/uploads/news/news_പ്രതിരോധ-ദുരന്ത_നിവാരണ_മേഖലകളില്‍_ടെറിട്..._1788098028_8935.jpg
NEWS

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ജെന്‍ റോബോട്ടിക്സ് ധാരണാപത്രം ഒപ്പുവെച്ചു


തിരുവനന്തപുരം: പ്രതിരോധം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി പ്രമുഖ ഡീപ്ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സ് ടെറിട്ടോറിയല്‍ ആര്‍മിയുമായി ധാരണാപത്രം ഒപ്പിട്ടു.

കൊല്‍ക്കത്തയില്‍ നടന്ന 'കൈറ്റ ആന്‍റ് ടി.എ 2.0' സിമ്പോസിയത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) മേജര്‍ ജനറല്‍ എസ്.എസ്.പാട്ടീലും (എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ്.എം.കെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

റോബോട്ടിക്സ് ഗവേഷണം, സാങ്കേതിക വിദ്യയുടെ വിലയിരുത്തല്‍, പരിശീലനം, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലാണ് ഇരുവിഭാഗവും പ്രധാനമായും സഹകരിക്കുക. അപകടകരമായ സാഹചര്യങ്ങളിലെ റോബോട്ടിക് ഉപയോഗം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ഇടുങ്ങിയതും സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളിലെ പരിശോധനകള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ വിലയിരുത്തല്‍, നിര്‍മ്മിതബുദ്ധി അധിഷ്ഠിത റിമോട്ട് സെന്‍സിംഗ്, തദ്ദേശീയ ഗവേഷണം തുടങ്ങിയവയില്‍ സഹകരിക്കാന്‍ ധാരണാപത്രം വഴിയൊരുക്കും.

സിമ്പോസിയത്തോടനുബന്ധിച്ചു നടന്ന പാനല്‍ ചര്‍ച്ചയില്‍ വിമല്‍ ഗോവിന്ദ്.എം.കെ പങ്കെടുത്തു. രാജ്യത്തെ സാങ്കേതിക വിദഗ്ദ്ധരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും കഴിവുകള്‍ സൈനിക ആവശ്യങ്ങള്‍ക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.

ലോകത്തിലെ ആദ്യത്തെ മാന്‍ഹോള്‍ ശുചീകരണ റോബോട്ടായ 'ബാന്‍ഡികൂട്ട്' വികസിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്. നിലവില്‍ ശുചിത്വം, ആരോഗ്യ സംരംക്ഷണം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഡിഫന്‍സ് ആന്‍റ് സ്പേസ് എന്നിവ ഉള്‍പ്പെടെ അഞ്ച് മേഖലകളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.  

വ്യാഴാഴ്ച (ആഗസ്റ്റ് 27) നടന്ന സിമ്പോസിയത്തില്‍ ജെന്‍ റോബോട്ടിക്സ് തങ്ങളുടെ അത്യാധുനിക പ്രതിരോധ റോബോട്ടിക് സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിച്ചു: ജെന്‍ റോബോട്ടിക്സിന്‍റെ ഫ്ലാഗ്ഷിപ്പ് ഹ്യൂമനോയിഡ് റോബോട്ട് പ്രോട്ടോടൈപ്പായ ജി-ബോട്ട്, മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമുള്ള അടിസ്ഥാന സൗകര്യ മേഖലകളിലെ നിര്‍ണായക ദൗത്യങ്ങള്‍ക്കുള്ള റോബോട്ടായ ജെന്‍ബോട്ട്, ദുര്‍ഘട മേഖലകളിലെ പരിശോധനയ്ക്കുള്ള  റോബോട്ടിക് റോവര്‍, അരയ്ക്കു മുകളിലേക്ക് തളര്‍ന്നു പോയവരുടെ തെറാപ്പിയ്ക്കുള്ള ജി-കൈ എന്ന  മെഡിക്കല്‍ ഉപകരണം എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്.

പ്രതിരോധ-ബഹിരാകാശ മേഖലകളിലെ ഉത്പാദനവും ഗവേഷണവും ലക്ഷ്യമിട്ട് തിരുവനന്തപുരത്തെ തുമ്പയില്‍ ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ ഉത്പാദന കേന്ദ്രം അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനുപുറമേ ഐഎസ്ആര്‍ഒ, ഇന്ത്യന്‍ സൈന്യം എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച വിദഗ്ധരെയും മുതിര്‍ന്ന എഞ്ചിനീയര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രതിരോധ സാങ്കേതികവിദ്യാ രംഗത്ത് വലിയ ചുവടുവെപ്പുകള്‍ക്കാണ് ജെന്‍ റോബോട്ടിക്സ് ഒരുങ്ങുന്നത്.

മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമുള്ള അടിസ്ഥാന സൗകര്യ മേഖലകളിലെ നിര്‍ണായക ദൗത്യങ്ങള്‍ക്കുള്ള റോബോട്ടായ ജെന്‍ബോട്ട്, ദുര്‍ഘട മേഖലകളിലെ പരിശോധനയ്ക്കുള്ള റോബോട്ടിക് റോവര്‍, അരയ്ക്കു മുകളിലേക്ക് തളര്‍ന്നു പോയവരുടെ തെറാപ്പിയ്ക്കുള്ള ജി-കൈ എന്ന മെഡിക്കല്‍ ഉപകരണം എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്

0 Comments

Leave a comment