ആലപ്പുഴ: ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിനിടയാക്കിയത് നാലു കാരണങ്ങളാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായിയെന്നും ഏഴു പേര്‍ യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടവേര ഓടിച്ചയാളുടെ പരിചയക്കുറവ് മൂലം വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ലെന്നും 14 വര്‍ഷം പഴക്കമുള്ള വാഹനത്തിന് സുരക്ഷാ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനാപകടവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമയെ ചോദ്യം ചെയ്യും. വാഹനം വാടകയ്ക്ക് നല്‍കിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. എന്നാല്‍ വാഹനം വാടകക്ക് നല്‍കാനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ല. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം. സിസി ടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പൊലീസ് വിശദീകരിച്ചു.
ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപപകടത്തിന് ഇടയാക്കിയത് നാലു കാരണങ്ങളാണെന്ന് മോട്ടോർ വാഹന വകുപ്പ്.





0 Comments