/uploads/news/news_ആര്‍ട്ടിഫിഷ്യല്‍_ഇന്‍റലിജന്‍സ്_എല്ലാത്തി..._1768398305_7005.jpg
Technopark

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് പ്രൊഫ. സി.മോഹന്‍


കഴക്കൂട്ടം; തിരുവനന്തപുരം: ഡാറ്റാബേസ് മാനേജ്മെന്‍റ് സിസ്റ്റത്തില്‍ (ഡിബിഎംഎസ്) ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വലിയ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും അത് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് സിലിക്കണ്‍ വാലിയിലെ മുന്‍ ഐബിഎം ഫെലോയും മുന്‍ ഐബിഎം ഇന്ത്യ ചീഫ് സയന്‍റിസ്റ്റുമായ പ്രൊഫ. സി.മോഹന്‍ പറഞ്ഞു. ടെക്നോപാര്‍ക്കില്‍ 'ഡാറ്റ മാനേജ്മെന്‍റ് ഇംപ്ലിക്കേഷന്‍സ് ഓഫ് ഇന്‍റലിജന്‍റ് കമ്പ്യൂട്ടിംഗ്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടെക്നോപാര്‍ക്കുമായി സഹകരിച്ച് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള (ഡിയുകെ) ആണ് പ്രഭാഷണം സംഘടിപ്പിച്ചത്.

എ.ഐക്ക് പരിമിതികളുണ്ടെന്നും മാധ്യമങ്ങളുടെയോ അക്കാദമിക് വിദഗ്ധരുടെയോ വെബ് 2.0 കമ്പനികളുടെയോ കണ്‍സള്‍ട്ടന്‍റുമാരുടെയോ ആവേശത്തില്‍ ടെക് ജീവനക്കാര്‍ വീണുപോകരുതെന്ന് ചൈനയിലെ ഹോങ്കോങ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര പ്രൊഫസര്‍ കൂടിയായ മോഹന്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ തൊഴില്‍ നൈപുണ്യത്തിനും എഐക്കും തുല്യപ്രാധാന്യമുണ്ട്. ടെക് ജീവനക്കാര്‍ ഇവ രണ്ടും വളര്‍ത്തിയെടുക്കുന്നത് കരിയറില്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എഐ വിപ്ലവം ഉണ്ടായിട്ടും ഹാര്‍ഡ് കോര്‍ ഡാറ്റാബേസ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം സജീവവും വളര്‍ച്ച പ്രാപിക്കുന്നതുമാണെന്നും പ്രൊഫ. മോഹന്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യങ്ങളില്‍ ഗവേഷണ സംവിധാനങ്ങളില്‍ മാത്രമല്ല വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് പ്രാധാന്യം കൈവന്നിട്ടുണ്ട്. അക്കാദമിക് വിദഗ്ധര്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഡാറ്റാ സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് പൊതുവായ ഡാറ്റാ ഗവേഷണ-വ്യവസായ പ്രവണതകള്‍ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.

ഡാറ്റ എല്ലാവര്‍ക്കും ലഭ്യമാക്കുക, ഡാറ്റാധിഷ്ഠിത തീരുമാനങ്ങള്‍ പ്രാപ്തമാക്കുക എന്നിവയാണ് സംരംഭങ്ങളുടെ ലക്ഷ്യം. ചൈനയിലെ പ്രധാന ടെക് കമ്പനികള്‍ ഇക്കാര്യത്തില്‍ സജീവമാണ്. അക്കാദമിക് വിദഗ്ധര്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ ആശയവിനിമയം സൃഷ്ടിക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ടെക്നോപാര്‍ക്കിന്‍റെയും കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയ്ക്കാണ് ചൊവ്വാഴ്ച തുടക്കമായത്. പ്രൊഫ. സി. മോഹന്‍റെ സെഷനായിരുന്നു ആദ്യത്തെ പരിപാടി.

ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് വസന്ത് വരദ, ഡിയുകെ രജിസ്ട്രാര്‍ ഡോ: എ.മുജീബ്, ഡി.യു.കെ അക്കാദമിക്സ് ഡീന്‍ ഡോ: ജയശങ്കര്‍, ഡി.യു.കെ ഡീന്‍ അഷ്റഫ്, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, ടെക്നോപാര്‍ക്ക് ജീവനക്കാര്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തു.

എഐ വിപ്ലവം ഉണ്ടായിട്ടും ഹാര്‍ഡ് കോര്‍ ഡാറ്റാബേസ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം സജീവവും വളര്‍ച്ച പ്രാപിക്കുന്നതുമാണെന്നും പ്രൊഫ. മോഹന്‍ ചൂണ്ടിക്കാട്ടി

0 Comments

Leave a comment