ആലപ്പുഴ: കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പത്തനംതിട്ടയെ തകർത്ത് തെക്കൻ മേഖലയിലെ ഒന്നാം സ്ഥാനക്കാരായി തിരുവനന്തപുരം. പത്തനംതിട്ടയെ അഞ്ച് വിക്കറ്റിനാണ് തിരുവനന്തപുരം തോൽപ്പിച്ചത്. ആലപ്പുഴയും കോട്ടയവും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം പൂർത്തിയാക്കാനായില്ല. നാല് മത്സരങ്ങളും ജയിച്ച് 16 പോയിന്റുകളുമായി തിരുവനന്തപുരം ഒന്നാമതെത്തിയപ്പോൾ, പത്ത് പോയിന്റോടെ ആലപ്പുഴ രണ്ടാം സ്ഥാനത്തെത്തി.
ആദ്യം ബാറ്റ് ചെയ്ത പത്തനംതിട്ട 25.1 ഓവറിൽ 70 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ദേവനന്ദയുടെ പ്രകടനമാണ് പത്തനംതിട്ടയുടെ ബാറ്റിങ് നിരയെ തകർത്തത്. പവിത്ര രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തിരുവനന്തപുരം 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 27 റൺസുമായി പുറത്താകാതെ നിന്ന ഇഷിതാ ഷാനിയാണ് തിരുവനന്തപുരത്തിന്റെ ടോപ് സ്കോറർ.
ആലപ്പുഴയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കോട്ടയം 30 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 60 റൺസെടുത്ത ജുവലും 47 റൺസെടുത്ത ജോഹിനയുമാണ് കോട്ടയത്തിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ആലപ്പുഴയ്ക്ക് വേണ്ടി പാർവ്വതി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പുഴ 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്ത് നിൽക്കെ മഴയെ തുടർന്ന് കളി അവസാനിപ്പിക്കുകയായിരുന്നു. നിള (40), ലക്ഷ്മി (34), പാർവ്വതി (21) എന്നിവരാണ് ആലപ്പുഴയുടെ ബാറ്റിങ് നിരയിൽ തിളങ്ങിയത്.
നാല് വിക്കറ്റ് വീഴ്ത്തിയ ദേവനന്ദയുടെ പ്രകടനമാണ് പത്തനംതിട്ടയുടെ ബാറ്റിങ് നിരയെ തകർത്തത്. ആലപ്പുഴയും കോട്ടയവും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം പൂർത്തിയാക്കാനായില്ല





0 Comments