ലാസ് വരെ വെള്ളം കുടിക്കുകയാണ് വേണ്ടത്.
ജീവിതശൈലി രോഗങ്ങളുടെ ബാഹുല്യം നിമിത്തം മിക്കവരും കൃത്യമായി വ്യായാമം ചെയ്യുന്നവരാണ്. എന്നാൽ ഈ സമയത്ത് വളരെ ലഘുവായ വ്യായാമം കുറച്ചു സമയത്തേക്ക് മാത്രം ചെയ്യുന്നതാണ് നല്ലത്. ആയുർവേദം പറയുന്നത് ഓരോ വ്യക്തിയും സ്വന്തം ശക്തിയുടെ പകുതി മാത്രം ഉപയോഗിച്ച് വ്യായാമം ചെയ്യണമെന്നാണ്. അതിനാൽ പൊതുവേ ബലം കുറഞ്ഞിരിക്കുന്ന വേനൽക്കാലത്ത് വളരെക്കുറച്ചു വ്യായാമം ചെയ്താൽ മതിയാകും. അതിരാവിലെയുള്ള നടത്തമാണ് ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വ്യായാമം. വീട്ടിനുള്ളിലിരുന്നു ചെയ്യാവുന്ന തരത്തിലുള്ള യോഗാഭ്യാസം ചെയ്യാവുന്നതാണ്. വ്യായാമം ചെയ്യുന്നതിനു മുൻപും ശേഷവും അനുയോജ്യമായ പാനീയം ആവശ്യമായ അളവിൽ കഴിക്കാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.
ഉച്ചയുറക്കം ആയുർവേദത്തിൽ പൊതുവിൽ നിഷിദ്ധമാണെങ്കിലും ഈ സമയത്ത് ആവശ്യമെങ്കിൽ ഉച്ചയ്ക്ക് മയങ്ങാവുന്നതാണ്. വേനൽക്കാലത്ത് മദ്യവും അതുപോലെയുള്ള പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യ രശ്മികൾ ശരീരത്തിൽ പതിക്കാത്ത തരത്തിൽ കൈകാലുകൾ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങളാണ് അനുയോജ്യം.
ശരീരതാപം വർദ്ധിക്കുന്നതിനാൽ ദേഹത്ത് എണ്ണ തേയ്ക്കുന്നത് നല്ലതാണ്. പിണ്ഡതൈലം, നാല്പാമരാദി തൈലം പോലെയുള്ള എണ്ണകൾ ഉപയോഗിച്ച് അഭ്യംഗം ചെയ്ത ശേഷം കുളിക്കുന്നത് ത്വക്കിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
വേനൽക്കാലത്ത് വളരെയധികം അപകടകരമായി മാറാവുന്ന രണ്ട് അവസ്ഥകളാണ് സൂര്യാഘാതവും സൂര്യതാപം കൊണ്ടുള്ള പൊള്ളലും. നമ്മുടെ ജോലി സമയം ക്രമീകരിച്ചു ശക്തമായ സൂര്യരശ്മികൾ നേരിട്ട് ഏൽക്കാത്ത തരത്തിൽ മാറ്റങ്ങൾ വരുത്തിയും ആഹാരം, പാനീയം എന്നിവ യഥാരീതിയിൽ ഉപയോഗിച്ചും അഭ്യംഗത്തിലൂടെ ത്വക്കിന്റെ പ്രതിരോധശക്തി വർദ്ധിപ്പിച്ചും വേനൽക്കാല പ്രശ്നങ്ങളെ പ്രതിരോധിക്കാവുന്നതാണ് .
ഒരാൾക്ക് സൂര്യാഘാതമേറ്റാൽ ശരീരതാപം വർദ്ധിച്ചിരിക്കുകയും അബോധാവസ്ഥയിൽ ആയിരിക്കാനും സാദ്ധ്യതയുണ്ട്. നാഡിമിടിപ്പ് ദ്രുതഗതിയിലായിരിക്കും. അപസ്മാരം, ചർദ്ദി, എന്നിവയും ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. അത്തരം അവസ്ഥയിൽ പ്രാഥമിക ശുശ്രൂഷയായി ശരീരതാപം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും പെട്ടെന്നുതന്നെ അടിയന്തര ശുശ്രൂഷ ലഭ്യമാകുന്ന ആശുപത്രിയിലേക്ക് മാറ്റേണ്ടതുമാണ് .
പ്രാഥമിക ശുശ്രൂഷയായി ആദ്യം തന്നെ തണലത്ത് മാറ്റി കിടത്തിയ ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് ദേഹം തുടയ്ക്കുക, കക്ഷത്തിലും തുടയിടുക്കിലും കഴുത്തിലും നനഞ്ഞ തുണി കനത്തിൽ ചുറ്റി വയ്ക്കുകയും ചെയ്യുക. ചർദ്ദി ഉണ്ടാവുകയാണെങ്കിൽ ഒരു വശം ചരിച്ച് കിടത്തണം. അപസ്മാരം ഉണ്ടായാൽ മറ്റ് അപകടങ്ങൾ വരാതെ ശ്രദ്ധിക്കുക .
വേനൽക്കാലത്തിനനുയോജ്യമായ, ശരിയായ രീതിയിൽ ആഹാര വിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായിത്തന്നെ വേനൽക്കാലം കടന്നു പോകും.
(ലേഖകൻ: ഡോ. ഷർമദ് ഖാൻ, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം). സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഫോൺ: 94479 63481) എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്
മത്സ്യവും മാംസവും വളരെക്കുറച്ചു മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മാംസങ്ങളിൽ ആട്ടിൻമാംസം മാത്രമാണ് ഈ സമയത്ത് കഴിക്കുന്നതിന് അനുയോജ്യമായത്.
0 Comments